ADVERTISEMENT

‌കാലടി∙ എംസി റോഡിൽ മറ്റൂർ ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് അതിരൂക്ഷമായി. വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ ഉൾപ്പെടെ ഗതാഗതക്കുരുക്കിൽ പെട്ടു വലയുന്നു. കാലടി പട്ടണത്തിൽ പതിവായി ഉണ്ടാകാറുള്ളതിനേക്കാളും വല‌ിയ ഗതാഗതക്കുരുക്കാണ് മറ്റൂർ ജംക്‌ഷനിൽ പലപ്പോഴും ഉണ്ടാകുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നുള്ള റോഡും മലയാറ്റൂർ, മഞ്ഞപ്ര ഭാഗങ്ങളിൽ നിന്നുള്ള കൈപ്പട്ടൂർ-ചെമ്പിശേരി റോഡും കോളജ് റോഡും വന്നു ചേരുന്നത് മറ്റൂർ ജംക്‌ഷനിലാണ്. എന്നാൽ ഗതാഗത നിയന്ത്രണ സംവിധാനങ്ങൾ ഒന്നും ‍ ഇവിടെയില്ല. അതിനാൽ എല്ലാ റോഡുകളിൽ നിന്നുമുള്ള വാഹനങ്ങൾ‍ തോന്നിയ പോലെ ഇവിടെ വന്നു കയറുന്നു. ഇവ മുന്നോട്ടോ പിന്നോട്ടോ മാറ്റാൻ പറ്റാത്ത അവസ്ഥയിൽ ജംക്‌ഷനിൽ കുടുങ്ങി കിടന്നാണ് ഗതാഗതക്കുരുക്ക് ഉണ്ടാകുന്നത്. 

അൽപ നേരം ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോഴേക്കും എംസി റോഡിൽ വാഹനങ്ങളുടെ നിര കിലോമീറ്ററുകളോളം നീളും. നെടുമ്പാശേരി വിമാനത്താവള റോഡിലും വാഹനങ്ങൾ‍ നിരന്നു കിടക്കുന്നത് പതിവ് കാഴ്ചയാണ്. ആദിശങ്കര  എൻജിനീയറിങ് കോളജ്, ആദിശങ്കര ട്രെയ്നിങ് കോളജ്, ശ്രീശങ്കര കോളജ്, ശ്രീശാരദ വിദ്യാലയ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കും സമയത്ത് വിദ്യാലയങ്ങളിൽ എത്താൻ കഴിയുന്നില്ല. ജംക്‌ഷനിൽ നേരത്തെ സിഗ്നൽ‍ സംവിധാനം നടപ്പാക്കിയിരുന്നു. എന്നാൽ ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഇതിന്റെ പ്രവർത്തനം നിലച്ചു. ടൈം അലർട്ട് സംവിധാനം പുന:ക്രമികരിച്ചാലേ ഇത് വീണ്ടും പ്രവർത്തിപ്പിക്കാൻ‍ കഴിയുള്ളു. 

എന്നാൽ ഒരു വർഷത്തോളമായി ഇതിനുള്ള നടപടികൾ ഒന്നും ഉണ്ടായില്ല. സിഗ്നൽ സംവിധാനം ഇല്ലാത്തതിനാൽ മറ്റൂർ‍ മർച്ചന്റ്സ് അസോസിയേഷന്റെ ചെലവിൽ 2 വനിത ഹോം ഗാർഡുമാരെ നിയമിച്ചിരുന്നു. ഇവരുടെ ഫലപ്രദമായ പ്രവർത്തനം മൂലം കുറേ നാൾ‍ ഗതാഗതക്കുരുക്കിന് ശമനം ഉണ്ടായിരുന്നു. എന്നാൽ ഇവർ സ്ഥലം മാറി പോയതോടെ വീണ്ടും എല്ലാം പഴയപടിയായി. വീണ്ടും ഹോം ഗാർഡുമാരെ നിയമിച്ചുവെങ്കിലും പ്രവർത്തനം ഫലപ്രദമായില്ല. ഹോം ഗാർഡുമാരെ നിയമിക്കാൻ സർക്കാരിന്റെ കൈയിൽ‍ പണം ഇല്ലെന്നാണ് പറയുന്നത്. മറ്റൂർ‍ ജംക്‌ഷനിൽ വാഹനാപകടങ്ങളും വർധിച്ചു വരുന്നു. കഴിഞ്ഞ ഒന്നര ആഴ്ചയ്ക്കുള്ളിൽ 3 വാഹനാപകടങ്ങളും ഒരു അപകട മരണവും ഉണ്ടായി.

സിഗ്നൽ സംവിധാനം പുനഃസ്ഥാപിക്കുകയാണ് മറ്റൂർ ജംക്‌ഷനിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള ഏറ്റവും ഉചിതമായ മാർഗം. ഇക്കാര്യത്തിലുള്ള മെല്ലപ്പോക്ക് ഒഴിവാക്കണം. സിഗ്നൽ സംവിധാനം പ്രാവർത്തികമാകുന്നതു വരെ സർക്കാർ ഹോം ഗാർഡുമാരെ നിയമിക്കണം. എൻജിനീയറിങ് കോളജ്, ബിഎഡ് കോളജ്, ശ്രീശങ്കര കോളജ്, ശ്രീശാരദ സ്കൂൾ‍ എന്നിവിടങ്ങളിൽ‍ നിന്നുള്ള ബസുകൾ ഒരേ സമയം മറ്റൂർ‍ ജംക്‌ഷനിൽ വന്നു ചേരാതെ കുറെ വാഹനങ്ങൾ മരോട്ടിച്ചോട് വഴി തിരിച്ചു വിടാൻ നേരത്തെ ചർച്ചകളിൽ നിർദേശം ഉയർന്നിരുന്നു. അതും നടപ്പിലാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com