‘കാനഡയിലെ ജോലിക്ക് 24 ലക്ഷം കൊടുത്തു, പോകുന്നതിന്റെ തലേന്ന് യാത്ര നടക്കില്ലെന്ന് അറിയിച്ചു’

Mail This Article
തൃപ്പൂണിത്തുറ ∙ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് 24 ലക്ഷം രൂപ തട്ടിയെന്ന് ആരോപിച്ചു 2 കുടുംബങ്ങൾ ആരോപണ വിധേയന്റെ വീടിനു മുൻപിൽ സമരത്തിൽ. പിറവം സ്വദേശി സെറിൻ പോൾ, പുതിയകാവ് സ്വദേശി രശ്മി മോഹൻ എന്നിവരാണ് ഇന്നലെ രാവിലെ മുതൽ പാവംകുളങ്ങര ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന ഏജന്റിന്റെ വീടിനു മുൻപിൽ സമരം ഇരിക്കുന്നത്. കുട്ടികൾക്കൊപ്പമാണ് സെറിന്റെ സമരം. കഴിഞ്ഞ ജൂണിലാണ് യുവതികളുടെ കുടുംബവും ആരോപണ വിധേയനായ ഏജന്റുമായി ബന്ധപ്പെടുന്നത്. ഈ സമയം, വിദേശത്ത് ജോലിക്കു പോകാൻ ഐഇഎൽടിഎസ് അടക്കം പഠിക്കുകയായിരുന്നു ഇവർ.
എന്നാൽ ഈ പരീക്ഷകളൊന്നും പാസ്സാകാതെ തന്നെ കാനഡയിൽ ജോലി ലഭിക്കുമെന്ന് ഏജന്റ് തങ്ങളെ വിശ്വസിപ്പിച്ചു എന്ന് ഇവർ പറയുന്നു. തുടർന്ന് ജോലി രാജിവച്ചു. നവംബർ 19ന് ഡൽഹിയിൽ നിന്നു കാനഡയ്ക്ക് പോകാനുള്ള ടിക്കറ്റ് അയച്ചു കൊടുത്തു. എന്നാൽ പോകുന്നതിന്റെ തലേന്ന് ഏജന്റ് വിളിച്ച് യാത്ര നടക്കില്ലെന്ന് അറിയിക്കുകയായിരുന്നു.
പണം ഏജന്റ് തിരികെ നൽകുന്നില്ലെന്ന് ഇവർ പറയുന്നു. തുടർന്ന് എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനു പരാതി നൽകി. അവിടെ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറുകയും അധികൃതർ ഏജന്റിനെ വിളിപ്പിക്കുകയും ചെയ്തു. എന്നാൽ ഏജന്റ് എത്താതെ അഭിഭാഷകനെ പറഞ്ഞു വിടുകയാണ് ചെയ്തത്. ഒടുവിൽ ഒന്നര ലക്ഷം രൂപ വീതം നൽകാമെന്ന് പറഞ്ഞു. ഈ പണം പോലും നൽകാതെ മുങ്ങുകയായിരുന്നു.