ADVERTISEMENT

കോതമംഗലം∙ മാത്യു കുഴൽനാടൻ എംഎൽഎയും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും കോതമംഗലം  പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. കാഞ്ഞിരവേലിയിൽ വീട്ടമ്മ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടതിനെ തുടർന്നു നഗരത്തിലുണ്ടായ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട കേസുകളിൽ അന്വേഷണത്തിന്റെ ഭാഗമായാണ് ഇരുവരുമെത്തിയത്. ഇന്നലെ വൈകിട്ടു നാലരയോടെ ഇരുവരും സ്റ്റേഷനിലെത്തി.

ആദ്യം എംഎൽഎയും തുടർന്നു ഡിസിസി പ്രസിഡന്റും അന്വേഷണ ഉദ്യോഗസ്ഥനു മുൻപിൽ മൊഴി നൽകി. തയാറാക്കിയ 14 ചോദ്യങ്ങളുടെയും വിഡിയോ ക്ലിപ്പുകളുടെയും സഹായത്തോടെയാണു മൊഴി രേഖപ്പെടുത്തിയത്. ആറോടെ നടപടികൾ അവസാനിച്ചു പുറത്തിറങ്ങി. കേസുകളിൽ ഇരുവർക്കും ജാമ്യം അനുവദിച്ചതോടെയാണ് അന്വേഷണത്തിനു ഹാജരാകാൻ നോട്ടിസ് നൽകിയത്.

ആദ്യം നോട്ടിസ് നൽകിയപ്പോൾ അസൗകര്യം അറിയിച്ച് എത്താതിരുന്ന ഇരുവരും ഇന്നലെ ഒരുമിച്ചെത്തുകയായിരുന്നു. കഴിഞ്ഞ ആഴ്ച താലൂക്ക് ആശുപത്രിയിലും നഗരത്തിലും കോടതി വളപ്പിലും ഉണ്ടായ നാടകീയ രംഗങ്ങളുടെ തുടർച്ച പ്രതീക്ഷിച്ചു പാർട്ടി നേതാക്കളും പ്രവർത്തകരും മാധ്യമ പ്രവർത്തകരും പൊലീസ് സ്റ്റേഷനു മുൻപിലെത്തി. എന്നാൽ, ചോദ്യം ചെയ്യലിനു ശേഷം ഇരുവരും പുറത്തിറങ്ങിയതോടെ ഉദ്വേഗജനകമായ രംഗങ്ങൾക്കു വിരാമമായി.  

പൊതു പ്രതിഷേധങ്ങളോടു കാലങ്ങളായി പൊലീസ് അനുവർത്തിക്കുന്ന നിലപാടല്ല കോതമംഗലത്തു സ്വീകരിച്ചതെന്നു മാത്യു കുഴൽനാടൻ  കുറ്റപ്പെടുത്തി.സ്ത്രീകളടക്കം ഒട്ടേറെപ്പേരെ അനാവശ്യമായി കേസിൽ പെടുത്തി. പ്രതിഷേധ സ്ഥലത്ത് ഇല്ലാത്തവരുടെ പേരിൽ പോലും കേസുണ്ട്. ഇതു നിയമപരമായി നേരിടും. കേസിൽ എംഎൽഎയെന്ന നിലയിൽ പ്രത്യേക പരിഗണനയൊന്നും ആവശ്യപ്പെട്ടിട്ടില്ല. പൊതുപ്രവർത്തകനായി പങ്കെടുത്ത പ്രതിഷേധം എന്ന നിലയിൽ നേരിടാനാണു ശ്രമിച്ചത്. 

2 പേർക്ക് ജാമ്യം ലഭിച്ചു  
കാട്ടാനയാക്രമണത്തിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 26 പേരിൽ റിമാൻഡിലായ കവളങ്ങാട് പഞ്ചായത്ത് മുൻ പ്രസി‍ഡന്റ് സൈജന്റ് ചാക്കോ, കോൺഗ്രസ് നേര്യമംഗലം മണ്ഡലം പ്രസി‍ഡന്റ് ജെയ്മോൻ ജോസ് എന്നിവർക്കു ജാമ്യം ലഭിച്ചു. കോടതി ഇടക്കാല ജാമ്യം നൽകിയിരുന്ന 9 പേരുടെ കേസ് പരിഗണിക്കുന്നത് ഇന്നത്തേക്കു മാറ്റി. 

കണ്ടാലറിയാവുന്ന മറ്റു പ്രതികളെ പൊലീസ് നോട്ടിസ് നൽകി സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുത്ത് കേസിൽ പ്രതി ചേർത്തു വിട്ടയച്ചു വരികയാണ്. സൈജന്റിനും ജെയ്മോനും കോൺഗ്രസ് കവളങ്ങാട് ബ്ലോക്ക് കമ്മിറ്റി നേര്യമംഗലത്തു സ്വീകരണം നൽകി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് യോഗം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസി‍ഡന്റ് ബാബു ഏലിയാസ് അധ്യക്ഷനായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com