ADVERTISEMENT

കോല‍ഞ്ചേരി ∙ ചൂണ്ടി– രാമമംഗലം റോഡിൽ മാസങ്ങളായി ഉയരുന്ന പൊടിക്ക് ശമനമില്ല. പൈപ്പ് ഇടലും മൂടലും മെറ്റൽ വിരിക്കലുമായി ഒരു വർഷത്തോളം യാത്രക്കാർക്ക് ദുരിതം വിതച്ച റോഡ് നന്നാക്കുന്നതിൽ കാണിക്കുന്ന മെല്ലെപ്പോക്ക് പ്രദേശവാസികളെ രോഗികളാക്കി മാറ്റുന്നു. രാമമംഗലം കുടുംബനാട് പമ്പ് ഹൗസിൽ നിന്ന് ജലം ചൂണ്ടി ജല ശുദ്ധീകരണ ശാലയിൽ എത്തിച്ച് വിവിധ പഞ്ചായത്തുകളിലും തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയിലും വിതരണം ചെയ്യുന്ന പദ്ധതിയുടെ പൈപ്പ് ലൈൻ ആണ് ഈ റോഡിനെ പ്രതിസന്ധിയിലാക്കിയത്. യത്. 40 വർഷം മുൻപ് ആരംഭിച്ച പദ്ധതിയുടെ പൈപ്പ് കാലപ്പഴക്കത്തെ തുടർന്ന് 2013ൽ മാറ്റുന്ന ഘട്ടത്തിൽ റോഡ് ഒഴിവാക്കി പാടം വഴി കൊണ്ടു പോകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. വളരെ വേഗം പണികൾ പൂർത്തീകരിക്കാമെന്നു വാഗ്ദാനം നൽകി അധികൃതർ അന്നു റോഡിലൂടെ തന്നെ പൈപ്പ് സ്ഥാപിച്ചു. അധികൃതർ വാഗ്ദാനം ചെയ്ത സമയ ക്രമം അന്നു തെറ്റുകയും ഒന്നര വർഷത്തോളം റോഡ് കുത്തിപ്പൊളിച്ച് ഇടുകയും ചെയ്ത ശേഷമാണ് നന്നാക്കിയത്.

12 കോടി രൂപ മുടക്കി വിവിധ പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കാൻ പൈപ്പ് ഇടുന്ന പണി 2018ൽ തുടങ്ങി. പണി പാതി വഴിയിൽ എത്തിയപ്പോഴേക്കും ജലജീവൻ മിഷന്റെ പദ്ധതി വന്നു. ഇതിന്റെ ഭാഗമായി 1വർഷം മുൻപ് തുടങ്ങിയ പണികൾക്ക് ഒടുവിൽ റോഡ് മെറ്റൽ വിരിച്ച് ഇട്ടതോടെയാണ് പൊടി ശല്യം രൂക്ഷമായത്.മുൻപ് പൈപ്പ് സ്ഥാപിച്ചപ്പോഴെല്ലാം സമയ നിഷ്ഠ പാലിക്കാത്തതിനാൽ റോഡ് പൊളിക്കുന്നതിനു മുൻപ് സമയ ക്രമം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ പ്രക്ഷോഭം തുടങ്ങിയിരുന്നു. അധികൃതർ നാട്ടുകാരെ ചർച്ചയ്ക്ക് വിളിക്കുകയും 3 റീച്ചുകളായി തിരിച്ച് ഓരോ റീച്ചിലും പണി പൂർത്തീകരിച്ച ശേഷമേ അടുത്ത റീച്ചിൽ പണി ആരംഭിക്കൂവെന്ന് ഉറപ്പു നൽകുകയും ചെയ്തു. അതെല്ലാം കാറ്റിൽ പറത്തിയായിരുന്നു പിന്നീടുള്ള പണികൾ. രാമമംഗലം–പൂതൃക്ക, പൂതൃക്ക–മീമ്പാറ, മീമ്പാറ–ചൂണ്ടി എന്നിവയാണ് 3 റീച്ചുകൾ. ഇവയിലൊന്നും സമയ ബന്ധിതമായി പണി നടന്നില്ല. 

ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും പരസ്പരം പഴിചാരുന്നതല്ലാതെ ജനത്തിന് ആശ്വാസം പകരുന്ന നടപടികൾ ഒന്നും ഇവിടെ നടക്കുന്നില്ല. റോഡിന് ഇരുവശവും താമസിക്കുന്നവരും വ്യാപാരികളും റോഡ് നനച്ചാണ് പൊടി ശല്യത്തിൽ നിന്ന് അൽപം ആശ്വാസം കണ്ടെത്തുന്നത്. ചില വീടുകൾക്കു മുൻപിലും ടാർപോളിൻ ഷീറ്റ് വലിച്ചു കെട്ടി പൊടി തടുക്കാൻ ശ്രമം നടത്തിയിട്ടുണ്ടെങ്കിലും ഫലപ്രദമല്ല.റോഡ് വെട്ടിപ്പൊളിക്കുന്നതിനു മുൻപ് ജല അതോറിറ്റി 5.39 കോടി രൂപ പൊതുമരാമത്തു വകുപ്പിൽ കെട്ടിവച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണിക്ക് 3.30കോടി രൂപയും അനുവദിച്ചിരുന്നു. കരാർ എടുത്ത കമ്പനി പിൻമാറിയതിനെ തുടർന്ന് റീ ടെൻഡർ നടപടി പൂർത്തിയാക്കി വേണം റോഡ് നിർമാണം തുടങ്ങാൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com