നിർത്തിയിട്ട ലോറിയിൽ തടിലോറി ഇടിച്ചു കയറി

Mail This Article
മൂവാറ്റുപുഴ∙ തീപിടിച്ചതിനെ തുടർന്നു നിർത്തിയിട്ടിരുന്ന ലോറിയിൽ തടിലോറി ഇടിച്ചു കയറി ഒരാൾക്ക് ഗുരുതര പരുക്ക്. ഇന്നലെ പുലർച്ചെ അഞ്ചരയോടെ എംസി റോഡിൽ ഈസ്റ്റ് മാറാടി ഇലവുംചുവട്ടിലാണ് അപകടം. തീ പടർന്നതിനെ തുടർന്നു റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിലേക്ക് കന്യാകുമാരിയിൽ നിന്നു തടിയുമായി പെരുമ്പാവൂരിലേക്കു പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ മുൻ ഭാഗം പൂർണമായി തകർന്ന ലോറിയിൽ കുരുങ്ങിയ ലോറി ജീവനക്കാരനായ കന്യാകുമാരി സ്വദേശി രവിയെ (45) അഗ്നിരക്ഷാ സേന എത്തി ലോറിയുടെ കാബിൻ പൊളിച്ചു നീക്കിയാണു പുറത്തെടുത്തത്. രവി ആശുപത്രിയിൽ ചികിത്സയിലാണ്. സീനിയർ ഫയർ ഓഫിസർ സിദ്ദിഖ് ഇസ്മായിലിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാ പ്രവർത്തനം.
മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇന്നലെ ഈസ്റ്റ് മാറാടിയിൽ 2 അപകടങ്ങൾ ഉണ്ടായത്. മിനി വാനും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മാറാടി സ്വദേശി മരിച്ചിരുന്നു. 4 പേർക്കു പരുക്കേൽക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് നിർത്തിയിട്ടിരുന്ന ലോറിയിൽ മറ്റൊരു ലോറി ഇടിച്ചു കയറിയത്.