ഇടവേളകളില്ലാത്ത തള്ളൽ; മരടിൽ മാലിന്യ മാഫിയ വിലസുന്നു
Mail This Article
കുണ്ടന്നൂർ ∙ സിസിടിവി, ചലിക്കുന്ന എഐ ക്യാമറകളെ കബളിപ്പിച്ച് മരടിൽ മാലിന്യ മാഫിയ വിലസുന്നു. ഒരേ രീതിയിലുള്ള മാലിന്യം തൊട്ടടുത്ത സ്ഥലങ്ങളിൽ ഇടവേളകളില്ലാതെ തള്ളിയാണ് മാഫിയ അധികൃതരേയും നാട്ടുകാരെയും വെല്ലുവിളിക്കുന്നത്. ചിലവന്നൂർ റോഡ്, ബണ്ട് റോഡ്, മാൾ പരിസരം, ഇ.കെ. നായനാർ ഹാൾ പരിസരം എന്നിവിടങ്ങളിൽ മാറിമാറിയാണ് മാലിന്യം തള്ളുന്നത്. ഹോട്ടൽ മാലിന്യമാണ്.
ബുധൻ രാത്രി ഇ.കെ. നായനാർ ഹാളിനു സമീപത്തു മാലിന്യം തള്ളുകയായിരുന്ന 2 അതിഥിത്തൊഴിലാളികളെ പിടികൂടി ആരോഗ്യ വിഭാഗം പോയതിനു പിന്നാലെ അതേ സ്ഥലത്ത് ചാക്കു കണക്കിനു മാലിന്യം 'ബുദ്ധിപരമായി' തള്ളി. പാടിവട്ടത്തെ ഹോട്ടലിലെ മാലിന്യം തെളിവു സഹിതം നാട്ടുകാർ നഗരസഭയ്ക്കു നൽകിയത് വാർത്ത ആയതാണ്. ഹോട്ടൽ മാലിന്യം നിർമാർജനം ചെയ്യാൻ കരാർ എടുത്തിട്ടുള്ള മരട് സ്വദേശിയെ ഫോണിൽ വിളിച്ചിട്ട് എടുക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. പൊലീസിൽ പരാതി നൽകുമെന്നും ആരോഗ്യ വിഭാഗം അറിയിച്ചു.