ADVERTISEMENT

കാക്കനാട്∙ ഒഴിഞ്ഞ സ്ഥലങ്ങൾ കോൺക്രീറ്റ് സൗധങ്ങൾ കവർന്നതോടെ ടർഫുകൾ മാത്രമായി കളിയിടങ്ങൾ. പണമില്ലാത്തവർ ടർഫിലെ നെറ്റിനു പുറത്തു കാണികളായി മാറി. കാശില്ലാത്തവർക്കും കാൽപ്പന്തു കളിക്കാൻ ടർഫ് നിർമിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് തുതിയൂരിലെ സെൽറ്റിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും ഗ്രാമീണ വായനശാലയും.  പാടത്തും പറമ്പിലും കാൽപ്പന്ത് കളിച്ചിരുന്നവർക്കു കളി തുടരാൻ പണം മുടക്കേണ്ട അവസ്ഥ വന്നതോടെയാണ് നാട്ടിലെ പരമ്പരാഗത പന്തു കളിക്കാരുടെ മനസ്സിൽ സ്വന്തം ടർഫെന്ന ആശയം രൂപപ്പെട്ടത്.

ക്ലബ് പ്രവർത്തകർ വർഷങ്ങൾ കൊണ്ടു സമാഹരിച്ച 12 ലക്ഷം രൂപ വിനിയോഗിച്ചാണ് ടർഫ് സ്ഥാപിച്ചത്. തുതിയൂരിലെ പ്രധാന റോഡരികിൽ 10,000 ചതുരശ്രയടി സ്ഥലം ക്ലബ് അംഗം സോജൻ 5 വർഷത്തേക്ക് വിട്ടു കൊടുത്തു.  നാട്ടുകാർക്കും വിദ്യാർഥികൾക്കും പകൽ സൗജന്യമായി ടർഫ് ഉപയോഗിക്കാം. രാത്രി ഫ്ലഡ്‌ലിറ്റ് ഉപയോഗിക്കുമ്പോൾ നാമമാത്ര വാ‍ടക ഈടാക്കും.

‘നാച്വറൽ ടർഫ്’ എന്നു പേരിട്ട കളിക്കളത്തിൽ ആദ്യം പന്തുരുട്ടിയത് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളായ വിപിൻ മോഹനനും നിഹാൽ സുധീഷും. കോൺക്രീറ്റ് പ്രതലത്തിൽ പ്ലാസ്റ്റിക് പുല്ല് പതിപ്പിച്ചു ടർഫാക്കി മാറ്റിയാൽ കളിക്കാർക്ക് ആരോഗ്യ പ്രശ്നങ്ങൾക്കു സാധ്യതയുണ്ടെന്ന വിദഗ്ധോപദേശത്തെ തുടർന്നു പ്രകൃതിദത്ത പുല്ലാണ് മൈതാനത്ത് ഉപയോഗിച്ചിരിക്കുന്നത്. ഇവ സ്വയം നനയ്ക്കാൻ സ്പ്രിങ്കിളിങ് വാട്ടറിങ് സംവിധാനം ക്രമീകരിച്ചിട്ടുണ്ട്.

ടർഫിനോടനുബന്ധിച്ചു ഫുട്ബോൾ അക്കാദമി സ്ഥാപിക്കലാണ് അടുത്ത ലക്ഷ്യമെന്ന് ക്ലബ് പ്രസിഡന്റ് ജോജോ കണ്ണേമ്പിള്ളിയും ജനറൽ സെക്രട്ടറി സൽജു അടിമുറിയും പറഞ്ഞു. 1984ൽ രൂപീകരിച്ച ക്ലബ് 65 അംഗങ്ങളുടെ കൂട്ടായ്മയാണ്. ജീവകാരുണ്യ മേഖലയിലും ക്ലബ് സജീവമാണ്. സഹായനിധികൾ രൂപീകരിച്ച് ഒട്ടേറെ പേരെ സഹായിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com