ADVERTISEMENT

കൊച്ചി ∙ എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനു സമീപം 100 കാറുകൾ പാർക്ക് ചെയ്യാൻ കഴിയുന്ന ഓട്ടമേറ്റഡ് ബഹുനില കാർ പാർക്കിങ് കേന്ദ്രം ആരംഭിക്കാൻ കൊച്ചി മെട്രോ റെയിൽ കോർപറേഷനു പദ്ധതി. മെട്രോ സ്റ്റേഷനോടു ചേർന്നുള്ള 10.92 സെന്റ് സ്ഥലത്താണു പദ്ധതി നടപ്പാക്കാൻ  ലക്ഷ്യമിടുന്നത്. വാഹനങ്ങൾ 2 മിനിറ്റ് കൊണ്ടു പാർക്ക് ചെയ്യാൻ കഴിയുന്ന തരത്തിലാണു പദ്ധതി നടപ്പാക്കുക.ഇലക്ട്രോ– മെക്കാനിക്കൽ ബഹുനില കാർ പാർക്കിങ് കേന്ദ്രത്തിന്റെ രൂപകൽപന, നിർമാണം, അറ്റകുറ്റപ്പണി തുടങ്ങിയവയ്ക്കായി  കൊച്ചി മെട്രോ താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ട്.

മെട്രോ സ്റ്റേഷന്റെയും സൗത്ത് റെയിൽവേ സ്റ്റേഷന്റെയും ഇടയിലായാണു നിർദിഷ്ട പാർക്കിങ് കേന്ദ്രം. ഇരു സ്റ്റേഷനുകളെയും ബന്ധിപ്പിച്ചു മേൽനടപ്പാതയും ഇവിടെ നിർമിക്കും. കരാർ നൽകി 6 മാസത്തിനുള്ളിൽ പാർക്കിങ് കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയിക്കാനാണു ലക്ഷ്യമിടുന്നത്.5 മീറ്റർ നീളവും 2.20 മീറ്റർ വീതിയും 2 മീറ്റർ ഉയരവുമുള്ള സ്ഥലമാണ് ഒരു വാഹനം പാർക്ക് ചെയ്യാനായി ലഭിക്കുക. ഓരോ യൂണിറ്റിനും 2500 കിലോ ഭാരം വഹിക്കാനുള്ള ശേഷിയുണ്ടാകും. 30 വർഷം വരെ നിലനിൽക്കുന്ന തരത്തിലായിരിക്കും നിർമാണം. ഒരേ സമയം 2 ലിഫ്റ്റുകൾ വഴി വാഹനം പാർക്ക് ചെയ്യാനുള്ള സംവിധാനമുണ്ടാകും.നഗരത്തിൽ മതിയായ തോതിലുള്ള പാർക്കിങ് കേന്ദ്രങ്ങളില്ലാത്തതു കാർ യാത്രക്കാർക്കു വലിയ വെല്ലുവിളിയാണ്.

സ്ഥലപരിമിതിയാണു പ്രധാന വെല്ലുവിളി. കുറച്ചു സ്ഥലത്തു കൂടുതൽ വാഹനങ്ങൾ പാർക്ക്  ചെയ്യാൻ കഴിയുന്ന ബഹുനില പാർക്കിങ് കേന്ദ്രങ്ങളാണു ഇതിനു പരിഹാരം. എന്നാൽ സ്വകാര്യമേഖലയിൽ അല്ലാതെ പൊതു മേഖലയിൽ ഇത്തരം സംരംഭങ്ങൾ കൊച്ചിയിൽ ഇതുവരെ നടപ്പാക്കിയിട്ടില്ല.സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിൻ സ്മാർട് മിഷൻ ലിമിറ്റഡ് (സിഎസ്എംഎൽ) സമാനമായ ഓട്ടമേറ്റ‍ഡ് ബഹുനില കാർ പാർക്കിങ് പദ്ധതികൾ ആലോചിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. കച്ചേരിപ്പടിയും ഹൈക്കോടതി പരിസരവുമാണു പദ്ധതി നടപ്പാക്കാനായി ആലോചിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com