തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷന് ചുമർചിത്ര പ്രൗഢി: ഉദ്ഘാടനത്തിന് ഒരുക്കങ്ങൾ അന്തിമഘട്ടത്തിൽ

Mail This Article
തൃപ്പൂണിത്തുറ ∙ കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ യാത്രക്കാരെ വരവേൽക്കുന്നത് ചുമർചിത്രങ്ങൾ നിറഞ്ഞ തൂണുകൾ. അത്തച്ചമയത്തിന്റെ നാടായ തൃപ്പൂണിത്തുറയുടെ മെട്രോ സ്റ്റേഷൻ തൂണുകൾ അത്തച്ചമയ പ്രമേയത്തിലാണ് ഒരുങ്ങുന്നത്. മ്യൂറൽ ചിത്രങ്ങളാണ് ഇവിടെ വരച്ചിരിക്കുന്നത്. മഹാബലിയും വാമനനും തൂണുകളിൽ ഇടം പിടിച്ചു കഴിഞ്ഞു.
കലാരൂപങ്ങളായ കഥകളിയും തെയ്യവും നങ്ങ്യാർക്കൂത്തും മോഹിനിയാട്ടവും എല്ലാം തൂണുകളുടെ ഭംഗി വർധിപ്പിക്കുന്നു. അത്തം ഘോഷയാത്രയിൽ അണിനിരക്കുന്ന കരകാട്ടം, കാവടിയാട്ടം തുടങ്ങിയവയുമുണ്ട്. ചെണ്ടമേളം, കൊമ്പ്, കുഴൽ തുടങ്ങിയവയും തൂണുകളിൽ തെളിഞ്ഞു നിൽക്കുന്നു. മെട്രോ സ്റ്റേഷന്റെ ചുമരിൽ സ്വാഗതമോതി ഒരു ഭാഗത്ത് ആനകളും മറു ഭാഗത്ത് അരയന്നങ്ങളുമാണ്.
1.35 ലക്ഷം ചതുരശ്രഅടി
സ്റ്റേഷന്റെ അവസാനവട്ട ജോലികളാണ് പുരോഗമിക്കുന്നത്. അധികം വൈകാതെ സ്റ്റേഷൻ ഉദ്ഘാടനം നടക്കും. കഴിഞ്ഞ ദിവസമാണു ചീഫ് മെട്രോ റെയിൽ സുരക്ഷാ കമ്മിഷണർ ആനന്ദ് എം. ചൗധരിയുടെ നേതൃത്വത്തിലുള്ള പരിശോധന പൂർത്തിയായത്. സ്റ്റേഷൻ 1.35 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് ഒരുങ്ങുന്നത്. ഇതിൽ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികൾക്കായി നീക്കിവച്ചിരിക്കുകയാണ്.
വികസനക്കുതിപ്പ്
റെയിൽവേ സ്റ്റേഷന് സമീപം മെട്രോ എത്തുന്നതോടെ നഗരത്തിന്റെ മുഖഛായ തന്നെ മാറ്റുന്ന വികസനം നഗരത്തിൽ ഉണ്ടാകും എന്ന പ്രതീക്ഷയിലാണു നാട്ടുകാർ. മെട്രോ സ്റ്റേഷൻ, റെയിൽവേ സ്റ്റേഷൻ എന്നിവയ്ക്കു പുറമേ നഗരസഭയുടെ നിർദിഷ്ട ബസ് സ്റ്റാൻഡ് കൂടി ഇവിടേക്ക് എത്തുന്നതോടെ വലിയ വികസനക്കുതിപ്പുണ്ടാകും. ജൂണിൽ തന്നെ ബസ് സ്റ്റാൻഡിന്റെ നിർമാണോദ്ഘാടനം നടത്താമെന്നു നഗരസഭ പ്രതീക്ഷിക്കുന്നു. റെയിൽവേ, മെട്രോ, ബസ് സ്റ്റാൻഡ് എന്നിവ മൂന്നും ഇവിടെ സംഗമിക്കുന്നതോടെ കിഴക്കേക്കോട്ട, സ്റ്റാച്യു എന്നീ രണ്ടുകേന്ദ്രങ്ങളിലായി മാത്രം ഒതുങ്ങി നിൽക്കുന്ന നഗരം കുറച്ചു കൂടി വളർന്നു വിസ്തൃതി കൈവരിക്കും. ദൂര ദേശങ്ങളിൽ നിന്നു ട്രെയിനുകളിൽ വരുന്നവർക്ക് എറണാകുളം ഭാഗത്തേക്ക് മെട്രോയിൽ കയറി പോകാനാകും.
പുതിയ റോഡ് വേണം
മെട്രോ റെയിൽ തൃപ്പൂണിത്തുറയിലേക്ക് എത്തുമ്പോൾ എസ്എൻ ജംക്‌ഷൻ - റിഫൈനറി റോഡിൽ നിന്ന് കിഴക്കേക്കോട്ട - ഹിൽപാലസ് റോഡിലേക്ക് മെട്രോ സ്റ്റേഷന്റെ സമീപത്തുകൂടി പുതിയ റോഡ് വേണമെന്ന ആവശ്യമുയരുന്നുണ്ട്. ഈ റോഡ് നിർമിക്കാതെ മെട്രോ സ്റ്റേഷൻ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷന് സമീപം എത്തിച്ചാൽ മാർക്കറ്റ് റോഡ്, പള്ളിപറമ്പ്കാവു റോഡ്, റെയിൽവേ സ്റ്റേഷൻ റോഡ് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്കുണ്ടാകും എന്നാണ് ആശങ്ക.