ADVERTISEMENT

കൊച്ചി ∙ മെട്രോ നാളെ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്ക്. നാളെ രാവിലെ 10ന് ഓൺലൈൻ ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി സർവീസ് ഉദ്ഘാടനം ചെയ്യും. ആലുവയിൽ നിന്നു സർവീസ് ആരംഭിക്കുന്ന മെട്രോയുടെ ഒന്നാംഘട്ടത്തിലെ അവസാന സ്റ്റേഷനാണു തൃപ്പൂണിത്തുറ ടെർമിനൽ. രണ്ടു മാസം മുൻപ് തൃപ്പൂണിത്തുറയിലേക്കു പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു. കഴിഞ്ഞ ദിവസം മെട്രോ റെയിൽവേ സേഫ്റ്റി കമ്മിഷണറുടെ അനുമതി ലഭിച്ചതോടെയാണു തിരഞ്ഞെടുപ്പിനു മുൻപു ലൈൻ കമ്മിഷൻ ചെയ്യുന്നത്.

കൊൽക്കത്തയിൽ നിന്നാണു പ്രധാനമന്ത്രി കൊച്ചി മെട്രോ ഫ്ലാഗ് ഓഫ് ചെയ്യുന്നത്. തുടർന്ന് തൃപ്പൂണിത്തുറ സ്റ്റേഷനിൽ നിന്നു ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിൻ ആലുവ സ്റ്റേഷനിലേക്കു പുറപ്പെടും. ജനങ്ങൾക്കുള്ള സർവീസും തൊട്ടുപിറകെ ആരംഭിക്കും. തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നു എന്നതാണു ടെർമിനൽ സ്റ്റേഷന്റെ പ്രത്യേകത. തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിൽ രാവിലെ 9.45 മുതൽ ഉദ്ഘാടന ചടങ്ങുകൾ ആരംഭിക്കും.

ആലുവ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ വരെ 75 രൂപയാണു ടിക്കറ്റ് നിരക്ക്. എങ്കിലും, ഉദ്ഘാടന ഓഫർ ആയി എസ്എൻ ജംക്‌ഷൻ വരെയുള്ള യാത്ര നിരക്ക് 60 രൂപ മാത്രമാണ്. മെട്രോയുടെ ആദ്യ ഘട്ടമായ ആലുവ– പേട്ട ടിക്കറ്റ് നിരക്കാണ് 60 രൂപ. മെട്രോ പിന്നീട് എസ്എൻ ജംക്‌ഷനിലേക്കു നീട്ടിയപ്പോഴും 60 രൂപയാണ് ടിക്കറ്റ് നിരക്ക്.

മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്ക് എസ്എൻ ജംക്‌ഷനിൽ നിന്നുള്ള പാതയുടെ നിർമാണം പുരോഗമിക്കുന്നു.
മെട്രോ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷനിലേക്ക് എസ്എൻ ജംക്‌ഷനിൽ നിന്നുള്ള പാതയുടെ നിർമാണം പുരോഗമിക്കുന്നു.

1.35 ലക്ഷം ചതുരശ്ര അടി വിസ്തൃതിയുണ്ട് ടെർമിനൽ സ്റ്റേഷന്. ഇതിൽ 40,000 ചതുരശ്ര അടി വാണിജ്യാവശ്യത്തിനായിരിക്കും. എസ്എൻ ജംക്‌ഷൻ സ്റ്റേഷൻ മുതൽ തൃപ്പൂണിത്തുറ ടെർമിനൽ സ്റ്റേഷൻ വരെ 1.16 കിലോമീറ്റർ ദൂരം പുതുതായി മെട്രോ റൂട്ടിലേക്കു കൂട്ടിച്ചേർക്കപ്പെടും. ഇതോടെ 25 സ്റ്റേഷനുകളും 28.125 കിലോമീറ്ററുമാകും കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ഭൂമി ഏറ്റെടുക്കുന്നതിനും നിർമാണത്തിനുമുൾപ്പെടെ 448.33 കോടി രൂപ ചെലവു വന്നു.

ചരിത്രവും ചിത്രങ്ങളും; പ്രത്യേകതകൾ ഏറെ
തൃപ്പൂണിത്തുറ മെട്രോ സ്റ്റേഷനും തൂണുകളും മ്യൂറൽ ചിത്രങ്ങളാൽ സമ്പന്നമാണ്. സ്റ്റേഷന് മുൻവശത്തെ തൂണുകളിൽ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ചകളാണു മ്യൂറൽ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്. കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശിൽ‌പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാൻസ് മ്യൂസിയം സ്റ്റേഷന്റെ മറ്റൊരു പ്രത്യേകതയാണ്. 

ഡാൻസ് മ്യൂസിയവും ഉടൻ തന്നെ ജനങ്ങൾക്കായി തുറന്നു നൽകും. സ്റ്റേഷനിൽ യാത്രക്കാർക്കുള്ള ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും ഇന്റീരിയർ ഡിസൈനിലുമെല്ലാം നഗരത്തിന്റെ പൈതൃകം കൊണ്ടുവരാൻ കെഎംആർഎൽ ശ്രമിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com