ADVERTISEMENT

കൊച്ചി ∙ ഒച്ചുകളിൽ നിന്നു പകരുന്ന ഇസിനോഫിലിക് മെനിംഗോ എൻസെഫലൈറ്റിസ് എന്ന ഗുരുതരമായ രോഗാവസ്ഥ ദക്ഷിണേന്ത്യയിലെ കുട്ടികളിൽ വ്യാപിക്കുന്നതായി കൊച്ചി അമൃത ആശുപത്രിയുടെ പഠനത്തിൽ കണ്ടെത്തി. 14 വർഷത്തെ പഠനത്തിനു ശേഷമാണു റിപ്പോർട്ട് പുറത്തു വിടുന്നത്. പരിശോധിക്കപ്പെട്ട കുട്ടികളിൽ പകുതിയിലധികം പേർക്കും ഒച്ചുകളുമായി നേരിട്ട് സമ്പർക്കമുണ്ടായിരുന്നു. പീഡിയാട്രിക് ന്യൂറോളജി വിഭാഗത്തിലെ ഡോ. കെ.പി. വിനയനാണു പഠനസംഘത്തെ നയിച്ചത്.

ഒച്ചുകളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെയോ ഒച്ചിന്റെ ലാർവ വീണ ഭക്ഷണത്തിലൂടെയോ കളിപ്പാട്ടത്തിലൂടെയോ കുട്ടികൾക്ക് അണുബാധയുണ്ടാവാം. കുടലിൽ നിന്നു തലച്ചോറിലേക്ക് സഞ്ചരിക്കുന്ന ലാർവ ഇസിനോഫിലിക് മെനിംഗോഎൻസെഫലൈറ്റിസ് ഉണ്ടാക്കുന്നു. വൃത്തിയാക്കാത്ത, വേവിക്കാത്ത പച്ചക്കറികൾ അടങ്ങിയ സാലഡുകൾ കഴിക്കുന്നതിലൂടെയും സാമൂഹിക-സാംസ്‌കാരിക രീതികളുടെയോ പ്രത്യേക പാചക ശീലങ്ങളുടെയോ ഭാഗമായി പാകം ചെയ്യാത്ത ഉടുമ്പ്, ഞണ്ട്, തവള, ചെമ്മീൻ എന്നിവയുടെ മാംസം കഴിക്കുന്നതിലൂടെയും അണുബാധയേൽക്കാം. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണം.

സാധാരണ മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങളായ ഉയർന്ന തപനിലയുള്ള പനി, അലസത, ക്ഷോഭം, പ്രകാശത്തോടും ശബ്ദത്തോടുമുള്ള ഇഷ്ടക്കുറവ്, ഛർദ്ദി, ഇടവിട്ടുള്ള ബോധ, അബോധാവസ്ഥ എന്നിവയാണ് ഇസിനോഫിലിക് മെനിംഗോ എൻസെഫലൈറ്റിസിന്റെയും ലക്ഷണങ്ങൾ. ആന്റിബയോട്ടിക്കുകൾ കൊണ്ട് ഈ രോഗലക്ഷണങ്ങൾ കുറയുന്നില്ല. വീടും പരിസരവും ശുചിയായി സൂക്ഷിക്കുക, സാലഡുകളിൽ ഉപയോഗിക്കുന്ന പച്ചക്കറികൾ വൃത്തിയാക്കുക എന്നിവയാണു പ്രതിരോധമാർഗമെന്നു ഡോ. കെ.പി. വിനയൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com