ADVERTISEMENT

കാക്കനാട്∙ വൈസ് ചെയർമാനും നഗരസഭ സെക്രട്ടറിയും വെവ്വേറെ ബജറ്റുകൾ അവതരിപ്പിച്ചതു തൃക്കാക്കര നഗരസഭയുടെ ബജറ്റ് യോഗത്തിൽ വൻ കയ്യാങ്കളിക്കു കാരണമായി. ബജറ്റ് യോഗം ആരംഭിച്ചയുടൻ സെക്രട്ടറി ടി.കെ.സന്തോഷ് ബജറ്റ് മേശപ്പുറത്ത് വയ്ക്കുകയായിരുന്നു. ഇത് അവഗണിച്ച അധ്യക്ഷ രാധാമണി പിള്ള ബജറ്റ് അവതരിപ്പിക്കാൻ വൈസ് ചെയർമാൻ പി.എം.യൂനുസിനെ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷം ബഹളവുമായി എഴുന്നേറ്റ് അധ്യക്ഷ വേദിക്ക് മുൻപിലെത്തി. വൈസ് ചെയർമാന് ബജറ്റ് അവതരിപ്പിക്കാൻ അധികാരമില്ലെന്നു പറഞ്ഞു പ്രതിപക്ഷ കൗൺസിലർമാർ തടസം സൃഷ്ടിച്ചു. 

വൈസ് ചെയർമാന് ബജറ്റ് അവതരിപ്പിക്കാൻ സൗകര്യമൊരുക്കി ഭരണപക്ഷാംഗങ്ങൾ വലയം തീർത്തതോടെ കയ്യാങ്കളി മുറുകി. ഇരിപ്പിടത്തിൽ നിന്ന് മാറി ഭരണപക്ഷ കൗൺസിലർമാരുടെ വലയത്തിനുള്ളിൽ നിന്നാണ് വൈസ് ചെയർമാൻ ആദ്യ ഭാഗങ്ങൾ വായിച്ചു ബജറ്റ് അവതരിപ്പിച്ചത്. വൈസ് ചെയർമാനും സെക്രട്ടറിയും വെവ്വേറ ബജറ്റാണ് അവതരിപ്പിച്ചതെങ്കിലും വരവ് ചെലവു കണക്കുകൾ ഒരു പോലെയാണ്. 149,48,25,549 രൂപ വരവും 140,97,34,400 രൂപ ചെലവും 8,50,91,149 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് രണ്ട് ബജറ്റുകളും. സെക്രട്ടറിയുടെ ബജറ്റിൽ കണക്കുകൾ മാത്രമേയുള്ളു. വൈസ് ചെയർമാന്റെ ബജറ്റിൽ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്.  

60 തികഞ്ഞവർക്ക് എല്ലാ മാസവും സൗജന്യ പോഷകാഹാര കിറ്റ് 
തൃക്കാക്കര നഗരസഭാ പരിധിയിലെ 60 വയസു തികഞ്ഞവർക്ക് എല്ലാ മാസവും പോഷകാഹാരം ഉൾപ്പെടുന്ന ന്യൂട്രീഷൻ കിറ്റ് സൗജന്യമായി നൽകുമെന്ന് വൈസ് ചെയർമാൻ പറഞ്ഞു. ആദ്യഘട്ടത്തിൽ 43 വാർഡുകളിൽ നിന്ന് 15 പേരെ വീതം തിരഞ്ഞെടുക്കും. ഇതിനായി 25 ലക്ഷം രൂപ നീക്കിവച്ചു. തുതിയൂരിൽ വയോജന കേന്ദ്രം സ്ഥാപിക്കാൻ 25 ലക്ഷം ചെലവഴിക്കും. വയോജന ക്ലബും പകൽവീടും നിർമിക്കും.  ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവർക്ക് പരിചരണം, സ്കോളർഷിപ്പ്, വിദ്യാഭ്യാസം, തൊഴിൽ എന്നിവ ഉറപ്പാക്കാൻ 50 ലക്ഷം രൂപ വകയിരുത്തി. ഭിന്നശേഷിക്കാർക്ക് സ്വയം തൊഴിൽ തുടങ്ങാൻ 5 ലക്ഷം രൂപ നീക്കി വച്ചു. 

പാലച്ചുവടിൽ മാർക്കറ്റും വാണിജ്യ സമുച്ചയവും
തൃക്കാക്കര പടിഞ്ഞാറൻ മേഖലയിൽ നിത്യോപയോഗ സാധനങ്ങളും മത്സ്യവും മാംസവും പച്ചക്കറിയും ന്യായ വിലയ്ക്കു ലഭ്യമാക്കാൻ പാലച്ചുവടിൽ മാർക്കറ്റും വാണിജ്യ സമുച്ചയവും സ്ലോട്ടർ ഹൗസും സ്ഥാപിക്കാൻ 5 കോടി രൂപ ബജറ്റിൽ ഉൾപ്പെടുത്തി. സ്ഥലം വാങ്ങിയാകും പദ്ധതി നടപ്പാക്കുക. 

എല്ലാ വാർഡിലും ഡബിൾ േചംബർ ഇൻസുലേറ്റർ
ഡയപ്പർ, നാപ്കിൻ തുടങ്ങിയവ ശാസ്ത്രീയമായി സംസ്ക്കരിക്കാൻ നഗരസഭയിലെ എല്ലാ വാർഡുകളിലും ഡബിൾ ചേംബർ ഇൻസുലേറ്റർ സ്ഥാപിക്കും. ഓരോ വാർഡിലും ഇതിനായി 5 സെന്റ് വീതം സ്ഥലം കണ്ടെത്തും. ആദ്യ ചെലവുകളിലേക്ക് 1.25 കോടി വകയിരുത്തി. 

മാലിന്യ സംസ്ക്കരണം; ഗ്രീൻ പാർക്ക് പദ്ധതി 
പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന വികേന്ദ്രീകൃത മാലിന്യ സംസ്ക്കരണ പദ്ധതിക്കായി ഗ്രീൻ പാർക്ക് സ്ഥാപിക്കാൻ 4 കോടി രൂപ അനുവദിച്ചു. ജനങ്ങൾക്ക് കാണാനും മനസിലാക്കാനും കഴിയും വിധമുള്ള നൂതന പ്ലാന്റാകും സ്ഥാപിക്കുക. ആദ്യ പ്ലാന്റ് നഗരസഭയോടു ചേർന്നു കിടക്കുന്ന പ്രദേശത്ത് നടപ്പാക്കാനാണ് ശ്രമം. 

മൃഗങ്ങൾക്കായി പൊതു ശ്മശാനം സ്ഥാപിക്കും 
ചെറുതും വലുതുമായ മൃഗങ്ങളുടെ അഴുകിയ ശരീര ഭാഗങ്ങൾ പൊതു നിരത്തുകളിൽ തള്ളുന്ന പ്രവണത കൂടി വരുന്നതിനാൽ അനിമൽ ക്രിമിറ്റോറിയം സ്ഥാപിക്കും. പ്രാഥമിക ചെലവുകൾക്കായി 10 ലക്ഷം രൂപ ബജറ്റിൽ നീക്കി വച്ചു.   

ചെയർപഴ്സൻസ് കപ്പ് ഫുട്ബോൾ
യുവജനങ്ങളുടെ കായിക ശേഷി പരിപോഷിപ്പിക്കുന്നതിനായി നവീന മാതൃകയിൽ ഫുട്ബോൾ മത്സരങ്ങൾ സംഘടിപ്പിക്കാൻ ‘ചെയർപഴ്സൻസ് കപ്പ്’ ഏർപ്പെടുത്തും. പ്രാരംഭ ചെലവുകൾക്കായി 5 ലക്ഷം രൂപ അനുവദിച്ചു. സ്പോൺസർമാരുടെ സഹായവും തേടും.

രണ്ട് ബജറ്റുകളും വ്യാജമെന്ന്; ഇരു കൂട്ടരും പരാതി നൽകി  
തൃക്കാക്കര നഗരസഭ കൗൺസിൽ യോഗത്തിൽ സെക്രട്ടറി അവതരിപ്പിച്ച ബജറ്റ് വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി  അധ്യക്ഷ രാധാമണി പിള്ളയും വൈസ് ചെയർമാൻ അവതരിപ്പിച്ച ബജറ്റ് വ്യാജമെന്ന് പറഞ്ഞു പ്രതിപക്ഷ കൗൺസിലർമാരും പരാതി നൽകി. നഗരസഭ സെക്രട്ടറിക്ക് ബജറ്റ് എവിടെ നിന്നാണ് ലഭിച്ചതെന്ന് അന്വേഷിക്കണമെന്നാണ് അധ്യക്ഷ പൊലീസിനു നൽകിയ പരാതിയിലെ ആവശ്യം. 

വ്യാജ ബജറ്റ് ബുക്ക് തയാറാക്കി സ്വന്തം കാറിൽ നഗരസഭയിലെത്തിച്ചു വിതരണം ചെയ്ത വൈസ് ചെയർമാനെതിരെ നടപടി ആവശ്യപ്പെട്ട് സെക്രട്ടറിക്കാണ് പ്രതിപക്ഷം പരാതി നൽകിയത്. ധനകാര്യ സ്ഥിര സമിതി ചർച്ച ചെയ്തു ചട്ടപ്രകാരമാണ് താൻ ബജറ്റ് അവതരിപ്പിച്ചതെന്ന് വൈസ് ചെയർമാൻ പി.എം.യൂനുസ് പറഞ്ഞു. ബജറ്റിന് ധനകാര്യ സമിതിയുടെ അംഗീകാരം ലഭിച്ചിട്ടില്ലെന്നിരിക്കേ ബജറ്റ് അവതരിപ്പിക്കേണ്ടത് തന്റെ ചുമതലയാണെന്ന് ബോധ്യപ്പെട്ടതിനാലാണ് സ്വന്തം നിലയിൽ ബജറ്റ് തയാറാക്കി കൗൺസിലിന്റെ മേശപ്പുറത്ത് വച്ചതെന്ന് സെക്രട്ടറി പറഞ്ഞു.

മറ്റു പ്രധാന പദ്ധതികൾ

റോഡ് വികസനം 29.67 കോടി രൂപ 
കാക്കനാട് ബസ് ടെർമിനൽ 10 കോടി  
സൗജന്യ ഭവന പദ്ധതി 5 കോടി 
കടമ്പ്രയാർ ടൂറിസം പദ്ധതി 1 കോടി
വാക്ക് വേ ടൂറിസം 1 കോടി 
അമ്മമാർക്കായി ഫീഡിങ് സെന്റർ 15 ലക്ഷം 
സ്പോർട്സ് അക്കാദമി 50 ലക്ഷം
കലക്ടറേറ്റ് ജംക‍്ഷൻ നവീകരണം 50 ലക്ഷം
ബഡ്സ് സ്കൂൾ സ്ഥാപിക്കാൻ 35 ലക്ഷം
ഭിന്നശേഷിക്കാർക്ക് മുച്ചക്ര വാഹനം 10 ലക്ഷം
ആസൂത്രണ സമിതി ഹാൾ നിർമാണം 10 ലക്ഷം
കമ്യൂണിറ്റി ഹാൾ നവീകരണം 1 കോടി
അങ്കണവാടികൾ സ്മാർട്ടാക്കാൻ 1 കോടി
സൗജന്യ ഡയാലിസിസ് 25 ലക്ഷം
ഭിന്നശേഷി സൗഹൃദ പാർക്ക് 75 ലക്ഷം
മാസ്റ്റർ പ്ലാൻ തയാറാക്കാൻ 10 ലക്ഷം
കാനകളുടെ നവീകരണം 2 കോടി
വഴി വിളക്കുകൾക്ക് 2 കോടി 
സബ്സിഡി നിരക്കിൽ ഭക്ഷ്യക്കിറ്റ് 25 ലക്ഷം
ആശാ വർക്കർമാർക്ക് യൂണിഫോം 5 ലക്ഷം
കുടുംബാരോഗ്യ കേന്ദ്രം നവീകരണം 25 ലക്ഷം
പട്ടിക വിഭാഗ ഭവന നിർമാണം 2.5 കോടി
പൊതു ശുചിമുറി നിർമാണം 20 ലക്ഷം
പഠനോപകരണ കിറ്റ് 10 ലക്ഷം
ഹാപ്പിനസ് പാർക്ക് 15 ലക്ഷം 
പൊതു കെട്ടിടങ്ങളിൽ സോളാർ പാനൽ 10 ലക്ഷം
കാർഷിക വികസനം 60 ലക്ഷം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com