ADVERTISEMENT

കാക്കനാട്∙ ഐടി നഗരത്തിൽ വ്യാപാരികളെയും വ്യവസായികളെയും പിഴിഞ്ഞു തൃക്കാക്കര നഗരസഭ ഫണ്ട് കൊഴുപ്പിക്കുന്നതായി ആക്ഷേപം.നഗരസഭയുടെ തൊഴിൽ നികുതി നിർണയമാണ് ചെറുകിട വ്യാപാരികളെയും വ്യവസായികളെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഇന്നലെ നഗരസഭ കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തു നിന്നു തന്നെ ഇക്കാര്യം ഉന്നയിക്കപ്പെട്ടു. ഉദ്യോഗസ്ഥർ അശാസ്ത്രീയമായി തൊഴിൽ നികുതി നിർണയിക്കുന്നതിനാൽ സാധാരണക്കാർ  ബുദ്ധിമുട്ടുകയാണെന്നു ധനകാര്യ സ്ഥിര സമിതി അധ്യക്ഷൻ കൂടിയായ വൈസ് ചെയർമാൻ പി.എം.യൂനുസ് പറഞ്ഞു.

ഓരോ സ്ഥാപനത്തിലെയും തൊഴിലാളികളുടെ എണ്ണവും അവരുടെ ശമ്പളവും നഗരസഭ ഉദ്യോഗസ്ഥർ തോന്നിയ പോലെയാണ് തിട്ടപ്പെടുത്തുന്നത്. തൊഴിൽ നികുതിയുടെ പേരിൽ ചെറുകിടക്കാരെ വലയ്ക്കരുതെന്ന് പ്രതിപക്ഷ കൗൺസിലർമാരും ആവശ്യപ്പെട്ടു. മുൻവർഷങ്ങളിൽ ചട്ടപ്രകാരമുള്ള തൊഴിൽ നികുതി ഈടാക്കാത്തതിനാൽ അന്നത്തെ സെക്രട്ടറിമാരിൽ നിന്ന് പണം പിടിക്കാൻ ഓഡിറ്റ് നിർദേശമുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

കഴിഞ്ഞ രണ്ട് വർഷം മുതലെങ്കിലും മിനിമം വേതനം കണക്കാക്കി തൊഴിൽ നികുതി ഈടാക്കിയാൽ മാത്രമേ നിയമപ്രാബല്യം കിട്ടുകയുള്ളൂവെന്നും ഉദ്യോഗസ്ഥർ പറയുന്നു. നഗരസഭാധ്യക്ഷ രാധാമണി പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ  റാഷിദ് ഉള്ളംപിള്ളി, നൗഷാദ് പല്ലച്ചി, ഷാജി വാഴക്കാല, വി.ഡി.സുരേഷ്, സുനീറ ഫിറോസ്, എം.കെ.ചന്ദ്രബാബു, എം.ജെ.ഡിക്സൻ, പി.സി.മനൂപ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.  

ഫണ്ട് വിനിയോഗം: മുൻകൂർ അനുമതിയെ ചൊല്ലി തർക്കം 
തൃക്കാക്കര നഗരസഭാധ്യക്ഷ രാധാമണി പിള്ള ചില വാർഡുകളിൽ മുൻകൂർ അനുമതിയോടെ വികസന ഫണ്ട് നൽകുന്നതായുള്ള ആക്ഷേപം ഭരണപക്ഷത്തു നിന്നു തന്നെ ഉയർന്നത് ഇന്നലത്തെ കൗൺസിൽ യോഗത്തിൽ തർക്കത്തിനിടയാക്കി. എ ഗ്രൂപ്പുകാരനായ കൗൺസിലറുടെ വാർഡിൽ അങ്കണവാടി അറ്റകുറ്റപ്പണിക്ക് മുൻകൂർ അനുമതി നൽകിയതിന്റെ അജൻഡ ചർച്ചക്കെടുത്തപ്പോഴാണ് ഐ ഗ്രൂപ്പു കൗൺസിലർമാർ ആക്ഷേപം ഉന്നയിച്ചത്.

പ്രതിപക്ഷവും ഇത് ഏറ്റുപിടിച്ചെങ്കിലും അങ്കണവാടി നവീകരണമായതിനാൽ അജൻഡ അംഗീകരിക്കാൻ തീരുമാനിക്കുകയായിരുന്നു. മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി തോടുകൾ ശുചീകരിക്കുമ്പോൾ എല്ലാ വാർഡുകളിലെയും തോടുകൾക്ക് തുല്യ പരിഗണന നൽകാൻ കൗൺസിൽ തീരുമാനിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com