ADVERTISEMENT

അരൂർ∙മണ്ഡലത്തിൽ 20 കോടിയുടെ വികസന പ്രവർത്തനങ്ങൾക്ക് സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചു . മത്സ്യ സംസ്കരണ കയറ്റുമതി ശാലകൾ കേന്ദ്രീകരിച്ചിരിക്കുന്ന അരൂർ മണ്ഡലത്തിൽ പൊതുശുദ്ധീകരണ പ്ലാന്റിന് 10കോടി രൂപയാണ് വകയിരുത്തിയത്. പൊതുശുദ്ധീകരണ പ്ലാന്റിനുവേണ്ടി 25 വർഷം മുൻപ് ചന്തിരൂർ പുത്തൻതോടിനു സമീപം 80 സെന്റ് സ്ഥലം അക്വയർ ചെയ്തിരുന്നു.ജില്ലാ പഞ്ചായത്ത് ഫണ്ടും മത്സ്യസംസ്കരണ വ്യവസായികളിൽ നിന്നുള്ള ഫണ്ടും സ്വരൂപിച്ചാണ് സ്ഥലം വാങ്ങിയത്.മത്സ്യ സംസ്കരണ കയറ്റുമതി വ്യവസായം നിലവിൽ തകർച്ചയിലാണെങ്കിലും കടുത്ത മാലിന്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്.

ഇതു പരിഹരിക്കാൻ വർഷങ്ങളായുള്ള ആവശ്യമാണ് ഇപ്പോൾ ബജറ്റിലൂടെ കൈവന്നിരിക്കുന്നതെന്നു ദലീമ ജോജോ എംഎൽഎ പറഞ്ഞു.അഞ്ഞൂറിലേറെ പീലിങ് ഷെഡുകളും നൂറിലേറെ കയറ്റുമതി ശാലകളും അരൂരിൽ പ്രവർത്തിക്കുന്നുണ്ട്. പൊതുശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ അരൂർ വ്യവസായ കേന്ദ്രത്തിൽ 3 ഏക്കർ സ്ഥലം അക്വയർ ചെയ്തിട്ടുണ്ട്.സ്ഥലം കൂടുതലുള്ള വ്യവസായ കേന്ദ്രത്തിൽ തന്നെ പൊതുശുദ്ധീകരണ പ്ലാന്റ് നിർമിക്കാൻ കഴിയുമെന്ന് എംഎൽഎ പറ‍ഞ്ഞു.അരൂർ ഗവ.ആശുപത്രിയുടെ വികസനത്തിന് 3 കോടിരൂപ അനുവദിച്ചിട്ടുണ്ട്.അരൂർ പഞ്ചായത്തിലെ ഏക സർക്കാർ ആതുരാലയമാണിത്.

ആശുപത്രിയുടെ വികസനത്തിന് പതിറ്റാണ്ടുകളായി നാട്ടുകാർ മുറവിളിയിലാണ്.ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന ഈ ആശുപത്രിയിൽ സ്ഥലസൗകര്യം ഏറെയുള്ളതിനാൽ കെട്ടിടം നിർമിച്ച് കിടത്തി ചികിത്സാ സൗകര്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഏർപ്പെടുത്താൻ കഴിയുമെന്ന് എംഎൽഎ പറഞ്ഞു. തുറവൂർ വളമംഗലം - കുത്തിയതോട് റോഡിന് രണ്ടുകോടി രൂപ അനുവദിച്ചത് വർഷങ്ങളായുള്ള നാട്ടുകാരുടെ ആവശ്യത്തിന്റെ ഫലമാണ്. അരൂക്കുറ്റി ഗവ: ആശുപത്രി വികസനത്തിന് ഒരു കോടി, പള്ളിപ്പുറം ഇൻഫോപാർക്കിൽ ഹോസ്റ്റൽ നിർമിക്കുന്നതിന് രണ്ട് കോടി, തൈക്കാട്ടുശേരി പഞ്ചായത്തിലെ ഉളവെയ്പ്- കോപ്പായി പാലം നിർമിക്കാൻ രണ്ടു കോടി എന്നിങ്ങനെയും തുക അനുവദിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com