ADVERTISEMENT

പെരുമ്പാവൂർ ∙ ജീവിതം മുഴുവൻ നാടകങ്ങൾക്കായി സമർപ്പിച്ച കലാകാരനായിരുന്നു അന്തരിച്ച ടി.എൻ.മുരുകേശൻ( മുരുകേശൻ പുല്ലുവഴി). 15–ാം വയസ്സിൽ തുടങ്ങിയ നാടക പ്രവർത്തനം മരണത്തിനു കീഴടങ്ങിയ 60–ാം വയസ്സുവരെ തുടർന്നു. 15–ാം വയസ്സിൽ സ്കൂൾ നാടകങ്ങളിലൂടെയാണ് അരങ്ങുമായി മുരുകേശൻ ചങ്ങാത്തത്തിലാകുന്നത്. കമ്യൂണിസത്തിന്റെ ഈറ്റില്ലമായ പുല്ലുവഴിയിൽ ഇടതു സഹായാത്രികനായിട്ടാണ് മുരുകേശനും രാഷ്ട്രീയ ജീവിതവും നാടക ജീവിതവും തുടങ്ങിയത്. ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു. പിന്നീട് രാഷ്ട്രീയ പ്രവർത്തനം കുറച്ചു മുഴുവൻ സമയ നാടകക്കാരനായി. 

1982ൽ കാവാലം നാരായണപ്പണിക്കരുടെ ദൈവത്താർ എന്ന നാടകവുമായി സഹകരിച്ചാണ് അരങ്ങിന്റെ ഭിന്നസാധ്യതകൾ തേടിയുള്ള മുരുകേശന്റെ യാത്ര തുടങ്ങുന്നത്.അദ്ദേഹത്തിന്റെ ജനമേജയ, പുറനാടി എന്നീ നാടകങ്ങളിൽ അഭിനയിച്ചു. 1987ൽ വളയൻചിറങ്ങര സുവർണ തീയറ്റേഴ്സിനു വേണ്ടി സോക്രട്ടീസിന്റെ ജീവിതം ആസ്പദമാക്കി മണിയപ്പൻ ആറൻമുള രചിച്ചു സംവിധാനം ചെയ്ത ഒരു കിറുക്കന്റെ സ്വപ്നം എന്ന നാടകത്തിലെ അഭിനയം മുരുകേശനെ ശ്രദ്ധേയനാക്കി. കേരള സംഗീത നാടക അക്കാദമയുടെ അമച്വർ നാടക മത്സരത്തിൽ ഈ നാടകത്തിന് മികച്ച അവതരണം, സംവിധാനം,രചന, നടൻ തുടങ്ങിയ അവാർഡുകൾ ലഭിച്ചിരുന്നു. 

മുൻഷി പ്രേംചന്ദിന്റെ നോവൽ‘രംഗഭൂമി’  നാടകമാക്കി 1991ൽ ദൂരദർശൻ അവതരിപ്പിച്ചപ്പോൾ  അതിലെ അഭിനേതാവായിരുന്നു. 45 വർഷം നീണ്ട നാടകയാത്രയിൽ അംഗീകാരങ്ങളും തേടിയെത്തി. മുടിയേറ്റ്,ശാസ്താംപാട്ട്, കളമെഴുത്തുംപാട്ട്  എന്നിവ ആധാരമാക്കി എഴുതിയ നാടകത്തിന് 1989ൽ കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ ഫെലോഷിപ് ലഭിച്ചു. നൂറോളം നാടകങ്ങൾ സംവിധാനം ചെയ്തു. 80 നാടകങ്ങൾ എഴുതി. സ്കൂളുകൾക്കും കോളജുകൾക്കും വേണ്ടി 50ലധികം മത്സര നാടകങ്ങൾ ഒരുക്കി. പുല്ലുവഴി ജയകേരളം ഹയർ സെക്കൻഡറി സ്കൂളിനു വേണ്ടി ഇദ്ദേഹം എഴുതി സംവിധാനം ചെയ്ത തത്വമസി എന്ന നാടകം 1989ലെ സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൂന്നാം സ്ഥാനം നേടി. 

ഗാട്ട് കരാറിനെ ആധാരമാക്കി അദ്ദേഹം എഴുതി വളയൻചിറങ്ങര സുവർണ തീയറ്റേഴ്സിനു വേണ്ടി സംവിധാനം ചെയ്തു കേരള സംഗീത നാടക അക്കാദമി മത്സരത്തിൽ അവതരിപ്പിച്ച അക്കരപ്പച്ച എന്ന നാടകം ഏറെ ശ്രദ്ധനേടി. കഥാവശേഷൻ, കാട്ടില തുടിപ്പാട്ട്, കൃഷ്ണപക്ഷം, വിശ്വരൂപം എന്നിവ അദ്ദേഹത്തിന്റെ ചില നാടകങ്ങളാണ്.ശാസ്ത്ര സാഹിത്യ പരിഷിത്തിന്റെ തെരുവുനാടകങ്ങളിലും സജീവമായിരുന്നു. വളയൻചിറങ്ങര സുവർണ തീയറ്റേഴ്സിലെ പി.ബാലനാണ് തെരുവുനാടകങ്ങളിൽ നിന്ന് അമച്വർ വേദിയിലേക്ക് കൈപിടിച്ചു കൊണ്ടു വന്നത്. നാടകത്തെ നെഞ്ചേറ്റിയതിനു കാരണം സുവർണയാണെന്നു മുരുകേശൻ പറഞ്ഞിട്ടുണ്ട്. നൂറുകണക്കിന് ശിഷ്യരുണ്ട് അദ്ദേഹത്തിന്. 

രോഗം ബാധിച്ചു അവശനിലയിലായപ്പോഴും നാടകം മാത്രമായിരുന്നു ചിന്ത. നാടക ചിന്തകൾ അവസാനകാലം വരെ സുഹൃത്തുക്കളുമായി ചർച്ച ചെയ്തു. മലയാറ്റൂർ രാമകൃഷ്ണന്റെ നോവൽ യക്ഷി നാടകരൂപത്തിലാക്കിയിരുന്നു. ഇത് അവതരിപ്പിക്കണമെന്ന മോഹം സഫലമാകാതെയാണു വിടപറഞ്ഞത്.  സ്വർണപ്പണിയായിരുന്നു കുലത്തൊഴിലെങ്കിലും മനസ്സുനിറയെ പുതു നാടക ചിന്തകളുമായിട്ടായിരുന്നു മുരുകേശന്റെ ജീവിതം. ആഭരണ തൊഴിലാളി യൂണിയൻ (സിഐടിയു) അംഗമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com