ADVERTISEMENT

ചോറ്റാനിക്കര ∙ ദേവീക്ഷേത്രത്തിൽ മകം ഉത്സവത്തോടനുബന്ധിച്ചുള്ള ഉത്സവബലി ദർശനം നടന്നു. രാവിലെ കുരീക്കാട് ശ്രീകൃഷ്ണ ക്ഷേത്രക്കുളത്തിൽ ആറാട്ടിനു ശേഷം ക്ഷേത്രത്തിലെത്തി നിത്യച്ചടങ്ങുകൾ നടത്തി. തുടർന്നു ശ്രീകോവിലിന്റെ തെക്കുഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ പഴുക്കാമണ്ഡപത്തിൽ ഭഗവതിയെ എഴുന്നള്ളിച്ചിരുത്തി വിശേഷാൽ പൂജകൾ നടത്തി.ക്ഷേത്രം തന്ത്രി പുലിയന്നൂർ അനുജൻ നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ സപ്തമാതൃക്കൾക്കു ബലിതൂകി.

ശ്രീകോവിലിനു ചുറ്റും ബലിക്കല്ലുകളിൽ ബലിതൂകി പ്രത്യേകം മരപ്പാണിയുടെയും വാദ്യങ്ങളുടെയും അകമ്പടിയോടെ ചുറ്റമ്പലത്തിനു പുറത്തുള്ള വലിയ ബലിക്കല്ലിലും പ്രദക്ഷിണ വഴികളിലും 6 പ്രദക്ഷിണങ്ങളിൽ എല്ലാ ഭൂതഗണങ്ങൾക്കും ബലിതൂകി. വലിയ ബലിക്കല്ലിൽ നിന്നു തുടങ്ങി ഒരു മന്ത്രം ഒറ്റ ശ്വാസത്തിൽ ജപിച്ച് ഓട്ടപ്രദക്ഷിണമായി ഏഴാമത്തെ പ്രദക്ഷിണം പൂർത്തിയാക്കി വലിയ ബലിക്കല്ലിൽ ബലിതൂകി ഹവിസ്സ് സമർപ്പിച്ചതോടെയാണ് ഉത്സവബലി ചടങ്ങുകൾ സമാപിച്ചത്.

മേൽശാന്തിമാരായ ടി.പി.കൃഷ്ണൻ നമ്പൂതിരി, സി.എസ്.രാമചന്ദ്രൻ എമ്പ്രാന്തിരി എന്നിവർ സഹകാർമികരായി. ദേവസ്വം അസി. കമ്മിഷണർ ബിജു ആർ. പിള്ള, മാനേജർ രഞ്ജിനി രാധാകൃഷ്ണൻ, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് കെ.കെ.വേണുഗോപാൽ, സെക്രട്ടറി തമ്പി തിലകൻ എന്നിവർ പങ്കെടുത്തു. ഇന്നു രാവിലെ 5.30നു പറയ്ക്കെഴുന്നള്ളിപ്പ്, 7നു കിഴക്കേ ചിറയിൽ ആറാട്ട്, ചങ്ക്രോത്ത് മനയിൽ ഇറക്കിപ്പൂജ, ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷം കൊടിമരച്ചുവട്ടിൽ പറ സ്വീകരിക്കും

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com