ADVERTISEMENT

ആലുവ∙ നഗരസഭയിൽ 112.19 കോടി രൂപ വരവും 104.33 കോടി രൂപ ചെലവും 7.86 കോടി രൂപ മിച്ചവുമുള്ള ബജറ്റ് ഉപാധ്യക്ഷ സൈജി ജോളി മൂത്തേടൻ അവതരിപ്പിച്ചു. നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു.രാജ്യാന്തര നിലവാരത്തിലുള്ള മാർക്കറ്റ് സമുച്ചയത്തിന് 50 കോടിയും കേന്ദ്രീകൃത ശീതീകരണ സംവിധാനത്തോടെ മുനിസിപ്പൽ ടൗൺ ഹാൾ നവീകരിക്കുന്നതിന് 5 കോടി കോടിയും മാറ്റിവച്ചു. ആർട്ടിഫിഷ്യൽ ടർഫിങ് നടത്തി മുനിസിപ്പൽ സ്റ്റേഡിയം ദേശീയ നിലവാരത്തിലേക്ക് ഉയർത്തുന്നതിന് 1.53 കോടിയും അശോകപുരത്തെ മുനിസിപ്പൽ ശ്മശാനം ഗ്യാസ് ക്രിമറ്റോറിയമായി മാറ്റുന്നതിന് 1.35 കോടിയും ചെലവഴിക്കും. 

അരുണ സ്‌ക്വയർ നവീകരിച്ചു സ്വാതന്ത്ര്യ സമര സ്മാരകം നിർമിക്കാൻ 50 ലക്ഷവും തൈനോത്ത് റോഡ് ജംക്‌ഷനിൽ ബൈപാസ് സർവീസ് റോഡിനു കുറുകെ അണ്ടർ പാസേജ് നിർമിക്കാൻ 20 ലക്ഷവും തോട്ടയ്ക്കാട്ടുകരയിലെ മിനി മാർക്കറ്റ് പുനർനിർമാണത്തിന് 5.5 കോടിയും മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ 40 കടമുറികൾ നിർമിക്കുന്നതിന് 85 ലക്ഷവും റെയിൽവേ സ്റ്റേഷൻ റോഡിൽ യൂണിയൻ ബാങ്കിന് എതിർവശം ഓപ്പൺ എയർ സ്റ്റേജ് പണിയാൻ 13 ലക്ഷവും യുസി കോളജ്–സെമിനാരിപ്പടി റോഡിന്റെ പുനരുദ്ധാരണത്തിനു 36 ലക്ഷവും വകയിരുത്തി. 

നഗരസഭാ ബജറ്റ് വെറും ഫോട്ടോസ്റ്റാറ്റ്: ബിജെപി
ആലുവ∙ നഗരസഭാ ബജറ്റ് മുൻ വർഷ ബജറ്റുകളുടെ ഫോട്ടോസ്റ്റാറ്റ് കോപ്പിയെന്നു ബിജെപി. ഇപ്പോഴത്തെ കൗൺസിലിന്റെ നാലാമത്തെ ബജറ്റിലും ജനറൽ മാർക്കറ്റ്, മിനി മാർക്കറ്റ്, സ്റ്റേഡിയം, ക്വാർട്ടേഴ്സ്, ടൗൺ ഹാളുകൾ തുടങ്ങിയവ ആവർത്തിച്ചിരിക്കുന്നു. ജനങ്ങളെ കബളിപ്പിക്കാൻ തുകകളിൽ ചെറിയ മാറ്റം വരുത്തിയതു മാത്രമാണ് വ്യത്യാസം. നാലഞ്ചു ബജറ്റുകളുടെ കവർ ചിത്രമായി അച്ചടിച്ച മാർക്കറ്റ് നിർമാണത്തിന്റെ രൂപരേഖ ഇപ്പോഴും കടലാസിൽ തന്നെയാണ്. ശിലാസ്ഥാപനം നടത്തി 9 വർഷം കഴിഞ്ഞിട്ടും പണി തുടങ്ങിയില്ല. നഗരസഭയുടെ വരുമാനം കൂട്ടുന്നതിനും വിഭവ സമാഹരണത്തിനും പദ്ധതികൾ ആവിഷ്കരിച്ചിട്ടില്ലെന്നും ബിജെപി പാർലമെന്ററി പാർട്ടി നേതാവ് എൻ. ശ്രീകാന്ത് പറഞ്ഞു.

നഗരസഭാ ബജറ്റ് ആവർത്തന വിരസം: എൽഡിഎഫ്
ആലുവ∙ നഗരസഭാ ബജറ്റ് ആവർത്തന വിരസവും നിരാശാജനകവുമെന്ന് എൽഡിഎഫ്. പുതിയ പദ്ധതികൾ ഒന്നുമില്ല. തനതു വരുമാനം വർധിപ്പിക്കാൻ നടപടികളില്ല. മുൻകാല ബജറ്റുകളിൽ വാഗ്ദാനം ചെയ്ത വികസന പദ്ധതികൾ അതേപടി വീണ്ടും അവതരിപ്പിച്ചിരിക്കുന്നു. 9 വർഷം മുൻപു പൊളിച്ച മാർക്കറ്റ് കെട്ടിടത്തെ കുറിച്ചുള്ള പ്രഖ്യാപനം ഇക്കൊല്ലത്തെ ബജറ്റിലും ഉണ്ട്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുമെന്ന കഴിഞ്ഞ ബജറ്റിലെ വാഗ്ദാനം നടപ്പാക്കാതെ ഇത്തവണ നീക്കി. മൾട്ടിലെവൽ പാർക്കിങ്, ഗാന്ധി സ്ക്വയർ നവീകരണം, റെയിൽവേ സ്റ്റേഷൻ സ്ക്വയർ നവീകരണം, ഫുഡ് സ്ട്രീറ്റ്, പ്രിയദർശിനി ടൗൺ ഹാൾ നവീകരണം തുടങ്ങിയവയും അവർത്തിക്കുന്ന പദ്ധതികളാണ്. തോട്ടയ്ക്കാട്ടുകര മിനി മാർക്കറ്റ് നിർമാണത്തിനുള്ള 5.5 കോടി രൂപ കിഫ്ബിയുടേതാണ്. നഗരസഭാ ഫണ്ട് അല്ല.  കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നേരിട്ടു നടത്തുന്ന പദ്ധതികൾ പോലും നഗരസഭയുടേതായാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നതെന്നു സിപിഎം പാർലമെന്ററി പാർട്ടി നേതാവ് ശ്രീലത വിനോദ്കുമാർ കുറ്റപ്പെടുത്തി. 

മറ്റു പദ്ധതികൾ: 
മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ മൾട്ടിലെവൽ പാർക്കിങ് സംവിധാനം, ടൂറിസം വികസനവും രിചികരമായ ഭക്ഷണവും ലക്ഷ്യമിട്ടു ഫുഡ് സ്ട്രീറ്റ്, ഓൾഡ് ബസ് സ്റ്റാൻഡ് പുനരുദ്ധാരണം, റെയിൽവേ സ്റ്റേഷൻ സ്‌ക്വയർ വികസനവും നവീകരണവും, ഗാന്ധി സ്‌ക്വയർ നവീകരിച്ചു മോടികൂട്ടൽ, പെരിയാർ തീരത്ത് മാർത്താണ്ഡവർമ പാലം മുതൽ മംഗലപ്പുഴ പാലം വരെ വാക്‌വേ, മുനിസിപ്പൽ വർക്കേഴ്‌സ് കോളനിയിൽ റസിഡൻഷ്യൽ കം കൊമേഴ്‌സ്യൽ പ്രോജക്ട്, പ്രിയദർശിനി മുനിസിപ്പൽ ടൗൺ ഹാൾ അറ്റകുറ്റപ്പണി, ഹെൽത്ത് ആൻഡ് വെൽനസ് സെന്റർ നിർമാണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com