ADVERTISEMENT

കൊച്ചി ∙ മാലിന്യ നീക്കത്തിനായി 237 ഇ– മുച്ചക്ര സൈക്കിളും ടിപ്പർ ലോറികളും വാങ്ങാനുള്ള ഫയൽ അജൻഡയിലില്ലെന്നു കോർപറേഷൻ. ഇന്നലത്തെ കൗൺസിൽ യോഗത്തിന്റെ അജൻഡയിൽ ഇക്കാര്യം തെറ്റായി ഉൾപ്പെടുത്തിയതാണെന്നും ശുചീകരണ തൊഴിലാളികൾക്കായി യൂണിഫോം വാങ്ങാനുള്ള ഫയലാണ് യഥാർഥത്തിൽ പരിഗണിക്കേണ്ടിയിരുന്നതെന്നും മേയർ എം. അനിൽകുമാർ പറഞ്ഞു. 5 കോടി രൂപ ചെലവിൽ 237 ഇലക്ട്രിക് മുച്ചക്ര സൈക്കിളുകളും 3.30 കോടി രൂപ ചെലവിൽ 41 ടിപ്പർ ഓട്ടോകളും വാങ്ങാൻ കൗൺസിൽ അനുമതി നൽകണമെന്നാണ് അജൻഡയിൽ ഉൾപ്പെടുത്തിയിരുന്നത്. കേരള ഖരമാലിന്യ പദ്ധതിയിൽ (കെഎസ്ഡബ്ല്യുഎംപി) ഉൾപ്പെടുത്തിയാണ് ഇതു വാങ്ങേണ്ടതെന്നും ഇക്കാര്യത്തിൽ കെഎസ്ഡബ്ല്യുഎംപി അധികൃതരാണു നടപടികളെടുക്കേണ്ടതെന്നും മേയർ പറഞ്ഞു.

നേരത്തേ വാങ്ങിയ120 ഇലക്ട്രിക് മുച്ചക്ര സൈക്കിളുകൾക്ക് നിലവാരമില്ലെന്ന ഓഡിറ്റ് പരാമർശം നിലനിൽക്കെ വീണ്ടും ഇ– മുച്ചക്ര സൈക്കിൾ വാങ്ങാനുള്ള അജൻഡയെ യുഡിഎഫ് എതിർത്തിരുന്നു. എന്നാൽ മാലിന്യ നീക്കത്തിനായി നേരത്തേ വാങ്ങിയ മുച്ചക്ര സൈക്കിളിൽ മിക്കവയും ഓടുന്നുണ്ടെന്നും ഓഡിറ്റ് പരിശോധനയ്ക്കു ശരിയായ വിവരങ്ങൾ ലഭിക്കാത്തതു മൂലമാണു തെറ്റായ പരാമർശങ്ങളുണ്ടായതെന്നും മേയർ വിശദീകരിച്ചു.ഇലക്ട്രിക് മുച്ചക്ര സൈക്കിൾ ഏർപ്പെടുത്തിയതോടെ പ്രതിദിനം ഒരു ലക്ഷം രൂപയ്ക്കു മുകളിലാണു കോർപറേഷനു ലാഭമെന്ന് ആരോഗ്യ സ്ഥിരസമിതി ചെയർമാൻ ടി.കെ. അഷ്റഫ് പറഞ്ഞു. വിവിധ തദ്ദേശ സ്ഥാപനങ്ങൾക്കായി 6000 ഇ– മുച്ചക്ര സൈക്കിളുകൾ നൽകിയ കമ്പനിയിൽ നിന്നു ടെൻഡർ വഴിയാണു നേരത്തേ വാഹനങ്ങൾ വാങ്ങിയതെന്നും ചെയർമാൻ പറഞ്ഞു.

ശുചിമുറി മാലിന്യം തള്ളൽ:കൗൺസിലിൽ ചർച്ച 
പൊതു ഇടങ്ങളിൽ ശുചിമുറി മാലിന്യം തള്ളുന്നതിനെതിരെ കൗൺസിൽ യോഗത്തിൽ കൗൺസിലർമാരുടെ വിമർശനം. എളംകുളം ഭാഗത്തു ചിലവന്നൂർ കായലിലേക്കു ശുചിമുറി മാലിന്യം തള്ളുന്നതു മൂലമുള്ള പ്രശ്നങ്ങൾ കൗൺസിലർ ആന്റണി പൈനുതറ മേയറുടെ ശ്രദ്ധയിൽ പെടുത്തി. ശുചിമുറി മാലിന്യം നീക്കം ചെയ്യാനായി കോർപറേഷനിൽ അടയ്ക്കുന്ന തുകയ്ക്കു പുറമേ വൻതുക ടാങ്കർ ലോറികൾ ജനങ്ങളിൽ നിന്ന് ഈടാക്കുന്നുണ്ടെന്നും കൗൺസിലർ കുറ്റപ്പെടുത്തി. കോർപറേഷന്റെ മൈകൊച്ചി ആപ്ലിക്കേഷനിൽ റജിസ്റ്റർ ചെയ്ത 83 ടാങ്കർ ലോറികളിലുൾപ്പെട്ടവയും പൊതു ഇടങ്ങളിൽ മാലിന്യം തുറന്നുവിടുന്നുണ്ടെന്നു കൗൺസിലർ ആർ. രതീഷ് കുറ്റപ്പെടുത്തി.

ടാങ്കർ ലോറികൾ ശുചിമുറി മാലിന്യം എവിടേക്കാണു കൊണ്ടുപോകുന്നതെന്ന് ഓൺലൈനായി നിരീക്ഷിക്കണം. ഇതിനായി ജിപിഎസോ ജിയോടാഗ് സംവിധാനമോ ഏർപ്പെടുത്തണമെന്നും രതീഷ് പറഞ്ഞു. ആകെ 40 ലോഡ് ശുചിമുറി മാലിന്യം കൈകാര്യം ചെയ്യാനുള്ള സംവിധാനമേ കോർപറേഷനുള്ളൂവെന്നു മേയർ  പറഞ്ഞു. പ്രശ്നപരിഹാരത്തിനു കൂടുതൽ ശുചിമുറി മാലിന്യ പ്ലാന്റുകൾ (എസ്ടിപി) വരണം. ഇത്തരം പദ്ധതികളെ കൗൺസിലർമാർ എതിർക്കരുത്. ഇവിടത്തെ കൊതുകു പ്രശ്നം ഉൾപ്പെടെ അവസാനിപ്പിക്കാൻ അതു മാത്രമേ മാർഗമുള്ളൂവെന്ന് മേയർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com