ADVERTISEMENT

കൊച്ചി∙ തൃപ്പൂണിത്തുറ പുതിയകാവിൽ വെടിക്കെട്ടിനു സൂക്ഷിച്ച പടക്കങ്ങൾക്കു തീപിടിച്ചുണ്ടായ അപകടത്തിനു വഴിയൊരുക്കിയതു ഗുരുതരമായ നിയമലംഘനങ്ങൾ. വെടിക്കെട്ടിനു ക്ഷേത്രസമിതി അനുമതി ചോദിക്കുകയോ നൽകുകയോ ചെയ്തിട്ടില്ലെന്ന പൊലീസിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും പ്രതികരണങ്ങൾ ഇതിനു തെളിവ്.

അപകടമുണ്ടായ പടക്കപ്പുര നിന്നിരുന്ന സ്ഥലം.
അപകടമുണ്ടായ പടക്കപ്പുര നിന്നിരുന്ന സ്ഥലം.

തൃപ്പൂണിത്തുറ പുതിയകാവ് ഭഗവതിക്ഷേത്ര താലപ്പൊലിയുടെ ഭാഗമായി വെടിക്കെട്ടിനുള്ള പടക്കങ്ങൾ സൂക്ഷിച്ച സ്ഥലത്തുണ്ടായ ഉഗ്രസ്ഫോടനത്തിൽ രണ്ടു പേരാണ് മരിച്ചത്.  23 പേർക്കു പരുക്കേറ്റു. 4 പേരുടെ നില ഗുരുതരമാണ്. എറണാകുളം– ഏറ്റുമാനൂർ സംസ്ഥാന പാതയിൽ തൃപ്പൂണിത്തുറ നഗരത്തിൽ നിന്നു രണ്ടര കിലോമീറ്റർ അകലെ ചൂരക്കാട്ട് ഇന്നലെ രാവിലെ പത്തരയോടെയാണ് സ്ഫോടനമുണ്ടായത്.

തൃപ്പൂണിത്തുറ സ്ഫോടനത്തിനിടെ അടുത്ത വീട്ടിലേക്കു പടർന്ന തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന.
തൃപ്പൂണിത്തുറ സ്ഫോടനത്തിനിടെ അടുത്ത വീട്ടിലേക്കു പടർന്ന തീ അണയ്ക്കാൻ ശ്രമിക്കുന്ന അഗ്നിരക്ഷാ സേന.

രണ്ടു കിലോമീറ്റർ ചുറ്റളവിൽ പ്രകമ്പനമുണ്ടായി. ഇരുന്നൂറോളം കെട്ടിടങ്ങൾക്കും ഒട്ടേറെ വാഹനങ്ങൾക്കും നാശനഷ്ടമുണ്ടായി. 4 വീടുകളുടെ മേൽക്കൂര തകർന്നു. പടക്കപ്പുരയും പടക്കങ്ങൾ കൊണ്ടുവന്ന വാനും സമീപം നിർത്തിയിട്ട കാറും കത്തിനശിച്ചു. അര കിലോമീറ്റർ അകലെ വരെ സ്ഫോടനത്തിന്റെ അവശിഷ്ടങ്ങൾ തെറിച്ചു വീണു.

ഞായറാഴ്ച രാത്രി തെക്കുംപുറത്തിന്റെ വെടിക്കെട്ടും ഇന്നലെ രാവിലെ വടക്കുംപുറത്തിന്റെ സാംപിൾ വെടിക്കെട്ടുമാണു ക്ഷേത്രത്തിൽ നടന്നത്. ഇന്നലെ വൈകിട്ടു വടക്കുംപുറം വെടിക്കെട്ടു നടത്താനായി സംഭരിച്ച പടക്കങ്ങളാണു പൊട്ടിത്തെറിച്ചത്. ഇങ്ങനെ സംഭരിച്ചതിലേറെയും ഉപയോഗിക്കാൻ അനുമതി ലഭിക്കില്ലെന്നുറപ്പുള്ള ഉഗ്രശേഷിയുള്ള പടക്കങ്ങളാണെന്നാണു സ്ഫോടനത്തിന്റെ തീവ്രതയിൽ നിന്നു വിദഗ്ധരുടെ അനുമാനം.

സൾഫർ, വെടിമരുന്ന് ഉൾപ്പെടെ 15 കിലോഗ്രാം സ്ഫോടകവസ്തുക്കൾ കൈകാര്യം െചയ്യാൻ അനുമതി നൽകി കലക്ടറേറ്റിൽ നിന്നു നൽകുന്ന ലൈസൻസിന്റെ മറവിലാണു സംസ്ഥാനത്ത് എല്ലായിടത്തും വെടിക്കെട്ടുകൾ അരങ്ങേറുന്നത്. ചട്ടപ്രകാരം ഈ ലൈസൻസ് ഉപയോഗിച്ചു കമ്പിത്തിരി, മത്താപ്പ്, പൂത്തിരി എന്നിവ നിർമിക്കാനേ പറ്റൂ. നിലത്തു കുഴിയെടുത്തു സ്ഥാപിക്കുന്ന ഡൈനമിറ്റുകൾക്ക് അനുമതിയില്ലെങ്കിലും ഭൂരിഭാഗം വെടിക്കെട്ടുകളിലും ഉഗ്രശബ്ദത്തോടെ മുകളിൽ പോയി പൊട്ടുന്ന ഇവയ്ക്കാണു മുൻഗണന. തൃപ്പൂണിത്തുറയിൽ വാഹനത്തിൽ നിന്നിറക്കുമ്പോഴാണു പടക്കത്തിനു തീപിടിച്ചതെന്നാണു പൊലീസ് പറയുന്നത്.

നിയമപ്രകാരം കവചിത വാഹനത്തിൽ മുന്നിലും പിന്നിലും പൈലറ്റ് വാഹനങ്ങളുടെ അകമ്പടിയോടെ വേണം സ്ഫോടകവസ്തുക്കൾ കൊണ്ടു പോകാൻ. ഇത്തരത്തിൽ സ്ഫോടകവസ്തു കൊണ്ടു പോകാൻ അനുമതിയുള്ള കവചിത വാഹനങ്ങളൊന്നും കേരളത്തിലെ ആർടി ഓഫിസിൽ ഇന്നോളം റജിസ്റ്റർ ചെയ്തിട്ടില്ല. ജനവാസ മേഖലയിലും ആശുപത്രി, വിദ്യാഭ്യാസ സ്ഥാപനം, ആരാധനാലയങ്ങൾ എന്നിവയുടെ 250 മീറ്റർ ദൂരപരിധിക്കുള്ളിലും സ്ഫോടകവസ്തുക്കൾ ശേഖരിക്കാനോ പൊട്ടിക്കാനോ നിയമം അനുവദിക്കുന്നില്ല. ഇന്നലെ ദുരന്തമുണ്ടായ മേഖലയിൽ പടക്കം സൂക്ഷിച്ചതു തിങ്ങി വീടുകളുള്ള പ്രദേശത്താണ്. തൊട്ടടുത്തു തന്നെ ഹോമിയോ ഡിസ്പെൻസറി, എൽപി സ്കൂൾ എന്നിവയുണ്ട്.

ഞെട്ടിച്ച സ്ഫോടനങ്ങൾ

തൃപ്പൂണിത്തുറ ∙ നഗരത്തെയും പരിസരപ്രദേശങ്ങളെയും ഞെട്ടിച്ച വെടിക്കെട്ടപകടങ്ങൾ പലതും ഉണ്ടായിട്ടുണ്ട്. 1982 ഫെബ്രുവരി 7നു ഇതേ വടക്കുംപുറം കരയോഗത്തിന്റെ വെടിക്കെട്ടു ശാലയിലുണ്ടായ പൊട്ടിത്തെറിയിൽ 3 പേരാണ് മരിച്ചത്. 1988 മാർച്ചിൽ തൃപ്പൂണിത്തുറയ്ക്കു സമീപം കടങ്ങോട്ട് തുരുത്തിൽ വെടിമരുന്നു ശാലയിലുണ്ടായ സ്ഫോടനത്തിൽ 10 സ്ത്രീകൾ മരിച്ചു.


സ്ഫോടനങ്ങളിൽ ചിലത്

∙ 2020 ജനുവരി

നടക്കാവ് ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ടിന് ഇടയിൽ ഉണ്ടായ അപകടത്തിൽ 17 പേർക്ക് പരുക്കേറ്റു.

∙ 2016 ജനുവരി
മരടിൽ വെടിക്കെട്ടു പുരയ്ക്കു തീപിടിച്ച് ഒരാൾ മരിച്ചു.

∙ 2015 ഫെബ്രുവരി
തൃപ്പൂണിത്തുറ പുതിയകാവ് വെടിക്കെട്ടിനിടയിൽ പൊട്ടാത്ത അമിട്ടിന്റെ ഭാഗം വീണു കരിങ്ങാച്ചിറ പുത്തൻപുരയ്ക്കൽ പൗലോസ് മരിച്ചു. പുതിയകാവ് ഭഗവതി ക്ഷേത്രത്തിൽ വെടിക്കെട്ട് നടക്കുമ്പോൾ വൈക്കം റോഡിൽ ഗ്രൗണ്ടിനു സമീപം നിന്ന് വെടിക്കെട്ട് കാണുകയായിരുന്നു പൗലോസ്.

∙ 2009 ജൂലൈ
മരട് പിഎസ് മിഷൻ ആശുപത്രിക്കു സമീപം വീട്ടിൽ സൂക്ഷിച്ച പടക്കശേഖരത്തിനു തീപിടിച്ച് ഒരാൾ മരിച്ചു.

∙ 2008 ഫെബ്രുവരി
മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിൽ വെടിക്കെട്ടപകടം 2 പേർ മരിച്ചു.

∙2002 മാർച്ച്
മരട് കൊട്ടാരം ക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ ഒരാൾ മരിച്ചു.

∙ 2002 മാർച്ച്
തൃപ്പൂണിത്തുറ തെക്കുംഭാഗം വലിയതറ ഭഗവതി ക്ഷേത്രത്തിലെ ഉത്രം ഉത്സവത്തിന്റെ സമാപന ദിവസം വെടിക്കെട്ടിനു കതിന നിറയ്‌ക്കുമ്പോഴുണ്ടായ സ്‌ഫോടനത്തിൽ 10 പേർക്കു പരുക്കേറ്റു.

∙ 2002 ഏപ്രിൽ
തെക്കുംഭാഗം വലിയതറ ഭഗവതി ക്ഷേത്രത്തിൽ വെടിക്കെട്ടപകടത്തിൽ 5 പേർ മരിച്ചു.

∙1989 പുതിയകാവിൽ ഗുണ്ടുകൾ പൊട്ടി 28 പേർക്ക് പരുക്കേറ്റു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com