ADVERTISEMENT

കൊച്ചി∙ ഒച്ചിന് ഇതിനേക്കാൾ വേഗമുണ്ടാകും! ഗാന്ധിനഗർ ഉദയ നഗർ റോഡ് തകർന്നു തരിപ്പണമായിട്ടു മാസങ്ങളായി. സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചി സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) റോഡിലെ അഴുക്കുചാലുകളുടെ നവീകരണം, നടപ്പാത വികസനം എന്നിവയുടെ പണിയാരംഭിച്ചതോടെയാണു റോ‍ഡിന്റെ കഷ്ടകാലം തുടങ്ങിയത്. പക്ഷേ, പണി നേരത്തേ പറഞ്ഞ ഒച്ചിനെക്കാൾ പതുക്കെ ഇഴഞ്ഞു നീങ്ങുന്നു. എന്താണു കാരണമെന്നു ചോദിച്ചാൽ മറുപടിയുമില്ല.

സൗത്ത് റെയിൽവേ സ്റ്റേഷനെയും കെഎസ്ആർടിസി ബസ് സ്റ്റാൻഡിനെയും ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട റോഡാണ് ഉദയ നഗർ റോഡ്. കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് എഎൽ ജേക്കബ് മേൽപാലം– ഉദയ നഗർ റോഡ് വഴി റെയിൽവേ സ്റ്റേഷനിലേക്ക് എത്താൻ വളരെയെളുപ്പം. അത്തരത്തിൽ ഒട്ടേറെ വാഹനയാത്രക്കാർ ഉപയോഗിക്കുന്ന റോഡാണ് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നത്.

ഇന്നലെ വൈകിട്ട് അതുവഴി പോയപ്പോൾ മുന്നിൽ പോകുന്ന ഓട്ടോറിക്ഷയിൽ നിന്നു വലിയ ശബ്ദം. ഓട്ടോ നിർത്തി ഡ്രൈവർ ചാടിയിറങ്ങി. വാഹനത്തിനടിയിൽ നിന്ന് എന്തോ വീണപോലെ വലിയ ശബ്ദം കേട്ടെന്നാണു ഡ്രൈവർ‌ പറയുന്നത്. ഇതൊക്കെ ഇവിടെ പതിവാണെന്നും റോഡിലൂടെ യാത്ര ചെയ്യാൻ തന്നെ പേടിയാണെന്നും നാട്ടുകാരുടെ പക്ഷം.

നാഫെഡ് വെയർ‌ഹൗസിലേക്കു വരുന്ന ലോറികളും ലക്ഷദ്വീപ് ഗെസ്റ്റ് ഹൗസിലേക്കു വരുന്നവരും പതിവായി ഉപയോഗിക്കുന്ന റോഡാണിത്. ഉദയ നഗർ റോഡിൽ നിന്നു വെയർഹൗസ് റോഡിലേക്കു വാഹനങ്ങൾക്കു തിരിയാൻ സ്ഥലമില്ല. വിശാലമായ നടപ്പാത കാരണം റോഡിലാണു ലോറികളുടെ പാർക്കിങ്. ഉദയ നഗർ റോഡിനെയും മാവേലി റോഡിനെയും ബന്ധിപ്പിക്കുന്ന ബാങ്ക് റോഡും ഇപ്പോൾ തല്ലിപ്പൊളിച്ചിട്ടിരിക്കുന്നു.

റോഡിന്റെ ഇരുവശങ്ങളിലും അഴുക്കുചാൽ, നടപ്പാത നിർമാണ ജോലികൾ പാതിവഴിയിലാണ്. പലയിടത്തും നടക്കാൻ പോലും കഴിയാത്ത വിധം റോഡും പരിസരവും പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നു. 

റോഡിനു സമീപം താമസിക്കുന്ന വീട്ടുകാർ പൊടി ശ്വസിച്ചു മടുത്തു. അവർ ചോദിക്കുന്നു: എന്നു തീരും ഈ ദുരിതം?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com