600 ചാക്ക് മാലിന്യം നീക്കം ചെയ്തു; ഫോർട്ട്കൊച്ചി ബീച്ച് ക്ലീൻ

Mail This Article
ഫോർട്ട്കൊച്ചി∙ പോളപ്പായലിന്റെ വരവ് കുറഞ്ഞതും തുടർച്ചയായി നടത്തുന്ന ശുചീകരണവും മൂലം ഫോർട്ട്കൊച്ചി ബീച്ച് ക്ലീൻ. 17 തൊഴിലാളികളാണ് ദിവസവും കടപ്പുറം ശുചീകരിക്കാൻ രംഗത്തിറങ്ങുന്നത്. ഫോർട്ട്കൊച്ചി ഹെറിറ്റേജ് സോൺ കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ 2 ആഴ്ചയായി കടപ്പുറം ശുചീകരിക്കുന്നതിന് വലിയ ശ്രമമാണ് നടത്തിയത്. നോർത്ത് ബീച്ചിൽ കുളം പോലെ രൂപപ്പെട്ട് പോളപ്പായൽ ചീഞ്ഞളിഞ്ഞ് ദുർഗന്ധം വമിക്കുന്ന പ്രദേശം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നികത്തി. കെട്ടിക്കിടന്ന പോളപ്പായൽ മാലിന്യം യന്ത്രസഹായത്തോടെ കുഴിച്ചു മൂടി.
600 ചാക്ക് മാലിന്യമാണ് ഇവിടെ നിന്ന് നീക്കം ചെയ്തത്. ഇവ സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ വാഹനത്തിൽ കൊണ്ടു പോയി.മാസത്തിൽ 7 ദിവസമെങ്കിലും യന്ത്ര സഹായത്തോടെയുള്ള ശുചീകരണം അനിവാര്യമാണെന്ന് സൊസൈറ്റി നോഡൽ ഓഫിസർ ബോണി തോമസ് പറയുന്നു. ഒരു ദിവസം മണ്ണുമാന്തി യന്ത്രം ഇറക്കി ശുചീകരണം നടത്തുന്നതിന് 10,500 രൂപ വേണ്ടി വരും. തുടർച്ചയായി യന്ത്രം ഇറക്കുന്നതിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകുന്നു. ബദൽ സംവിധാനത്തിന് വഴി തേടുകയാണ് സൊസൈറ്റി.