ADVERTISEMENT

കൊച്ചി∙ കുടുംബക്കോടതികളിൽ വസ്തുസംബന്ധമായ കേസുകൾ നൽകുന്നതിന്റെ ഫീസ് കൂട്ടാനുള്ള ബജറ്റ് ശുപാർശ നടപ്പാക്കിയാൽ സ്ത്രീകളുടെ ദുരിതം ഇരട്ടിയാകും. വിവാഹ തർക്കങ്ങളെ തുടർന്നുള്ള റിക്കവറി കേസുകൾ നൽകുന്നവരിൽ 90 ശതമാനത്തിലേറെയും സ്ത്രീകളാണ്. വിവാഹ വേളയിൽ നൽകിയതും ഭർത്താവിന്റെ നിയന്ത്രണത്തിലുള്ളതുമായ സ്വർണവും പണവും ഉൾപ്പെടെ വസ്തുക്കൾ വിട്ടുകിട്ടാൻ വേണ്ടിയാണു സ്ത്രീകൾ റിക്കവറി കേസുകൾ നൽകാറുള്ളത്. താൻ വാങ്ങി നൽകിയ വസ്തുക്കളും ആഭരണങ്ങളുമൊക്കെ ഭാര്യയുടെ നിയന്ത്രണത്തിൽ നിന്നു വിട്ടുകിട്ടാൻ പുരുഷന്മാരും അപൂർവമായി ഇത്തരം കേസുകൾ നൽകാറുണ്ട്.

കുടുംബക്കോടതികൾ സ്ഥാപിതമാകും മുൻപ് ഇത്തരം തർക്കങ്ങളിൽ സിവിൽ സ്യൂട്ട് നൽകുമ്പോൾ മൂല്യത്തിന്റെ അടിസ്ഥാനത്തിലാണു ഫീസ് ഈടാക്കിയിരുന്നത്. കുടുംബക്കോടതികൾ വന്നതോടെ വിവാഹ തർക്കവുമായി ബന്ധപ്പെട്ട വസ്തുക്കേസുകൾ ഫയൽ ചെയ്യാൻ ഫീസ് 50 രൂപ മതിയെന്നായി. എന്നാൽ ബജറ്റിലെ നിർദേശമനുസരിച്ച് ഈ ഫീസ് 2 ലക്ഷം രൂപ വരെയാകും. ഒരു ലക്ഷം രൂപ വരെയുള്ള വസ്തുക്കളെ സംബന്ധിച്ച കേസുകളിൽ 200 രൂപയാണു ഫീസ്. 

ഒരു ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയുള്ള കേസുകളിൽ ക്ലെയിം തുകയുടെ അര ശതമാനമാണു ഫീസ്. 5 ലക്ഷം രൂപയ്ക്കു മേലെയുള്ള കേസുകളിൽ ക്ലെയിം തുകയുടെ ഒരു ശതമാനം ഫീസ് അടയ്ക്കണം. ഫീസ് പരമാവധി 2 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്.  ഇത്തരം കേസുകൾ വൻതോതിൽ വർധിച്ച സാഹചര്യത്തിൽ അനാവശ്യ വ്യവഹാരം ഒഴിവാക്കാൻ വേണ്ടിയുള്ള നടപടിയെന്നാണു വിശദീകരണം. എന്നാൽ ചുരുക്കം ചിലവ ഒഴിച്ചു നിർത്തിയാൽ എല്ലാം അത്യാവശ്യ കേസുകളാണെന്നും സ്ത്രീകൾ സ്വന്തമായി അനുഭവിക്കേണ്ട വസ്തുവകകൾ തിരിച്ചുകിട്ടാൻ വേണ്ടിയാണു കേസുകൾ നൽകുന്നതെന്നും കുടുംബക്കോടതികളിൽ പ്രാക്ടിസ് ചെയ്യുന്ന അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com