ADVERTISEMENT

കൊച്ചി∙ ശത്രു താവളത്തിൽ കടന്നു ചെന്ന് ആക്രമണം നടത്തി ഒരു പോറൽ പോലുമേൽക്കാതെ മടങ്ങിയെത്തും ഈ റോമിയോ. സമുദ്രോപരിതലത്തിൽ ശത്രു വിന്യസിക്കുന്ന കപ്പലുകളെ മാത്രമല്ല, കടലിനടിയിൽ മറഞ്ഞിരിക്കുന്ന അന്തർവാഹിനികളെയും കണ്ടെത്തി ആക്രമിക്കാൻ മിനിറ്റുകൾ മാത്രം മതി. ഇന്ത്യൻ നാവികസേനയുടെ വജ്രായുധമാകാൻ ഒരുങ്ങുകയാണു യുഎസ് നിർമിത എംഎച്ച് 60 റോമിയോ സീ ഹോക്ക് മൾട്ടി റോൾ ഹെലികോപ്റ്ററുകൾ (സീ ഹോക്ക്). രാജ്യത്തെ ആദ്യ എംഎച്ച് 60 ആർ സ്ക്വാഡ്രൻ കൊച്ചിയിലെ ഐഎൻഎസ് ഗരുഡയിൽ കമ്മിഷനിങ്ങിനു മുന്നോടിയായുള്ള അവസാനവട്ട പരീക്ഷണങ്ങളിലാണ്.  

അന്തർവാഹിനി പ്രതിരോധ യുദ്ധത്തിനും സമുദ്രോപരിതല യുദ്ധത്തിനും ഇലക്ട്രോണിക് യുദ്ധമുറകളിലും തിരച്ചിൽ, രക്ഷാ ദൗത്യങ്ങൾക്കും ഒരുപോലെ ഉപയോഗിക്കാൻ കഴിയുന്നവയാണു സീ ഹോക് ഹെലികോപ്റ്ററുകൾ. ഫോറിൻ മിലിറ്ററി സെയിൽസ് പദ്ധതിയുടെ ഭാഗമായി യുഎസിൽ നിന്ന് ഇന്ത്യ വാങ്ങുന്ന 24 ഹെലികോപ്റ്ററുകളിൽ ഇതിനോടകം രാജ്യത്തെത്തിച്ച ആറെണ്ണമാണു കമ്മിഷനിങ്ങിനു ശേഷം ‘ഐഎൻഎഎസ് 334’ എന്നറിയപ്പെടുന്ന ആദ്യ സ്ക്വാഡ്രന്റെ ഭാഗമാകുന്നത്.

ശത്രുവിന്റെ ആക്രമണങ്ങളിൽ നിന്നു സ്വയം സംരക്ഷിക്കാൻ ശേഷിയുള്ള ഇന്ത്യൻ നാവികസേനയുടെ ആദ്യ ഹെലികോപ്റ്ററാണു എംഎച്ച് 60 ആർ. ഷാഫ്സ്, ഫ്ലെയർ എന്നിവ അന്തരീക്ഷത്തിലേക്കു തുടരെ വർഷിച്ചു ശത്രുവിന്റെ റഡാറുകളെയും മിസൈലുകൾ ഉൾപ്പെടെ പോർമുനകളെയും കബളിപ്പിച്ചു സ്വയരക്ഷ ഒരുക്കാൻ ഇവയ്ക്കാകും. കൃത്യമായി ലക്ഷ്യം കണ്ടു ശത്രുവിനെ തകർക്കാൻ 38 ലേസർ ഗൈഡഡ് റോക്കറ്റുകളും നാല് എംകെ 54 ടോർപിഡോകളും യന്ത്രത്തോക്കുകളും തദ്ദേശ നിർമിത അണ്ടർ വാട്ടർ ബോംബുകളും ഉൾപ്പെടെയുള്ള ആയുധങ്ങളും ഹെലികോപ്റ്ററിലുണ്ട്. 

അത്യാധുനിക എഎൽഎഫ്എസ് ഡിപ്പിങ് സോണാറുകളും സോണോ ബോയകളും ഉപയോഗിച്ചു സമുദ്രത്തിൽ എത്ര ആഴത്തിലൂടെ കടന്നുപോകുന്ന അന്തർവാഹിനികളെയും കണ്ടെത്തി തകർക്കാനും ഇവയ്ക്കാകും. എംഎച്ച് 60 ആർ ഹെലികോപ്റ്ററുകൾ നാവികശക്തിയുടെ കുന്തമുനയായി മാറുമെന്നു സ്ക്വാഡ്രൻ കമാൻഡിങ് ഓഫിസർ ക്യാപ്റ്റൻ എം.അഭിഷേക് റാം പറഞ്ഞു. യുഎസ് നിർമിതമെങ്കിലും തദ്ദേശീയമായി നിർമിച്ച ഒട്ടേറെ അത്യാധുനിക ഉപകരണങ്ങളും ആയുധങ്ങളും ഹെലികോപ്റ്ററിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com