ADVERTISEMENT

കാക്കനാട്∙ മലയാള ഭാഷയുടെ അടിസ്ഥാനത്തിലാണു മലയാളിയുടെ സംസ്‌കാരവും സമൂഹവും നിലകൊള്ളുന്നതെന്നും ആ ഭാഷയെ സംരക്ഷിക്കാനും വളർത്താനുമുള്ള ചുമതല മലയാളം മാധ്യമങ്ങൾക്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മീഡിയ അക്കാദമിയിൽ ആരംഭിച്ച മൂന്നു ദിവസത്തെ രാജ്യാന്തര മാധ്യമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.  വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുണ്ടെങ്കിലേ ഭാഷയുടെ സംരക്ഷണം സാധ്യമാകൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. വൈവിധ്യങ്ങൾക്കെതിരായ നീക്കങ്ങളെ ചെറുക്കേണ്ടതു മാധ്യമങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്‌നമാണ്.  ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യങ്ങളെയാകെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവർ വിജയിച്ചാൽ മലയാള ഭാഷ തന്നെ ഇല്ലാതാകും. വൈവിധ്യങ്ങളെ അവസാനിപ്പിക്കാൻ ശ്രമിക്കുന്ന വർഗീയതയുടെ വിധ്വംസക നീക്കങ്ങളെ മതനിരപേക്ഷതയുടെ പക്ഷത്തു നിന്നു മാധ്യമങ്ങൾ ചെറുക്കേണ്ടതുണ്ട്. വർഗീയതയും മതനിരപേക്ഷതയും ഏറ്റുമുട്ടുന്നിടത്തു നിഷ്പക്ഷത കാപട്യമാണെന്നും അതു വർഗീയതയുടെ പക്ഷം ചേരലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ നടന്ന കേരള മീഡിയ കോണ്‍ക്ലേവില്‍ റേഡിയോ@100 എന്ന ചര്‍ച്ചയ്ക്കു ശേഷം ശ്രീകുമാര്‍ മുഖത്തല, ആര്‍ജെ നിത, ബാലകൃഷ്ണന്‍ പെരിയ, കെ.എ. മുരളീധരന്‍, സുഷമ എന്നിവരുടെ ചിത്രം പകര്‍ത്തിയ ശേഷം മൊബൈല്‍ കാണിച്ച് കൊടുക്കുന്ന ആര്‍ജെ നീന.
കാക്കനാട് കേരള മീഡിയ അക്കാദമിയില്‍ നടന്ന കേരള മീഡിയ കോണ്‍ക്ലേവില്‍ റേഡിയോ@100 എന്ന ചര്‍ച്ചയ്ക്കു ശേഷം ശ്രീകുമാര്‍ മുഖത്തല, ആര്‍ജെ നിത, ബാലകൃഷ്ണന്‍ പെരിയ, കെ.എ. മുരളീധരന്‍, സുഷമ എന്നിവരുടെ ചിത്രം പകര്‍ത്തിയ ശേഷം മൊബൈല്‍ കാണിച്ച് കൊടുക്കുന്ന ആര്‍ജെ നീന.

മീഡിയ അക്കാദമി വേൾഡ് പ്രസ് ഫൊട്ടോഗ്രഫി പുരസ്കാരം കശ്മീരി ഫോട്ടോ ജേണലിസ്റ്റ് സന ഇർഷാദ് മട്ടുവിനും ഇന്ത്യൻ മീഡിയ പഴ്സൻ ഓഫ് ദി ഇയർ പുരസ്കാരം മാധ്യമപ്രവർത്തകൻ ആർ. രാജഗോപാലിനും മുഖ്യമന്ത്രി സമ്മാനിച്ചു.  കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു അധ്യക്ഷത വഹിച്ചു. മുതിർന്ന മാധ്യമ പ്രവർത്തകൻ തോമസ് ജേക്കബ് ജൂറി റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി.തോമസ്, ഡോ. സെബാസ്റ്റ്യൻ പോൾ, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ ടി.വി. സുഭാഷ്, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ആർ.കിരൺ ബാബു, മീഡിയ അക്കാദമി സെക്രട്ടറി അനിൽ ഭാസ്കർ, ജനറൽ കൗൺസിൽ അംഗം സ്മിത ഹരിദാസ് തുടങ്ങിയവർ പ്രസംഗിച്ചു. 

മാധ്യമോത്സവത്തോട് അനുബന്ധിച്ചു നടന്ന, ‘മലയാള പത്രപ്രവർത്തനത്തിന്റെ 175 വർഷം’ സെമിനാറിൽ ഏഷ്യൻ സ്കൂൾ ഓഫ് ജേണലിസം ചെയർമാൻ ശശികുമാർ മുഖ്യപ്രഭാഷണം നടത്തി. മീഡിയ അക്കാദമി ജനറൽ കൗൺസിൽ അംഗം പി.പി.ശശീന്ദ്രൻ, മുൻ ചെയർമാൻമാരായ തോമസ് ജേക്കബ്, കെ.മോഹനൻ, എസ്.ആർ.ശക്തിധരൻ, സെർജി ആന്റണി, ന്യൂസ് മിനിറ്റ് ചീഫ് എഡിറ്റർ ധന്യ രാജേന്ദ്രൻ, മുതിർന്ന മാധ്യമപ്രവർത്തകൻ കെ.സി.നാരായണൻ എന്നിവർ പ്രസംഗിച്ചു. മാധ്യമോത്സവത്തോടനുബന്ധിച്ചു ‘റേഡിയോ അറ്റ് 100’ സെമിനാറും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com