ആലുവ ബസ് ടെർമിനൽ ഉദ്ഘാടന ബോർഡുകളിൽ മുഖ്യമന്ത്രി ഇടംപിടിച്ചു
Mail This Article
ആലുവ∙ സിപിഎമ്മിന്റെ പ്രതിഷേധത്തെ തുടർന്ന് ആലുവ കെഎസ്ആർടിസി ബസ് ടെർമിനൽ ഉദ്ഘാടനത്തിന്റെ പ്രചാരണ ബോർഡുകളിലും നോട്ടിസിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം ഉൾപ്പെടുത്തി. സ്‌റ്റേജിലെ ഫ്ലെക്സ് ബോർഡിലും മുഖ്യമന്ത്രിയുടെ ചിത്രം ഇടംപിടിച്ചു. ആദ്യം തയാറാക്കിയ ബോർഡുകളിൽ മുഖ്യമന്ത്രി, മന്ത്രിമാരായ പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ ചിത്രം ഒഴിവാക്കിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എംഎൽഎക്കെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗം വി. സലിം രംഗത്തു വന്നിരുന്നു.
തന്റെ നടപടിയെ ന്യായീകരിച്ച് എംഎൽഎ മറുപടി നൽകിയെങ്കിലും പിന്നീടു മുഖ്യമന്ത്രിയുടെ ചിത്രം ഉൾപ്പെടുത്തി പുതിയ ബോർഡും നോട്ടിസും തയാറാക്കുകയായിരുന്നു. ആദ്യ പോസ്റ്ററിൽ ഉണ്ടായിരുന്ന എംപിമാരായ ബെന്നി ബഹനാൻ, ജെബി മേത്തർ, നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ എന്നിവരുടെ ചിത്രങ്ങൾ രണ്ടാമത്തേതിൽ ഒഴിവാക്കി. ഇന്ന് 5നു മന്ത്രി കെ.ബി. ഗണേഷ് കുമാറാണ് ബസ് ടെർമിനൽ ഉദ്ഘാടനം ചെയ്യുന്നത്.