ADVERTISEMENT

പെരുമ്പാവൂർ∙ കുണ്ടന്നൂർ –അങ്കമാലി ഗ്രീൻഫീൽഡ് ഹൈവേയുടെ തുടർ നടപടികൾ പുരോഗമിക്കുകയാണെന്നു ബെന്നി ബഹനാൻ എംപി. പദ്ധതിയുടെ ഒന്നാം വിജ്ഞാപനം വന്നു. രണ്ടാം വിജ്ഞാപനത്തിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നു. പാർലമെന്റിന്റെ അവസാന സമ്മേളനത്തിലും ഇക്കാര്യം ഉന്നയിച്ചതായി എംപി വ്യക്തമാക്കി.

റോഡ് വികസനം, പൗരത്വ പ്രശ്നം, ഏക സിവിൽകോഡ്, സംസ്ഥാനത്തോടുള്ള കേന്ദ്ര  അവഗണന തുടങ്ങി ഒട്ടേറെ വിഷയങ്ങളിൽ പാർലമെന്റ് ചർച്ചകളിൽ ഇടപെടാൻ കഴിഞ്ഞു. 17 കോടി രൂപയുടെ എംപി ഫണ്ടിനു പുറമേ മുൻ എംപി ഇന്നസന്റിന്റെ 2.5 കോടി രൂപയുടെ എംപി ഫണ്ട് കൂടി ഉപയോഗപ്പെടുത്താൻ കഴിഞ്ഞു. എംപി ഫണ്ടിൽ 5.5 കോടി രൂപയും വിദ്യാഭ്യാസ മേഖലയിലാണു ചെലവിട്ടത്.

ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപായി മലയാള മനോരമ സംഘടിപ്പിച്ച സംവാദ പരിപാടിയിൽ കോളജ് വിദ്യാർഥികളോട് സംസാരിക്കുകയായിരുന്നു ബെന്നി ബഹനാൻ. മണ്ഡലത്തിന്റെ വികസന സ്വപ്നങ്ങളും താൻ നടത്തിയ ഇടപെടലുകളും എംപി വിശദീകരിച്ചു. മലയാളി വിദ്യാർഥികൾ കൂട്ടത്തോടെ വിദേശത്തേക്കു പോകുന്നതിലെ ആശങ്ക പങ്കുവച്ചു. ചെറുപ്പക്കാരുടെ ആശങ്കകളും ആഗ്രഹങ്ങളും വിദ്യാർഥികൾ അവതരിപ്പിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച പ്രസക്തമായ ചോദ്യങ്ങളും മറുപടിയും:

∙ 5 വർഷത്തെ പ്രവർത്തനം, സ്വയം വിലയിരുത്തൽ ? 
ജനപ്രതിനിധിയായി ഉടനെ തന്നെ കോവിഡ് കാലമെത്തി. അതിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായിരുന്നു മുൻഗണന. എംപി ഫണ്ട് 2 വർഷം മരവിപ്പിച്ചതു വലിയ പ്രതിസന്ധിയുണ്ടാക്കി. ആവശ്യമുള്ള സ്ഥലങ്ങളിൽ ആംബുലൻസ്, ഓക്സിജൻ കിറ്റുകൾ, ഓക്സിജൻ പ്ലാന്റുകൾ എന്നിവ ലഭ്യമാക്കി. ഇന്ത്യയിൽ ആദ്യമായി പൊതു ജനങ്ങൾക്കു സൗജന്യ വാക്സിൻ പദ്ധതി നടപ്പാക്കിയത് ചാലക്കുടി മണ്ഡലത്തിലാണ്. 2,000 പേർക്കു സൗജന്യ വാക്സീൻ നൽകി. തോട്ടം തൊഴിലാളികൾ, ആദിവാസികൾ എന്നിവർക്കു അവരുടെ സ്ഥലത്തുപോയി വാക്സീൻ നൽകി.ഓൺലൈൻ പഠനത്തിനു ലാപ്ടോപ്പുകളും കംപ്യൂട്ടറുകളും സാധ്യമായിടത്തൊക്കെ എത്തിച്ചു. ഭിന്നശേഷിക്കാർക്ക് സഹായം എത്തിക്കുന്നതിന് 5 വർഷവും മുന്തിയ പരിഗണന നൽകി. 

∙ മെട്രോ അങ്കമാലിയിലേക്കും വിമാനത്താവളത്തിലേക്കും എന്നു വരും ? 
തൃക്കാക്കര എംഎൽഎ ആയിരിക്കുമ്പോൾ , മെട്രോ കാക്കനാട്ടേക്ക് എത്തിക്കാനായിരുന്നു ശ്രമം. അതിനു തുടക്കമായി. ഇൗ ഘട്ടം പൂർത്തിയാകുമ്പോൾ മെട്രോ അങ്കമാലിക്കും കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലേക്കും എത്തും. 

∙ വിദ്യാർഥികൾക്കിടയിൽ ലഹരി ഉപയോഗം കൂടി വരുന്നു. ഇതു തടയാൻ എന്തു നടപടി ? 
നിയമ നിർമാണം കൊണ്ടുമാത്രം ഇതിൽ മാറ്റം വരുത്താനാവില്ല. വിദ്യാർഥികൾക്കിടയിൽത്തന്നെ ആദ്യം അവബോധം ഉണ്ടാകണം. അവരുടെ സർഗശേഷിയും ചിന്തകളും പരിപോഷിപ്പിക്കണം.

∙ അതിഥിത്തൊഴിലാളികളുടെ സംരക്ഷണത്തിനുള്ള നടപടികൾ ? 
നിയമങ്ങൾ നടപ്പാക്കാത്തതാണു പ്രശ്നം. അതിഥിത്തൊഴിലാളികൾ പരിതാപകരമായ സാഹചര്യങ്ങളിലാണു ജീവിക്കുന്നത്. അത് അവരുടെ സ്വഭാവത്തിൽ പ്രതിഫലിക്കുന്നു. അവർക്കു മാന്യമായ താമസവും ജീവിത സാഹചര്യവും വേണം. ഇതു തൊഴിൽ ഉടമയുടെ ഉത്തരവാദിത്തമായി മാറണം. 

∙ ഏക സിവിൽകോഡ്, പൗരത്വ നിയമം 
വൈവിധ്യമാണ് ഇന്ത്യയുടെ സൗന്ദര്യം.എല്ലാ മതങ്ങളെയും ഉൾക്കൊള്ളാനുള്ള കാഴ്ചപ്പാടാണ് നമ്മുടേത്. ഭരണഘടന അത് ഉറപ്പ് നൽകുന്നു. 3 വർഷത്തെ നിരന്തര ചർച്ചകളിലൂടെയാണ് ഇന്ത്യൻ ഭരണഘടന തയാറാക്കിയത്. എന്നാൽ ഭരണഘടനയുടെ മൂല്യങ്ങൾ തകർക്കാനാണ് ഇപ്പോൾ ശ്രമം. പൗരത്വ ബില്ലും ഏക സിവിൽ കോഡും അതിന്റെ ഭാഗമാണ്.

∙ ഗതാഗതക്കുരുക്ക് വലിയ പ്രശ്നമാണല്ലോ ? 
പെരുമ്പാവൂരും അങ്കമാലിയിലും ബൈപാസ് അത്യാവശ്യമാണ്. പെരുമ്പാവൂരിൽ സംസ്ഥാന സർക്കാർ ബൈപാസ് നിർമിക്കുന്നു. അങ്കമാലി– കുണ്ടന്നൂർ ഗ്രീൻ ഫീൽഡ് ദേശീയപാത പൂർത്തിയായാൽ അങ്കമാലി ബൈപാസിന്റെ പ്രശ്നം തീരും. ഇതിനു സ്ഥലമെടുപ്പു വലിയ പ്രശ്നമാണ്. ഹൈവേയുടെ കാര്യം കേന്ദ്രമന്ത്രിയുമായി പലവട്ടം ചർച്ച ചെയ്തു.  

∙ വന്യജീവി ആക്രമണങ്ങൾ പെരുകുന്നു. ജനങ്ങളെ രക്ഷിക്കാനുള്ള നടപടി ? 
കേന്ദ്ര സർക്കാർ അടിസ്ഥാനപരമായ നിയമ നിർമാണം നടത്തണം. കാട്ടു മൃഗങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം മനുഷ്യ ജീവനു സുരക്ഷിതത്വം നൽകുകയും വേണം. റോഡുകൾ മൂലം ആനത്താരകളും മറ്റും മുറിഞ്ഞുപോകാതിരിക്കാൻ ചില രാജ്യങ്ങളിൽ നവീനമായ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പഠനങ്ങൾ വേണം. 

∙ അങ്കമാലി ബൈപാസിനു വേണ്ടി എന്തു ഇടപെടലാണ് നടത്തിയത്? 
പല വട്ടം അങ്കമാലി ബൈപാസിനെ സംബന്ധിച്ച വിഷയം പാർലമെന്റിൽ അവതരിപ്പിച്ചു. മന്ത്രിയുമായി ചർച്ച നടത്തി. ആദ്യ ഘട്ട നോട്ടിഫിക്കേഷൻ വന്നിട്ടുണ്ട്. അലൈൻമെന്റ് സംബന്ധിച്ച് സമ്മർദം ചെലുത്തിയിട്ടുണ്ട്. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കാനുണ്ട്. 

∙ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം, കേരളത്തിലെ തൊഴിലില്ലായ്മ ? 
ജോലി തേടിയാണ് ആളുകൾ പണ്ട് പുറത്തു പോയിരുന്നത്. ഇന്നത് അതല്ല, വിദ്യാഭ്യാസത്തിനു വേണ്ടി പോകുന്നു. അവിടെ സ്ഥിര താമസമാക്കുന്നു. ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം തേടി വിദ്യാർഥികൾ പോകുന്നു.  വിദ്യാഭ്യാസത്തിൽ കിട്ടേണ്ട അറിവും തിരിച്ചറിവും വിദ്യാഭ്യാസത്തിൽ നിന്നു കിട്ടാത്ത സാഹചര്യമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലുണ്ടായ മൂല്യശോഷണമാണ്. അതു മാറണം. കൂടുതൽ വ്യവസായങ്ങൾ വന്നാൽ മാത്രമേ കൂടുതൽ ജോലി സാധ്യത തുറക്കുകയുള്ളൂ. അതിനുള്ള സാഹചര്യം സംസ്ഥാനത്ത് ഇല്ല. വരംഭക സൗഹൃദമായ ഇടപെടലുകൾ വേണം.

∙ ജനങ്ങളുടെ പ്രശ്നങ്ങളല്ലല്ലോ രാഷ്ട്രീയത്തിലെ ചർച്ച. താങ്കളുടെ കാഴ്ചപ്പാട് ? 
നമ്മുടെ രാജ്യം എങ്ങോട്ട് പോകുന്നുവെന്ന ചോദ്യം പ്രസക്തമാണ്. മതനിരപേക്ഷതയും ജനാധിപത്യവുമാണു നമ്മുടെ രാജ്യത്തിന്റെ ശക്തി. എല്ലാ പാർട്ടികളും അതു സ്വാർഥകമാക്കാൻ ശ്രമിക്കുമ്പോഴാണു ജനാധിപത്യം ശക്തിപ്പെടുന്നത്. അതിനു അനുയോജ്യമായ നിലപാട് എല്ലാ പാർട്ടികളും സ്വീകരിക്കണം.

∙ മാധ്യമ സ്വാതന്ത്ര്യത്തിന്റെ ഇന്ത്യൻ അവസ്ഥ ? 
ഭൂരിപക്ഷ അഭിപ്രായത്തെ മാനിക്കുക എന്നതല്ല, അഭിപ്രായ വ്യത്യാസം ഉൾക്കൊള്ളാനുള്ള മനസ്സാണ് കാണിക്കേണ്ടത്. മാധ്യമങ്ങൾക്ക് അതിന്റേതായ സ്വാതന്ത്ര്യങ്ങളുണ്ട്. മാധ്യമ സ്വാതന്ത്ര്യമാണ് ഇന്ത്യൻ ജനാധിപത്യത്തെ കൂടുതൽ ശക്തമാക്കിയത്. മുഖസ്തുതി കൊണ്ട് ആരെയും നന്നാക്കാൻ പറ്റില്ല. പത്ര സ്വാതന്ത്ര്യമാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ മേൻമ.

∙ സംസ്ഥാനത്തോട് കേന്ദ്ര അവഗണനയുണ്ടോ ? 
കേന്ദ്ര അവഗണ ഉണ്ടെന്ന് പറയുമ്പോൾ തന്നെ കേരളത്തിന്റെ മുഴുവൻ പ്രശ്നവും കേന്ദ്ര അവഗണനകൊണ്ട് ഉണ്ടായതല്ല. കേരളത്തിന് കിട്ടേണ്ട എല്ലാ വിഹിതങ്ങളും കൊടുക്കണമെന്ന് പാർലമെന്റിൽ ശക്തമായി വാദിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം സംസ്ഥാനത്തെ ധൂർത്ത് ആണ്. 

∙ പ്രതിപക്ഷത്തെ ഉൾക്കൊള്ളുന്ന ജനാധിപത്യ മര്യാദ കേന്ദ്രം കാണിക്കുന്നുണ്ടോ ? 
പ്രതിപക്ഷത്തെ മാറ്റി നിർത്തിയാണ് നിയമങ്ങൾ പാസാക്കുന്നത്. 146 എംപിമാരെ സസ്പൻഡ് ചെയ്ത സമ്മേളനത്തിലാണ് അതി പ്രധാനമായ സിആർപിസി നിയമ ഭേദഗതി പാസാക്കിയത്. ഇതൊക്കെ ജനാധിപത്യ വിരുദ്ധമാണ്. പാർലമെന്റിൽ എല്ലാ അംഗങ്ങൾക്കും തുല്യ പരിഗണനയും അവകാശവുമാണുള്ളത്. 

ചർച്ചയിൽ പങ്കെടുത്ത വിദ്യാർഥികൾ: ഇ.കെ.ജയകൃഷ്ണൻ, മുസമ്മിൽ ജമാൽ , മുഹമ്മദ് ഫവാസ് ( എസ്എസ്‌വി കോളജ്,ഐരാപുരം), ലിൻഷ ഫ്രാൻസിസ്, അൻഷാദ് അൻസാരി, അശ്വിൻ ആർ.പിള്ള (ജയ്ഭാരത് ആർട്സ് ആൻഡ് സയൻസ് കോളജ്, അറയ്ക്കപ്പടി), ബിൻസിയ മുജീബ് , ലക്ഷ്മി ശശിധരൻ, ഫാത്തിമ ഫാരിസ ( മാർത്തോമ്മാ വനിത കോളജ്, പെരുമ്പാവൂർ), മുഹമ്മദ് ഇസത് (സെന്റ് പീറ്റേഴ്സ് കോളജ്,കോലഞ്ചേരി).

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com