ചൂരക്കാട് സ്ഫോടനം: അറസ്റ്റിലായ 6 പേർ റിമാൻഡിൽ; 3 പേർക്കു ജാമ്യം
Mail This Article
തൃപ്പൂണിത്തുറ ∙ പുതിയകാവ് ക്ഷേത്രത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വെടിക്കെട്ടു നടത്തിയെന്ന കേസിൽ അറസ്റ്റിലായ ക്ഷേത്ര ഭാരവാഹികളെയും തെക്കുപുറം കരയോഗത്തിലെ ഭാരവാഹികളെയും റിമാൻഡ് ചെയ്തു.
ക്ഷേത്ര ദേവസ്വം പ്രസിഡന്റ് അനിൽകുമാർ പുത്തൻപുരയിൽ (64), വൈസ് പ്രസിഡന്റ് ഒ.പി. ബാലചന്ദ്രൻ (60), സെക്രട്ടറി സന്തോഷ് ചാലിയത്ത് (49), ട്രഷറർ കൃഷ്ണൻകുട്ടി നായർ (75), ഭാരവാഹി അരുൺ കുമാർ കല്ലാത്ത് (41), സുനിൽ കെ. മേനോൻ (48) എന്നിവരെയാണു റിമാൻഡ് ചെയ്തത്. ഇവരെ ഒളിവിൽ പോകാൻ സാഹായിച്ച കുറ്റത്തിന് അറസ്റ്റിലായ അൻപുനാഥ് (26), അച്യുത് മേനോൻ (21), ജിജിത്ത് (39) എന്നിവർക്കു കോടതി ജാമ്യം അനുവദിച്ചു.
പടക്ക നിർമാണ ജോലിക്കെത്തിയ കൊല്ലം ഇടമൺ കനാലിൽ പുറമ്പോക്ക് വീട്ടിൽ ആനന്ദനെ (69) ഹിൽപാലസ് പൊലീസ് അറസ്റ്റ് ചെയ്തു. സ്ഫോടനത്തിൽ പരുക്കേറ്റ് എറണാകുളം ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം ഡിസ്ചാർജ് ആയതോടെയാണ് ആനന്ദനെ അറസ്റ്റ് ചെയ്തത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം അഞ്ചായി.
സ്ഫോടനത്തിൽ തങ്ങൾക്കു പങ്കില്ലെന്ന നിലപാടിലാണു തെക്കുംപുറം കരയോഗം നടത്തിയ വെടിക്കെട്ടുമായി അറസ്റ്റിലായ 9 പേർ. അതേസമയം, ചൂരക്കാട് സ്ഫോടനവുമായി ബന്ധപ്പെട്ടു നേരിട്ടു പങ്കുള്ള വടക്കുപുറം ഭാരവാഹികളെ കണ്ടെത്താൻ പൊലീസിനു കഴിഞ്ഞിട്ടില്ല. ഇവർ ഒളിവിലാണെന്നു പൊലീസ് പറയുന്നു.
അഗ്നിരക്ഷാസേന ഡയറക്ടർ ജനറൽ കെ. പത്മകുമാർ സ്ഫോടനം സംബന്ധിച്ചു മുഖ്യമന്ത്രിക്കു റിപ്പോർട്ട് സമർപ്പിച്ചു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള മധുസൂദനന്റെ നില ഗുരുതരമായി തുടരുകയാണ്. എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ തിരുവനന്തപുരം ശാസ്തവട്ടം സ്വദേശി ആദർശ് (28), കൊല്ലം പാരിപ്പള്ളി സ്വദേശി അനിൽ (50) എന്നിവർ ചികിത്സയിലുണ്ട്.