ADVERTISEMENT

കാക്കനാട്∙ തൃക്കാക്കര നഗരസഭയിലെ 43 വാർഡുകളിലെയും പ്രധാന കേന്ദ്രങ്ങളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.നഗരസഭാ ഫണ്ട് വിനിയോഗിച്ച് 129 ക്യാമറകളും സ്പോൺസർമാരുടെ സഹായത്തോടെ കൂടുതൽ ക്യാമറകളും സ്ഥാപിക്കാനാണ് തീരുമാനം. നഗരസഭ ഇതിനായി 70 ലക്ഷം രൂപ ചെലവഴിക്കും. ക്യാമറ കൺട്രോൾ റൂമുകളുടെ നിയന്ത്രണവും നിരീക്ഷണ ചുമതലയും പൊലീസിനും നഗരസഭയ്ക്കുമാകും. കുറ്റകൃത്യങ്ങളും മാലിന്യം തള്ളലും മറ്റ് അനധികൃത കാര്യങ്ങളും തടയുകയാണ് ലക്ഷ്യം.

പ്രധാന ജംക‍്ഷനുകളിലെ കെഎസ്ഇബി, ബിഎസ്എൻഎൽ തൂണുകളിലാകും ക്യാമറകൾ സ്ഥാപിക്കുക. ക്യാമറകൾ പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി തൊട്ടടുത്ത വീടുകളിൽ നിന്ന് ലഭ്യമാക്കാനാണ് തീരുമാനം. ലോ വോൾട്ടേജിൽ പ്രവർത്തിക്കുന്ന ക്യാമറകളായതിനാൽ കുറഞ്ഞ വൈദ്യുതിയേ ഇതിന് ആവശ്യമുള്ളു. നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കാനുള്ള സ്ഥലങ്ങൾ നിർണയിക്കാൻ സർവേ തുടങ്ങി.

വാർഡുകളിലെ കൗൺസിലർമാരുടെ സഹകരണത്തോടെ പൊലീസും ടെക്നീഷ്യൻമാരുമാണ് ക്യാമറ സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്തുന്നത്. കുറ്റകൃത്യങ്ങൾ നിരീക്ഷിക്കാനാണ് ഇതോടനുബന്ധിച്ച കൺട്രോൾ റൂം പൊലീസ് സ്റ്റേഷനുകളിലും അസിസ്റ്റന്റ് കമ്മിഷണർ ഓഫിസിലും ക്രമീകരിക്കുന്നത്. മാലിന്യം തള്ളുന്നതുൾപ്പെടെ നഗരസഭയുടെ ചുമതലയിൽ വരുന്ന കാര്യങ്ങൾ നഗരസഭ കൺട്രോൾ റൂമിലും നിരീക്ഷിക്കും. 

ക്യാമറ സ്ഥാപിക്കാൻ സിഎസ്ആർ ഫണ്ടും 
തൃക്കാക്കരയിലെ ഐടി ഉൾപ്പെടെ വൻകിട കമ്പനികളിൽ നിന്ന് സാമൂഹിക പ്രതിബദ്ധത (സിഎസ്ആർ) ഫണ്ട് ലഭ്യമാക്കിയാകും ചെറുതും വലുതുമായ ജംക‍്ഷനുകളിലും ഇതര കേന്ദ്രങ്ങളിലും ക്യാമറ സ്ഥാപിക്കുക. ഓരോ വാർഡിലും 3 വീതം ക്യാമറകളാണ് നഗരസഭ നേരിട്ടു സ്ഥാപിക്കുന്നത്. ഒരു വർഷം മുൻപ് നഗരസഭ സ്ഥാപിച്ച 10 നിരീക്ഷണ ക്യാമറകൾ പെട്ടെന്നു തകരാറിലായതിനാൽ കൂടുതൽ ശേഷിയുള്ള അത്യാധുനിക ക്യാമറകളാകും എല്ലാ കേന്ദ്രങ്ങളിലും സ്ഥാപിക്കുക. വാർഡുകളിലെ സ്ഥല നിർണയ സർവേ പൂർത്തിയായാലുടൻ ക്യാമറ സ്ഥാപിച്ചു തുടങ്ങും.  അടുത്ത മാസത്തോടെ എല്ലാ കേന്ദ്രങ്ങളിലും ക്യാമറ വയ്ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com