ADVERTISEMENT

കളമശേരി ∙ നല്ലവേഷം ധരിച്ച് എത്തിയ ആളെ കണ്ടാൽ കള്ളനാണെന്നു പറയില്ല. ‘വെറുമൊരു മോഷ്ടാവാണെന്നു’ കരുതി വിട്ടയയ്ക്കുകയും ചെയ്തു. പക്ഷേ നാട്ടുകാരിൽ ചില സംശയകുതുകികൾ സംശയം തീർക്കാനായി തൃക്കാക്കര പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർക്ക് ഫോട്ടോ അയച്ചു കൊടുത്തു. ഒറ്റനോട്ടത്തിൽ പൊലീസിന് ആളെ മനസ്സിലായി. പൊലീസ് ലിസ്റ്റിലുള്ള തൃക്കാക്കര സ്വദേശി കൃഷ്ണൻ എന്ന പഠിച്ച കള്ളനാണെന്നും അയാളെ വിട്ടുകളഞ്ഞതു ശരിയായില്ലെന്നും ഇൻസ്പെക്ടർ പറഞ്ഞതോടെ പറ്റിയ അമളിയിൽ ദുഃഖിച്ചിരിക്കുകയാണു നാട്ടുകാർ.

കളമശേരി യൂണിവേഴ്സിറ്റി കോളനിയിൽ നിർമാണത്തിലുള്ള കെട്ടിടത്തിലാണ് ഉച്ചയ്ക്ക് 12ന് മാന്യമായി വേഷം ധരിച്ച കള്ളനെത്തിയത്. വന്നപാടെ കെട്ടിടത്തിനകത്തൊക്കെ കയറി നോക്കി. ജോലിയിലേർപ്പെട്ടിരുന്ന അതിഥിത്തൊഴിലാളികൾ മുതലാളിമാർ ആരോ ആണെന്നാണു കരുതിയത്. എങ്കിലും സംശയത്തോടെ അവരും ഇയാളുടെ നീക്കം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തങ്ങളുടെ വസ്ത്രങ്ങളിൽ നിന്നു പണം എടുക്കുന്നതു കണ്ടപ്പോൾ അവർ സമീപവാസിയെ വിളിച്ചുവരുത്തി. അദ്ദേഹമെത്തി ഇയാളെ ചോദ്യം ചെയ്തു. 

താൻ പൊളിഞ്ഞുപോയ ഒരു കരാറുകാരനാണെന്നും ഭക്ഷണം കഴിക്കാനാണു പണമെടുത്തതെന്നും ആദ്യമായിട്ടാണെന്നും പറഞ്ഞപ്പോൾ അതിഥിത്തൊഴിലാളികളുടെ മനസ്സലിഞ്ഞു. 100 രൂപ നൽകുകയും മോഷ്ടിക്കരുതെന്നും വലിയ ബുദ്ധിമുട്ടുള്ളപ്പോൾ വന്നാൽ അൻപതോ നൂറോ രൂപ തങ്ങൾ തരാമെന്നും ഉപദേശിച്ചാണ് അതിഥിത്തൊഴിലാളികൾ ഇയാളെ പറഞ്ഞുവിട്ടത്. 

സ്കൂട്ടറിലാണ് കള്ളൻ എത്തിയത്. കിട്ടിയ 100 രൂപയും ഉപദേശം കേട്ട് പൊട്ടിക്കരഞ്ഞും കള്ളൻ സ്കൂട്ടറിൽ മടങ്ങി. പിന്നീടുള്ള അന്വേഷണത്തിലാണ് പോക്കറ്റടിക്കാരനാണെന്നും പൊലീസ് തേടിക്കൊണ്ടിരുന്ന കള്ളനാണെന്നും മനസ്സിലാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com