ADVERTISEMENT

തൃപ്പൂണിത്തുറ ∙ ക്ഷേത്രത്തിൽ തെയ്യത്തിന്റെ ഓട്ടം ഉണ്ടെന്നു പറഞ്ഞാണു മരിച്ച വിഷ്ണു വാൻ കൊണ്ടുപോയതെന്നും വെടിമരുന്ന് ആണെന്ന് അറിഞ്ഞിരുന്നില്ലെന്നും വാൻ ഉടമ ബിജു. വാടകയ്ക്ക് ഓടിക്കുന്ന വിഷ്ണു വാൻ വീട്ടിൽ തന്നെയാണ് ഇടുന്നത്. ഇന്നലെ കല്യാണത്തിന്റെ ഓട്ടം എടുക്കാൻ വിളിച്ചപ്പോൾ തൃപ്പൂണിത്തുറയിൽ അമ്പലത്തിന്റെ ഓട്ടം ഉണ്ടെന്നും തെയ്യത്തിന്റെ സാമഗ്രികൾ കൊണ്ടുപോകണമെന്നുമാണു പറഞ്ഞിരുന്നത്.

4 ദിവസം മുൻപ് ടെസ്റ്റ് കഴിഞ്ഞ വണ്ടി ആയിരുന്നു ഇതെന്നും ബിജു പറഞ്ഞു.സ്വകാര്യ ഓട്ടങ്ങൾക്കു പോകാറുള്ള വിഷ്ണു വൈക്കത്തേക്ക് ഒരു പാർട്ടിയെ വിടാനുണ്ടെന്നു പറഞ്ഞാണു ഞായർ രാത്രി 9.30ന് വീട്ടിൽ നിന്നു വാനുമായി പോയതെന്ന് വീട്ടുകാർ പറയുന്നു. ഇന്നലെ രാവിലെ 9.30ന് അമ്മ ജീത്താദേവിയെ വിളിച്ച് താൻ വൈക്കം ക്ഷേത്രത്തിൽ നിൽക്കുകയാണെന്നും വരാൻ വൈകുമെന്നും അറിയിച്ചിരുന്നു. 

സ്ഫോടനത്തെത്തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കായി പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ തൃപ്പൂണിത്തുറ നഗരസഭ ഒരുക്കിയ താൽക്കാലിക ക്യാംപ്.
സ്ഫോടനത്തെത്തുടർന്ന് വീടുകൾക്ക് നാശനഷ്ടം സംഭവിച്ചവർക്കായി പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിൽ തൃപ്പൂണിത്തുറ നഗരസഭ ഒരുക്കിയ താൽക്കാലിക ക്യാംപ്.

ഉടൻ തന്നെ എത്തിച്ചു, പക്ഷേ...
ചോറ്റാനിക്കരയിൽ പിഎസ്‌സി ഡ്യൂട്ടിക്കു പോയി തിരിച്ചു വരുംവഴിയാണു താലൂക്ക് ആശുപത്രിയിലെ ആംബുലൻസ് ഡ്രൈവർ കെ.എസ്.സൂരജ് ചൂരക്കാട് ഭാഗത്ത് ജനക്കൂട്ടം കാണുന്നത്. ഉടൻ ആംബുലൻസ് അങ്ങോട്ടെടുത്തു. അവിടെയെത്തിയയുടൻ വിഷ്ണുവിനെ ആളുകൾ ആംബുലൻസിൽ കയറ്റി. താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരെ ഫോണിൽ വിളിച്ചറിയിച്ചു. ആശുപത്രിയിൽ എത്തിച്ചയുടൻ ചികിത്സ ആരംഭിച്ചെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ വിഷ്ണു മരിച്ചു– സൂരജ് പറഞ്ഞു.

തുടരെ 6 സ്ഫോടനങ്ങൾ 
തുടരെ 6 സ്ഫോടന ശബ്ദങ്ങൾ കേട്ടുവെന്നു സമീപവാസികൾ പറഞ്ഞു. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാർക്കൊപ്പം രക്ഷാപ്രവർത്തനം നടത്തി. വെടിക്കെട്ട് നടത്തരുതെന്നു ക്ഷേത്ര കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നതായി പൊലീസ് പറഞ്ഞു. പുതിയകാവ് ക്ഷേത്രത്തിൽ തെക്കുംപുറം വിഭാഗം വെടിക്കെട്ട് നടത്തിയതും അതുമതി ഇല്ലാതെയായിരുന്നു. ഇതിന്റെ പേരിൽ ഭാരവാഹികൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

സ്ഫോടനത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റുന്നു.
സ്ഫോടനത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിലേക്കു മാറ്റുന്നു.

സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. കലക്ടറും സിറ്റി പൊലീസ് കമ്മിഷണറും അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നു കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി നിർദേശിച്ചു. സ്ഫോടനത്തിൽ പരുക്കേറ്റവർക്കു വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി.

മെഡിക്കൽ ക്യാംപ് ഇന്ന്
തൃപ്പൂണിത്തുറ∙ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ആളുകളുടെ മാനസിക ആരോഗ്യം പരിശോധിക്കാൻ നഗരസഭയുടെ നേതൃത്വത്തിൽ സൈക്കോളജിസ്റ്റിന്റെയും സൈക്യാട്രിസ്റ്റിന്റെയും ക്യാംപ് ഇന്നു നടക്കും. പുഷ്പാഞ്ജലി ഓഡിറ്റോറിയത്തിലാണു ക്യാംപ്. 5 വയസ്സിൽ താഴെയുള്ള കുട്ടികളുടെയും കേൾവിക്കു പ്രശ്നമുണ്ടായവരുടെയും പ്രത്യേക ശ്രവണ പരിശോധന തുടർച്ചയായി നടത്തും. ആരോഗ്യവകുപ്പിന്റെ 15 ടീമുകൾ ചൂരക്കാട് ഭാഗത്തെ 28, 29, 31 വാർഡുകളിൽ രാവിലെ 9 മുതൽ ഭവനസന്ദർശനം നടത്തുമെന്നു നഗരസഭാധ്യക്ഷ രമ സന്തോഷ് പറഞ്ഞു.

ലഭിച്ചത് 255 പരാതികൾ

സ്ഫോടനത്തിൽ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപറ്റിയതു സംബന്ധിച്ചു ഇതുവരെ ലഭിച്ചത് 255 പരാതികൾ. തൃപ്പൂണിത്തുറ നഗരസഭ 28, 29, 31 ഡിവിഷനുകളിലെ താമസക്കാരാണു പരാതിയുമായി അധികൃതരെ സമീപിച്ചത്. ഭിത്തിയിലെ വിള്ളലും ജനൽ, വാതിൽ തകർന്നതും അടക്കമുള്ള പരാതികളാണു കൂടുതൽ ലഭിച്ചിട്ടുള്ളത്. ബാങ്ക് പാസ്ബുക്ക്, ആധാർ കാർഡ്, റേഷൻ കാർഡ്, കെട്ടിട നികുതി, കരം അടച്ച രസീത് എന്നിവയുടെ പകർപ്പടക്കമാണു പരാതികൾ സ്വീകരിക്കുന്നത്. പരാതികളിൽ എൻജിനീയറിങ് വിഭാഗം വിശദമായി പരിശോധന നടത്തി കലക്ടർക്കു റിപ്പോർട്ട് നൽകുമെന്നു നഗരസഭ‌ാ സെക്രട്ടറി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com