ADVERTISEMENT

കൊച്ചി ∙ ബ്രഹ്മപുരത്തെ തീപിടിത്തം കൊച്ചി നഗരത്തെ വിഷപ്പുകയിൽ മുക്കിയിട്ട് ഒരു വർഷം. കഴിഞ്ഞ വർഷം മാർച്ച് രണ്ടിനായിരുന്നു തീപിടിത്തത്തിന്റെ തുടക്കം. ആദ്യം മെല്ലെയാണു കത്തിയതെങ്കിൽ പിന്നീടു പടർന്നു പിടിച്ചു. 13 ദിവസത്തിനു ശേഷമാണു തീ പൂർണമായും അണച്ചത്. തുടർന്നു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാനുള്ള ബയോമൈനിങ്ങിന്റെ ചുമതലയുണ്ടായിരുന്ന സോണ്ട കമ്പനിയുമായുള്ള കരാർ റദ്ദാക്കി. മാലിന്യത്തിൽ നിന്നു വൈദ്യുതി ഉൽപാദിപ്പിക്കാൻ ഇതേ കമ്പനിക്കു നൽകിയിരുന്ന കരാറും പിൻവലിച്ചു. ബ്രഹ്മപുരത്തു പുതിയ കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റ് (സിബിജി) നിർമിക്കാൻ ബിപിസിഎൽ രംഗത്തുവന്നു. ഈ പ്ലാന്റ് സജ്ജമാകുന്നതോടെ ടിപ്പിങ് ഫീസ് ഇനത്തിൽ കോടിക്കണക്കിനു രൂപയുടെ ചെലവ് കോർപറേഷന് ഒഴിവാക്കാം.

മാലിന്യ ശേഖരണത്തിനു വേണ്ടി കോർപറേഷനിൽ ഹരിതകർമ േസന നിലവിൽ വന്നു. തീപിടിത്തത്തിനു ശേഷം പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോകുന്നതു നിർത്തി. ഇതിന്റെ സംസ്കരണം സ്വകാര്യ ഏജൻസികളെ ഏൽപിച്ചു. മാലിന്യ ശേഖരണത്തിനു മെറ്റീരിയൽ കലക്‌ഷൻ ഫെസിലിറ്റിയും (എംസിഎഫ്), റിസോഴ്സ് റിക്കവറി ഫെസിലിറ്റിയും (ആർആർഎഫ്) കോർപറേഷനു തുടങ്ങേണ്ടി വന്നു. കൂടുതൽ വികേന്ദ്രീകൃത മാലിന്യ സംസ്കരണ സംവിധാനങ്ങളും സജ്ജമാക്കി. ബ്രഹ്മപുരത്തു കെട്ടിക്കിടക്കുന്ന മാലിന്യം നീക്കാൻ പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജിക്കാണ് ഇപ്പോൾ കരാർ.

കോടികളുടെ ചെലവ്
ബ്രഹ്മപുരം തീപിടിത്തം മൂലം കോടികളുടെ അധിക ചെലവാണുണ്ടായത്. തീയണയ്ക്കാൻ മാത്രം 1.14 കോടി രൂപ ചെലവായെന്നാണു ജില്ല ഭരണകൂടം നൽകുന്ന കണക്ക്. പ്ലാസ്റ്റിക് കത്തിയ ചാരം സമീപത്തെ ജലാശയത്തിൽ കലരാതിരിക്കാൻ 1.41 കോടി രൂപയാണു കോർപറേഷൻ ചെലവാക്കിയത്. ഇനി തീപിടിത്തമുണ്ടാകാതിരിക്കാനായി 1.03 കോടി രൂപയുടെ പദ്ധതികൾ പിന്നെയും നടപ്പാക്കി. എന്നിട്ടും കെട്ടിക്കിടക്കുന്ന മാലിന്യത്തിൽ ഇടയ്ക്കിടെ തീപിടിക്കുന്നുണ്ടെന്നതു മറ്റൊരു കാര്യം.

വിൻഡ്രോ പ്ലാന്റ്
ബിപിസിഎൽ നിർമിക്കുന്ന കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്റിനു പുറമേ 50 ടൺ ജൈവ മാലിന്യം സംസ്കരിക്കാൻ ശേഷിയുള്ള വിൻഡ്രോ കംപോസ്റ്റ് പ്ലാന്റ് കോർപറേഷൻ നിർമിക്കും. 14 കോടി രൂപ ചെലവിലാണു പ്ലാന്റ് നിർമിക്കുക. പട്ടാളപ്പുഴു അധിഷ്ഠിതമായി പ്രവർത്തിക്കുന്ന 50 ടൺ വീതം ശേഷിയുള്ള 2 പ്ലാന്റുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്.

ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് ‌സന്ദർശിക്കു‌ം
കൊച്ചി ∙ കഴിഞ്ഞ ദിവസവും വീണ്ടും തീപിടിത്തമുണ്ടായതോടെ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് നേരിട്ട് സന്ദർശിക്കുന്നു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി.ഗോപിനാഥ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് 6ന് 3.30ന് നേരിട്ട് പരിശോധന നടത്തുന്നത്. തീപിടിത്തം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. കേസ് പരിഗണിച്ചപ്പോൾ തദ്ദേശ സ്വയംഭരണ സെക്രട്ടറി ഓൺലൈനിൽ ഹാജരായി വിശദീകരണം നൽകി. കളമശേരിയിലെ മാലിന്യ പ്രശ്നങ്ങൾ എടുത്തുകാട്ടി കോടതി വിമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com