ഏഴിക്കര ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിക്ക് കെട്ടിടം ഒരുങ്ങുന്നു
Mail This Article
കൊച്ചി∙ ഏഴിക്കര ഗ്രാമപഞ്ചായത്തിൽ ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിക്ക് സ്വന്തമായി കെട്ടിടം ഒരുങ്ങുന്നു. ഏഴിക്കര ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് സമീപമാണ് കെട്ടിടം നിർമിക്കുന്നത്. ഹൈബി ഈഡൻ എംപി ശിലാസ്ഥാപനം നിർവഹിച്ചു. ഒരു വർഷത്തിനുള്ളിൽ നിർമാണം പൂർത്തിയാക്കും.
15 വര്‍ഷമായി വാടക കെട്ടിടത്തിലാണ് ഏഴിക്കര ആയുർവേദ ഡിസ്പെൻസറി പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പഞ്ചായത്ത് ബജറ്റിൽ സ്വന്തമായി ഡിസ്പെൻസറി നിർമിക്കാൻ സ്ഥലം വാങ്ങാനായി തുക വകയിരുത്തിയിരുന്നു. ഇതുപ്രകാരം പഞ്ചായത്ത് അഞ്ചു സെന്റ് സ്ഥലം വാങ്ങുകയും ചെയ്തു. തുടർന്ന് ഹൈബി ഈഡൻ എംപിയുടെ നിർദേശപ്രകാരം ഇന്ത്യൻ ഓയിൽ കോർപറേഷന്റെ സിഎസ്ആർ ഫണ്ടിൽ നിന്നും 47 ലക്ഷം രൂപ ഡിസ്പെൻസറി നിർമാണത്തിനായി അനുവദിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.എസ്.രതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് അംഗം ഷാരോൺ പനക്കൽ, ഐഒസി ജനറൽ മാനേജർ വൈദേശ്വരി റാവു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പത്മകുമാരി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.ഡി.വിൻസന്റ്, പി.കെ.ശിവാനന്ദൻ, രമാദേവി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു.
ബ്ലോക്ക് മെമ്പർമാരായ സി.എം.രാജഗോപാൽ, എ.കെ.മുരളീധരൻ, ജെൻസി തോമസ്, വാർഡ് മെമ്പർമാരായ എൻ.ആർ.സുധാകരൻ, എം.ബി.ചന്ദ്രബോസ്, ബിന്ദു ഗിരീഷ്, ജാസ്മിൻ ബെന്നി, സുമാ രാജേഷ്, ജിൻ്റ അനിൽകുമാർ, പഞ്ചായത്ത് സെക്രട്ടറി മീനാ മാത്യു, സിഡിഎസ് ചെയർപേഴ്സൻ ഗിരിജാ ശശിധരൻ, എൽഎസ്ജിഡി അസിസ്റ്റന്റ് എൻജിനീയർ മഞ്ജുഷ, ഓവർസിയർമാരായ സുരേഷ്, കിരൺ, മെഡിക്കൽ ഓഫിസർമാരായ സൗമ്യ, നിഷ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.