ADVERTISEMENT

കുമ്പളം ∙ തെരുവുവിളക്കുകൾക്ക് പുതുശോഭ പകരാൻ ആവിഷ്കരിച്ച 'നിലാവ്' പദ്ധതിയും ദേശീയ പാതയിൽ വെളിച്ചം പകരാൻ ബിഒടി വ്യവസ്ഥയിൽ സ്വകാര്യ പങ്കാളിത്തത്തോടെ ആവിഷ്കരിച്ച പദ്ധതിയും പാളിയതോടെ കുമ്പളം ഇരുട്ടിൽ. കൊച്ചി ബൈപാസിൽ അരൂർക്കുള്ള യാത്രയിൽ ഇരുട്ടെത്തിയാൽ മനസ്സിലാക്കാം കുമ്പളമായെന്ന്. ഇടപ്പള്ളി കഴിഞ്ഞാൽ കുമ്പളത്തു മാത്രമാണ് വഴിവിളക്കില്ലാത്തത്.ബിഒടി വ്യവസ്ഥ പാളിയതോടെ പദ്ധതിക്കായി അധികൃതരെ വിശ്വസിച്ചിറങ്ങിയവരാണ് വെട്ടിലായത്. പഞ്ചായത്ത് അതിർത്തിയായ മാടവന മുതൽ കുമ്പളം– അരൂർ പാലം വരെ 2017 ൽ 25 ലക്ഷം രൂപ ചെലവിൽ 170 വിളക്കുകൾ സ്ഥാപിച്ച് 5 വർഷം പരിപാലിച്ച് പ്രതിഫലം കിട്ടാതെ സാമ്പത്തികമായി തകർന്ന കരാറുകാർ നെട്ടോട്ടം ഓടുകയാണിപ്പോൾ.

വിളക്കു കാലുകളിൽ പരസ്യം സ്ഥാപിച്ച് അതിൽ നിന്നു കിട്ടുന്ന വരുമാനം പ്രതീക്ഷിച്ചാണ് സ്വന്തം ചെലവിൽ സ്ഥാപിച്ചത്. പരസ്യം വയ്ക്കുന്നത് ദേശീയ പാത അധികൃതർ തടഞ്ഞതോടെ വരുമാന സ്രോതസ്സ് അടഞ്ഞു. എന്നിട്ടും പഞ്ചായത്ത് അധികൃതരുടെ വാക്ക് വിശ്വസിച്ച് കുറച്ചു കാലം കൂടി വിളക്കുകൾ തെളിച്ചു.ഒട്ടേറെ ഹോഡിങ്ങുകളാണ് ദേശീയ പാതയോരത്ത് കുമ്പളം പഞ്ചായത്ത് അതിർത്തിയിൽ ഉള്ളത്. ഇത്തരത്തിൽ ഹോഡിങ് സ്ഥാപിച്ച് അതിൽ നിന്നുള്ള വരുമാനം കൊണ്ട് വിളക്ക് തെളിക്കാമെന്നും കാലയളവിനു ശേഷം പഞ്ചായത്തിനെ ഏൽപിക്കാമെന്ന നിർദേശവും പരിഗണിക്കപ്പെട്ടില്ല. ഓഫിസുകളിൽ കയറിയിറങ്ങി മടുത്തതോടെ കരാറുകാർ‌ കുമ്പളം – അരൂർ പാലത്തിലെ വിളക്കുകാലുകൾ അഴിച്ചു മാറ്റി. ഇനി മാടവന വരെയുള്ളതു ബാക്കിയുണ്ട്.

എൻഎച്ച്എഐയും പഞ്ചായത്തും ചേർന്ന് ദേശീയ പാതയിൽ വിളക്ക് തെളിക്കുന്നതിന്റെ പദ്ധതി പഞ്ചായത്ത് കമ്മിറ്റിയുടെ പരിഗണനയിലാണെന്നാണ് നവകേരള സദസ്സിൽ നൽകിയ പരാതിയിൽ പഞ്ചായത്ത് സെക്രട്ടറി നൽകിയ മറുപടി. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദേശീയ പാത അധികൃതർക്ക് പഞ്ചായത്ത് പ്രസിഡന്റ് നൽകിയ നിവേദനവും ഫലം കണ്ടില്ല.തങ്ങളെ വഞ്ചിച്ച് ആത്മഹത്യയുടെ വക്കിലെത്തിച്ച അധികൃതർക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണ് കരാറുകാരിൽ ഒരാളായ ഇടക്കൊച്ചി സ്വദേശി സേവ്യർ ജോർജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com