പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടൊരു യാത്രാ വഞ്ചി!; ചെലവ് 80 രൂപ, 2 പേർക്ക് യാത്ര ചെയ്യാം
Mail This Article
ചേരാനല്ലൂർ ∙ വെറും 80 രൂപ കൊണ്ടൊരു വഞ്ചി...അതും ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളും ഷീറ്റും കൊണ്ട് ഉണ്ടാക്കിയത്. ചേരാനല്ലൂർ ഇടയക്കുന്നം ഹരിശ്രീ നഗറിൽ സുമതി കുമാരനാണ് ഉപയോഗശൂന്യമായ വസ്തുക്കൾ ഉപയോഗിച്ചു എൺപത് രൂപ ചെലവിൽ വഞ്ചി നിർമിച്ചത്. ക്ലീൻ കേരള പദ്ധതിയുടെ ഭാഗമായാണു ഈ ആശയം ഉദിച്ചത്. ഹരിത സേനയിൽ അംഗമായ ഇവരെ കൂടെയുണ്ടായിരുന്നവരും പഞ്ചായത്തും പ്രോത്സാഹിപ്പിച്ചു. പാഴായ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചു ഇതിൽ പ്ലാസ്റ്റിക് കുപ്പികൾ നിരത്തിയ ശേഷം ഷീറ്റ് കൊണ്ടു മൂടിയാണു വഞ്ചിയുടെ നിർമാണം.
ഷീറ്റ് കെട്ടാനും ഒട്ടിക്കാനും വാങ്ങിയ പ്ലാസ്റ്ററിന്റെ വിലയാണ് എൺപതു രൂപ. വഞ്ചിയിൽ രണ്ടു പേർക്കു യാത്ര ചെയ്യാം. വീടിനോടു ചേർന്നുള്ള പുഴ കുറുകെ തുഴഞ്ഞു സുമതി തന്നെയാണു ആദ്യയാത്ര നടത്തിയത്. കൂടുതൽ പേർക്കു യാത്ര ചെയ്യാൻ സൗകര്യമുള്ളതും കൂടുതൽ സുരക്ഷയുമുള്ള വഞ്ചി നിർമാണമാണ് അടുത്ത ലക്ഷ്യം. പാഴായ വസ്തുക്കൾ കൊണ്ടു വിവിധ അലങ്കാര വസ്തുക്കൾ ഉണ്ടാക്കുന്നതും ഇവരുടെ ഹോബിയാണ്.