51 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി

Mail This Article
നെടുമ്പാശേരി ∙ വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ചും ഹെയർ ബാൻഡിന്റെ രൂപത്തിലാക്കിയും കടത്താൻ ശ്രമിച്ച 51 ലക്ഷം രൂപ വില വരുന്ന സ്വർണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഇന്നലെ മാലിയിൽ നിന്നെത്തിയ ഇൻഡിഗോ വിമാനത്തിന്റെ ശുചിമുറിയിൽ ഒളിപ്പിച്ചാണ് 37 ലക്ഷം രൂപ വില വരുന്ന സ്വർണം കടത്താൻ ശ്രമിച്ചത്. വിമാനത്തിൽ സ്വർണം കടത്തുന്നതായി ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് ചെന്നൈ യൂണിറ്റിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് വിമാനത്തിൽ കസ്റ്റംസ് പരിശോധന നടത്തിയത്.
വാഷ് ബേസിന്റെ അടിയിൽ 582 ഗ്രാം സ്വർണം 10 ചെറു കഷണങ്ങളാക്കി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച് വച്ചിരിക്കുകയായിരുന്നു. സ്വർണം കടത്താൻ ശ്രമിച്ചയാളെ കണ്ടെത്താൻ കസ്റ്റംസ് ശ്രമം തുടങ്ങി. കുവൈത്തിൽ നിന്ന് കൊച്ചിയിലെത്തിയ ആന്ധ്ര സ്വദേശി അഹമ്മദ് ബാഷയാണ് ഹെയർ ബാൻഡുകളുടെ രൂപത്തിലാക്കി സ്വർണം കടത്താൻ ശ്രമിച്ചത്. 6 ഹെയർ ബാൻഡുകളാണ് ബാഷയുടെ ബാഗിൽ നിന്നു കണ്ടെടുത്തത്. ഇവയിൽ നിന്ന് 229 ഗ്രാം സ്വർണം വീണ്ടെടുത്തു. 14 ലക്ഷം രൂപ വില വരുമിതിന്.