ADVERTISEMENT

കൊച്ചി ∙ ഹയർ സെക്കൻഡറി ചോദ്യ പേപ്പർ-ഉത്തര പേപ്പറിന്റെ രാത്രി സുരക്ഷാ ചുമതലയിൽ നിന്നു ഹൈസ്കൂൾ വിഭാഗത്തിലെ ഓഫിസ് അസിസ്റ്റന്റുമാർ, ക്ലാർക്കുമാർ, സ്വീപ്പർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ ഒഴിവാക്കിയ സർക്കാർ ഉത്തരവു ഹൈക്കോടതി റദ്ദാക്കി.  വിവിധ സ്കൂളുകളിലെ ലാബ് അസിസ്റ്റന്റുമാർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടെ ഉത്തരവ്. ചോദ്യ– ഉത്തര പേപ്പറുകളുടെ സുരക്ഷയ്ക്കായി ലാബ് അസിസ്റ്റന്റുമാരുടെ ജോലിയിൽ പരീക്ഷയുടെ സുരക്ഷ സംബന്ധിച്ച ഓഫിസ് അസിസ്റ്റന്റുമാർ/ ക്ലർക്കുമാർ/ നൈറ്റ് വാച്ച്മാൻ ജോലികളും ചേർത്തു. തുടർന്നു ലാബ് അസിസ്റ്റന്റുമാർ ഹൈക്കോടതിയെ സമീപിച്ചു.  വിഷയം വീണ്ടും പരിഗണിക്കാനുള്ള കോടതിയുടെ നിർദേശപ്രകാരം കഴിഞ്ഞ ഒക്ടോബറിൽ സർക്കാർ ഉത്തരവിറക്കി. 

ഈ ഉത്തരവിലാണു ഹൈസ്കൂളിലെ ഓഫിസ് അസിസ്റ്റന്റുമാർ, ക്ലാർക്കുമാർ തുടങ്ങിയവരെ ഒഴിവാക്കിയത്. ഈ ഉത്തരവ് ചോദ്യം ചെയ്തു ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാരിന് ഇതിന് അധികാരമുണ്ടെന്നു ചുണ്ടിക്കാട്ടി സിംഗിൾ ബെഞ്ച് തള്ളി. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. ജോലിഭാരം കൂടുതലുണ്ടെന്ന കാരണത്താലാണു ക്ലാർക്കുമാർ, ഓഫിസ് അസിസ്റ്റന്റുമാർ തുടങ്ങിയ ജീവനക്കാരെ ഒഴിവാക്കിതെന്നു ഡിവിഷൻ ബെഞ്ച് വിലയിരുത്തി. ലാബ് അസിസ്റ്റന്റുമാർക്കു പരീക്ഷാ സമയങ്ങളിൽ മറ്റു ജോലികൾ ഇല്ലെന്നതിന്റെ അടിസ്ഥാനത്തിലാണു സർക്കാർ ഉത്തരവ്. ഇക്കാര്യത്തിൽ സർക്കാർ പഠനം നടത്തിയിട്ടില്ലെങ്കിൽ ഈ സമീപനം നിയമപരമായി നിലനിൽക്കില്ല. 

ലാബ് അസിസ്റ്റന്റുമാരെ അടിയന്തരഘട്ടത്തിൽ രാത്രികാല ജോലിക്കു നിയോഗിക്കുന്നതിനു കോടതി എതിരല്ല. എന്നാൽ ഓരോ സ്ഥാപനത്തിലെയും ഹൈസ്കൂൾ വിഭാഗത്തിലെ ക്ലാർക്കുമാർ, ഓഫിസ് അസിസ്റ്റന്റുമാർ തുടങ്ങിയ ജീവനക്കാരുടെ ജോലി ഭാരം കണക്കാക്കി വേണം ലാബ് അസിസ്റ്റന്റുമാരെ നിയോഗിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്. ഓരോ സ്ഥാപനത്തിന്റെയും യഥാർഥ വസ്തുതകൾ കൃത്യമായി വിലയിരുത്താതെയാണു സർക്കാർ ഉത്തരവിറക്കിതെന്നും കോടതി പറഞ്ഞു. അവരവരുടെ മേഖലകളിലുള്ള സ്ഥാപനങ്ങളിലെ സാഹചര്യം വിലയിരുത്താൻ സർക്കാരിനു ഡിഇഒമാർക്കു നിർദേശം നൽകാമെന്നും കോടതി അഭിപ്രായപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com