ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ഇന്ന്; ഭിന്നശേഷിക്കാരായ 300 കുരുന്നുകളും ആവേശം നിറയ്ക്കും
Mail This Article
കൊച്ചി∙ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് ആവേശം നിറയ്ക്കാൻ ഭിന്നശേഷിക്കാരായ ഒരു കൂട്ടം കുരുന്നുകളും. ഇന്നു നടക്കുന്ന കൊച്ചി മാരത്തണിൽ, ശാരീരിക അവശതകൾ നേരിടുന്നവർക്കും ഭിന്നശേഷിക്കാർക്കുമായി ഒരുക്കിയ സ്പെഷൽ റണ്ണിൽ മുന്നൂറോളം പേർ പങ്കെടുക്കും. ഭിന്നശേഷിക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന രക്ഷയുടെ നേതൃത്വത്തിലാണു ഭിന്നശേഷിക്കാരായ കുട്ടികളും വീൽചെയറിൽ കഴിയുന്നവരും അവരുടെ മാതാപിതാക്കളും 1.3 കിലോമീറ്റർ സ്പെഷൽ റണ്ണിൽ പങ്കെടുക്കുന്നത്.
ആദ്യമായാണു കൊച്ചി മാരത്തണിൽ ഭിന്നശേഷിക്കാർക്കും അവസരം നൽകുന്നത്. ഓടാൻ കഴിയാത്ത കുട്ടികൾക്കായി അവരുടെ മാതാപിതാക്കളോ സുഹൃത്തുക്കളോ മാരത്തണിന്റെ ഭാഗമാകും. ഇതിനു പ്രത്യേക കൗണ്ടറും ഇന്നലെ മാരത്തൺ നടക്കുന്ന മഹാരാജാസ് കോളജ് ഗ്രൗണ്ടിൽ പ്രവർത്തനം തുടങ്ങി.
പലതരത്തിലുള്ള മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളാണു മാരത്തണിൽ പങ്കെടുക്കുന്നത്. ആൾക്കൂട്ടവും ശബ്ദകോലാഹലങ്ങളും കുട്ടികളെ ബാധിക്കാത്ത തരത്തിൽ ഏറെ കരുതലോടെയാണു പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളതെന്ന് ‘രക്ഷ’ ഓണററി സെക്രട്ടറി അനില നൈനാൻ പറഞ്ഞു. സാധാരണക്കാരെപ്പോലെ ഭിന്നശേഷി കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും സമൂഹത്തിലേക്ക് ഇറങ്ങാനും ഇത്തരം പരിപാടികളുടെ ഭാഗമാകാനുമുള്ള സാഹചര്യം ഒരുക്കുകയാണു പരിപാടിയിലൂടെ ലക്ഷ്യമിടുന്നതെന്നും അവർ പറഞ്ഞു. 40 വർഷമായി ഭിന്നശേഷി കുട്ടികൾക്കായി പ്രവർത്തിക്കുന്ന ‘രക്ഷ’യുടെ നേതൃത്വത്തിൽ മട്ടാഞ്ചേരി കൊച്ചങ്ങാടിയിൽ റീഹാബിലിറ്റേഷൻ സെന്ററും പ്രവർത്തിക്കുന്നുണ്ട്.