ADVERTISEMENT

കൊച്ചി∙ കൊച്ചിൻ യൂണിവേഴ്സിറ്റി (കുസാറ്റ്) എംപ്ലോയീസ് അസോസിയേഷൻ 41–ാം വാർഷിക സമ്മേളനത്തോട് അനുബന്ധിച്ചുള്ള പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം ചൊവാഴ്ച രാവിലെ 10.30ന് മന്ത്രി പി.രാജീവ് നിർവഹിച്ചു. വിദേശ സർവകലാശാലകളുടെ കടന്നുവരവ് തടുക്കാൻ കഴിയുന്നതല്ലെന്നും അതു കേന്ദ്ര സർക്കാരിന്റെ നയമാണെന്നും എന്നാൽ, സംസ്ഥാന സർക്കാരിന്റെ അധികാര പരിധിക്കുള്ളിൽ നിന്നുകൊണ്ട് കഴിയുന്നത്ര നിയന്ത്രണം കൊണ്ടുവരാൻ ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. 

‘‘കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നയങ്ങൾ മൂലം കേരളത്തിനു കിട്ടുന്ന ഗ്രാന്റുകളും നികുതിയും ഗണ്യമായി കുറഞ്ഞു. കടമെടുപ്പ് പരിധിയും കൂടി വെട്ടിക്കുറച്ചതോടെ കേരളം ശമ്പളവും പെൻഷനും പോലും കൊടുക്കാൻ കഴിയാത്തത്ര പ്രതിസന്ധിയിലായി. കേന്ദ്ര സർക്കാരിന്റെ നയങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമം പൊതുവിൽ ഉയർന്നു വരണം. കേരളത്തിന്റെ മതനിരപേക്ഷതയെ തകർക്കാനുള്ള അജൻഡയ്ക്ക് എതിരെയുള്ള ജാഗ്രത അകാദമിക തലത്തിൽ എല്ലാ അധ്യാപക, അനധ്യാപിക സംഘടനകളുടെയും ഭാഗത്തുനിന്ന് ഉണ്ടാവണം’’ – മന്ത്രി പറഞ്ഞു.

cochin-university-embloyee-2
സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ഡോ. മധു വാസുദേവ് നിർവഹിക്കുന്നു.

സർവകലാശാല വൈസ് ചാൻസലർ ഡോ. പി.ജി.ശങ്കരൻ, കോൺഫെഡറേഷൻ സെക്രട്ടറി ഹരിലാൽ, എൻജിഒ യൂണിയൻ സ്റ്റേറ്റ് വൈസ് പ്രസിഡന്റ്‌ അനിൽ കുമാർ, അധ്യാപക സംഘടനയെ പ്രതിനിധീകരിച്ച് ഡോ. ആൾഡ്രിൻ ആന്റണി, ഡോ. അജിത് കുമാർ, പെൻഷനേഴ്സ് ഫോറത്തെ പ്രതിനിധീകരിച്ച് മോഹൻദാസ്, കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി ആർ.അനിൽകുമാർ,  അസോസിയേഷൻ പ്രസിഡന്റ്‌ പി.എം.ശിവദാസ് എന്നിവർ സംസാരിച്ചു.

ഉച്ചയ്ക്ക് 2ന് നടന്ന സാംസ്‌കാരിക സമ്മേളനത്തിന്റെ ഉദ്ഘാടനം കവിയും ഗാനരചയിതാവുമായ ഡോ. മധു വാസുദേവ് നിർവഹിച്ചു. കുസാറ്റിലെ പൂർവവിദ്യാർഥി കൂടിയായ അദ്ദേഹം, ഗൃഹാതുര ഓർമകൾ പങ്കുവച്ചുകൊണ്ട് സമൂഹത്തിന്റെ പുരോഗതിക്ക് എല്ലാ കലകളുടെയും ആവിഷ്കാരം വേണമെന്നും അവ ജൈവസ്വഭാവമുള്ളവ ആകട്ടെയെന്നും പറഞ്ഞു. കുസാറ്റ് റജിസ്ട്രാർ ഡോ. വി.മീര ജീവനക്കാർക്കുള്ള പുരസ്‌കാരദാനം നിർവഹിച്ചു. കലാപരിപാടികളുടെ കൺവീനർ ദ്യുതി ജോർജ് ചടങ്ങിൽ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com