ADVERTISEMENT

ആലുവ∙ മാർച്ച് 8ന് ആരംഭിക്കുന്ന ശിവരാത്രി ആഘോഷത്തിനുള്ള ഒരുക്കങ്ങൾ മണപ്പുറത്തും മഹാദേവ ക്ഷേത്രത്തിലും പുരോഗമിക്കുന്നു. കൊട്ടാരക്കടവ്–മണപ്പുറം നടപ്പാലത്തിൽ നിന്നു ക്ഷേത്രത്തിലേക്കുള്ള പുതിയ കോൺക്രീറ്റ് നടപ്പാതയുടെ നിർമാണം പൂർത്തിയായി. 

ആലുവ മണപ്പുറത്തെ അമ്യൂസ്മെന്റ് പാർക്കിൽ വിനോദ സാമഗ്രികൾ സ്ഥാപിക്കുന്നു.
ആലുവ മണപ്പുറത്തെ അമ്യൂസ്മെന്റ് പാർക്കിൽ വിനോദ സാമഗ്രികൾ സ്ഥാപിക്കുന്നു.

ആൽത്തറ റോഡിൽ നിന്നു ക്ഷേത്രത്തിലേക്ക് ഇറങ്ങുന്ന കോൺക്രീറ്റ് റോഡുകളുടെ പണി 2 ദിവസത്തിനുള്ളിൽ തീരും. പ്രവേശന കവാടത്തിലെ അലങ്കാര ഗോപുരത്തിന്റെ പെയിന്റിങ്ങും മറ്റും അവസാന ഘട്ടത്തിലാണ്. മണപ്പുറത്തിന്റെ കിഴക്കു വടക്കു ഭാഗങ്ങളിലെ കുറ്റിക്കാടുകളും പുല്ലും ട്രാക്ടർ ഉപയോഗിച്ചു വെട്ടിനീക്കി. അടുത്ത ദിവസം പടിഞ്ഞാറു ഭാഗത്തെ കാടു വെട്ടുന്നതോടെ മണപ്പുറം ശുചീകരണം ഏറെക്കുറെ പൂർത്തിയാകും. ക്ഷേത്രത്തിനകത്തും ചുറ്റമ്പലത്തിലും പെയിന്റിങ് നടക്കുകയാണ്. അതു കഴിഞ്ഞാൽ മേൽക്കൂരയും ക്ഷേത്ര പരിസരവും കുളിക്കടവുകളും കഴുകി വൃത്തിയാക്കും. ഊട്ടുപുരയ്ക്കുള്ള പന്തലുകളുടെ നിർമാണം ആരംഭിച്ചു. 

ഇതു പൂർത്തിയാകുന്നതോടെ വൈദ്യുതി വിളക്കുകൾ സ്ഥാപിക്കുന്ന ജോലി തുടങ്ങും. 116 ബലിത്തറകളിൽ 95 എണ്ണം ഇതിനകം ലേലത്തിൽ പോയി. നഗരസഭയുടെ അധീനതയിലുള്ള വടക്കേ മണപ്പുറത്തു വ്യാപാര മേള, അമ്യൂസ്മെന്റ് പാർക്ക് എന്നിവയ്ക്കുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നു. പതിവു പരിപാടികളിൽ നിന്നു വ്യത്യസ്തമായ റൈഡുകൾ, ജർമൻ ടെന്റ് തുടങ്ങിയവ ഇത്തവണ ശിവരാത്രി മേളയെ ആകർഷകമാക്കുമെന്നു നഗരസഭാധ്യക്ഷൻ എം.ഒ. ജോൺ പറഞ്ഞു. നഗരസഭ ഒരാഴ്ച നീളുന്ന ദൃശ്യോത്സവം സംഘടിപ്പിക്കുന്നത് ഇവിടെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com