ADVERTISEMENT

ആലുവ∙ പിതൃബലി തർപ്പണത്തിനു ജനലക്ഷങ്ങൾ എത്തുന്ന മഹാശിവരാത്രി ആഘോഷത്തിന് ആലുവ മണപ്പുറം ഒരുങ്ങി. നാളെ അർധരാത്രി മഹാദേവ ക്ഷേത്രത്തിൽ പിതൃകർമങ്ങൾ ഔപചാരികമായി ആരംഭിക്കും. വൈകിട്ടു തന്നെ പുഴയോരം ജന നിബിഡമാകും. കുംഭത്തിലെ അമാവാസി നാളായ ഞായറാഴ്ച വരെ ബലിതർപ്പണത്തിനു തിരക്കുണ്ടാകും. മേൽശാന്തി മുല്ലപ്പിള്ളി ശങ്കരൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. ദേവസ്വം ബോർഡ് 116 ബലിത്തറ സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 90 എണ്ണം ലേലം ചെയ്തു. നഗരസഭയും തിരുവിതാംകൂർ ദേവസ്വം ബോർഡും റൂറൽ ജില്ലാ പൊലീസുമാണു ക്രമീകരണങ്ങൾക്കു നേതൃത്വം നൽകുന്നത്. 

മണപ്പുറത്തു താൽക്കാലിക മുനിസിപ്പൽ ഓഫിസ്, പൊലീസ് കൺട്രോൾ റൂം, ഫയർ സ്റ്റേഷൻ, കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ജില്ലാ ആശുപത്രിയുടെ അത്യാഹിത യൂണിറ്റ്, ആംബുലൻസ് സർവീസ് എന്നിവ ഉണ്ടാകും. ദാഹജലം, ലഘുഭക്ഷണം എന്നിവ വിതരണം ചെയ്യും. നേവിയുടെയും അഗ്നിരക്ഷാസേനയുടെയും മുങ്ങൽ വിദഗ്ധരുടെ സേവനം ലഭ്യമാണ്. ശ്രീനാരായണ ഗുരു സ്ഥാപിച്ച അദ്വൈതാശ്രമത്തിലും ബലിതർപ്പണത്തിനു വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ആശ്രമം സെക്രട്ടറി സ്വാമി ധർമചൈതന്യ പറഞ്ഞു. നാളെ 5നു സർവമത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷം ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് പി.വി. കുഞ്ഞുകൃഷ്ണൻ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവനാണ് മുഖ്യാതിഥി.

ശിവരാത്രി ക്രമീകരണങ്ങൾ
∙ നാളെ വൈകിട്ടു 4 മുതൽ ശനിയാഴ്ച പകൽ 2 വരെ ആലുവയിൽ ഗതാഗത നിയന്ത്രണം.
∙ ശിവരാത്രി ആഘോഷം ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരം. പ്ലാസ്റ്റിക്കിനു കർശന നിരോധനം.
∙ ഭക്തജനങ്ങളുടെ സുരക്ഷയ്ക്ക് 1200 പൊലീസ് ഉദ്യോഗസ്ഥർ. 
∙ മണപ്പുറത്ത് എത്തുന്ന ഭക്തജനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ. 
∙ മണപ്പുറത്തേക്കു കെഎസ്ആർടിസിയുടെ 250 സ്പെഷൽ ബസ് സർവീസ്. 
∙ രാത്രി ഉറക്കമൊഴിയുന്നവർക്കു ദേവസ്വം ബോർഡിന്റെ വക ലഘുഭക്ഷണം.
∙ കൊച്ചി മെട്രോയും ദക്ഷിണ റെയിൽവേയും രാത്രി സ്പെഷൽ ട്രെയിൻ സർവീസ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com