ADVERTISEMENT

കൂത്താട്ടുകുളം ∙ വിധി ശരീരത്തെ തളർത്തിയെങ്കിലും ജീവിതത്തോട് തോറ്റുകൊടുക്കാൻ തയാറല്ലായിരുന്നു തോട്ടുവേലിൽ സിനി ഫ്രാൻസിസ്. ലോട്ടറി വിൽപന നടത്തിയാണ് കാലുകൾക്ക് ചലന ശേഷിയില്ലാത്ത ഈ നാൽപത്തിനാലുകാരി പിതാവും 2 മക്കളും ഉൾപ്പെട്ട കുടുംബത്തെ പോറ്റുന്നത്. ചെറുപ്പത്തിൽ പോളിയോ ബാധിച്ചതോടെ ജീവിതം വീൽച്ചെയറിലായി. ഭർത്താവിന്റെ മരണ ശേഷം ഉപജീവന മാർഗമായിരുന്ന കട അടച്ചു പൂട്ടേണ്ടി വന്നു. സിനിക്ക് ലഭിക്കുന്ന വികലാംഗ പെൻഷനും പിതാവ് ഫ്രാൻസിസിന് കിട്ടുന്ന വാർധക്യ പെൻഷനുമായിരുന്നു പിന്നീടുണ്ടായിരുന്ന വരുമാനം. ദുരിതം വർധിച്ചതോടെ ലോട്ടറി കച്ചവടം ആരംഭിച്ചു. ഇരുവർക്കും ലഭിച്ചിരുന്ന ക്ഷേമ പെൻഷൻ കഴിഞ്ഞ 6 മാസമായി ലഭിച്ചിട്ടില്ല. 

രാവിലെ 5.30ന് എഴുന്നേൽക്കും. വീട്ടുജോലികൾ തീർത്ത് മക്കളെ സ്കൂളിൽ അയച്ച ശേഷം ഏഴരയോടെ മുച്ചക്ര സ്കൂട്ടറിൽ ലോട്ടറി വിൽപനയ്ക്ക് ഇറങ്ങും. ഉച്ചയോടെ തിരികെയെത്തി പിതാവിന് ഭക്ഷണം നൽകും. വൈകിട്ട് സ്കൂളിൽ നിന്നു വരുന്ന മക്കൾക്ക് ഭക്ഷണവും ഉണ്ടാക്കി വച്ച് നാലരയോടെ വീണ്ടും ലോട്ടറി വിൽപനയ്ക്കിറങ്ങും. ആറരയോടെ തിരികെയെത്തി മറ്റു വീട്ടു ജോലികൾ തീർത്ത് ഉറങ്ങുമ്പോൾ 11.30 ആകും. വെല്ലുവിളികളെ അതിജീവിച്ച് അധ്വാനിച്ച് ജീവിക്കാനുള്ള ആത്മവിശ്വാസം തനിക്കുണ്ടെന്നാണ് സിനിയുടെ പക്ഷം. നഗരസഭ സിനിക്ക് പെട്ടിക്കട അനുവദിച്ചെങ്കിലും ഇത് സ്ഥാപിക്കാൻ സ്ഥമില്ലാത്തതിനാൽ പ്രതിസന്ധിയിലാണ്. സ്ഥലം കണ്ടെത്തി നൽകാൻ വൈകിയാൽ ഈ തുക നഷ്ടപ്പെടുമോ എന്നതാണ് ആശങ്ക. ഉദ്യോഗസ്ഥരുടെയും സുമനസ്സുകളുടെയും കനിവ് പ്രതീക്ഷിച്ച് കാത്തിരിക്കുകയാണ് ഈ വീട്ടമ്മ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com