ADVERTISEMENT

കളമശേരി ∙ നഗരവികസനത്തിനും ( 31 കോടി രൂപ) മാലിന്യ സംസ്കരണത്തിനും (21 കോടി) ജലസ്രോതസ്സുകളുടെ പുനരുദ്ധാരണത്തിനും (16 കോടി രൂപ) ഊന്നൽ നൽകുന്നതാണ് നഗരസഭ ഉപാധ്യക്ഷ സൽമ അബൂബക്കർ അവതരിപ്പിച്ച 2024–2025 സാമ്പത്തിക വർഷത്തെ ബജറ്റ്. മുന്നിരിപ്പ് തുകയായ 24,42,45,920 രൂപയും തന്നാണ്ട് വരവ് 125,23,98,800 രൂപയുമുൾപ്പെടെ 149,66,44,720 രൂപ വരവും 139, 38,69,640 രൂപ ചെലവും 10,27,75,080 രൂപ നീക്കിയിരിപ്പുമുള്ള ബജറ്റാണ് അവതരിപ്പിച്ചത്. ബജറ്റിന്മേലുള്ള ചർച്ച ഇന്നു നടക്കും. പുതിയ ജലസംഭരണി, വിവിധ വാർഡുകളിൽ ശുദ്ധജല വിതരണ പൈപ്പുകൾ സ്ഥാപിക്കൽ, വാട്ടർ ലൈനിന്റെ വ്യാസം വർധിപ്പിക്കൽ, ചിൽഡ്രൻസ് സയൻസ് പാർക്കിനോടു ചേർന്നുള്ള തടാകത്തിന്റെ സംരക്ഷണം, കുളങ്ങളുടെ സംരക്ഷണം എന്നിവ നടപ്പിലാക്കും.

നഗര വികസനത്തിന്റെ ഭാഗമായി സ്കൂളുകളുടെ അറ്റകുറ്റപ്പണി, തോടുകളുടെയും റോഡുകളുടെയും പുനരുദ്ധാരണം, വനിതാ വികസന കേന്ദ്രം, പകൽവീട് നിർമാണം, മുനിസിപ്പൽ പാർക്കുകളുടെ നവീകരണം എന്നിവ നടത്തും. ഊർജസംരക്ഷണത്തിന്റെ ഭാഗമായി 42 വാർഡുകളിലും എൽഇഡി വഴിവിളക്കുകൾ സ്ഥാപിക്കുന്നതിനു 6 കോടി രൂപ ചെലവഴിക്കും. നഗരസഭാ സ്ഥാപനങ്ങളിലും നഗരസഭയ്ക്കു വിട്ടുകിട്ടിയ സ്ഥാപനങ്ങളിലും സോളർ പാനലുകൾ സ്ഥാപിക്കുന്നതിനു 6.25 കോടി വകയിരുത്തി. ഗതാഗതത്തിനു തടസ്സമായി നിൽക്കുന്ന പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കുന്നതിനു 65 ലക്ഷം രൂപ ഉൾപ്പെടുത്തി.

ഭൂരഹിതർക്കുള്ള ഭവന സമുച്ചയ നിർമാണത്തിനു 7.7 കോടി രൂപ നീക്കിവച്ചു. സാമൂഹിക സുരക്ഷാ പെൻഷൻ നൽകുന്നതിനു 10 കോടി രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ചിൽഡ്രൻസ്  സയൻസ് പാർക്കിനും മറ്റു പാർക്കുകളുടെയും വികസനത്തിന് 2.45 കോടി രൂപ, അങ്കണവാടികളുടെ അറ്റകുറ്റപ്പണിക്കും മറ്റുമായി 2 കോടി രൂപ, പകൽവീട് നിർമിക്കാൻ 25 ലക്ഷം രൂപ, ഷീ ലോഡ്ജ് നിർമാണത്തിനു 1.14 കോടി രൂപ, പട്ടിക ജാതി ക്ഷേമത്തിനു 2.7 കോടി രൂപ, ഹെൽത്ത് ആൻഡ് വെൽനസ് സെന്ററുകൾ ആരംഭിക്കുന്നതിനു 1.27 കോടി രൂപയും പിഎച്ച്സിയിൽ ലാബ് സ്ഥാപിക്കുന്നതിന് 20 ലക്ഷം രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചു. 

27–ാം വാർഡിൽ ബഡ്സ് സ്കൂൾ തുടങ്ങുന്നതിനു 5 ലക്ഷം രൂപ, വയോമിത്രം പദ്ധതിക്കു 15 ലക്ഷം, പൂരക പോഷകാഹാര പദ്ധതിക്ക് 60 ലക്ഷം രൂപയും രൂപയും നീക്കിവച്ചു.പള്ളിലാംകര ഗവ.എൽപി സ്കൂളിനു കെട്ടിടം നിർമിക്കുന്നതുൾപ്പെടെ വിദ്യാഭ്യാസ േമഖലയുടെ വികസനത്തിനു 76.5 ലക്ഷം രൂപ വകയിരുത്തി. മൃഗസംരക്ഷണത്തിനു 15 ലക്ഷം രൂപയും പട്ടിക വർഗ ക്ഷേമത്തിനു 4.07 ലക്ഷം രൂപയും ബജറ്റിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.റീബിൽഡ് കേരളക്ക് നഗരസഭ കൈമാറുന്ന 35 സെന്റ് സ്ഥലത്തു സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കുന്നതിനു വാട്ടർ അതോറിറ്റി 112 കോടി രൂപയുടെ ഡിപിആർ തയാറാക്കി വരുന്നതായും ബജറ്റ് ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com