ADVERTISEMENT

കൊച്ചി ∙ വാട്ടർമെട്രോ സർവീസ് നാലു ടെർമിനലുകളിലേക്കു കൂടി വ്യാപിപ്പിക്കുന്നു. മുളവുകാട് നോർത്ത്, സൗത്ത് ചിറ്റൂർ, ഏലൂർ, ചേരാനല്ലൂർ എന്നീ നാലു ടെർമിനലുകൾ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് 5.30ന് ഏലൂർ വാട്ടർ മെട്രോ ടെർമിനലിൽ ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകൾ നടക്കും. ഇതോടെ 9 ടെർമിനലുകളിലായി 5 റൂട്ടിൽ വാട്ടർ മെട്രോ സർവീസുകൾ ലഭ്യമാകും.

നിലവിലുള്ള റൂട്ടുകൾക്കു പുറമേ 2 പുതിയ റൂട്ടുകളിൽ കൂടി നാളെ മുതൽ വാട്ടർ മെട്രോ സർവീസ് തുടങ്ങും. ഹൈക്കോടതി ജംക്‌ഷനിൽ നിന്ന് ബോൾഗാട്ടി, മുളവുകാട് നോർത്ത് വഴി സൗത്ത് ചിറ്റൂർ ടെർമിനൽ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂർ ടെർമിനലിൽ നിന്ന് ഏലൂർ വഴി ചേരാനല്ലൂർ ടെർമിനൽ വരെയാണു മറ്റൊരു റൂട്ട്.

സർവീസ് ആരംഭിച്ച് 10 മാസം പിന്നിട്ടപ്പോൾ 3 റൂട്ടുകളിലായി 17.5 ലക്ഷം പേരാണു വാട്ടർ മെട്രോയിൽ യാത്ര ചെയ്തതെന്നു മന്ത്രി പി. രാജീവ് പറഞ്ഞു. പരിസ്ഥിതി സൗഹാർദമായ കൊച്ചി വാട്ടർ മെട്രോ സംസ്ഥാനത്തെ സംബന്ധിച്ചു ചരിത്ര നേട്ടമാണ്. ഫോർട്ട് കൊച്ചി ടെർമിനലിൽ നിന്ന് അധികം വൈകാതെ സർവീസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

ഹൈക്കോടതി ജംക്‌ഷൻ– വൈപ്പിൻ– ബോൾഗാട്ടി, വൈറ്റില– കാക്കനാട് റൂട്ടുകളിലായി 13 ബോട്ടുകളാണു നിലവിൽ വാട്ടർ മെട്രോ സർവീസ് നടത്തുന്നത്. പാലിയംതുരുത്ത്, കുമ്പളം, വില്ലിങ്ഡൻ ഐലൻഡ്, മട്ടാഞ്ചേരി എന്നീ ടെർമിനലുകളുടെ നിർമാണം പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയാകുമ്പോൾ 10 ദ്വീപുകളിലായി 38 ടെർമിനലുകളെ ബന്ധിപ്പിച്ച് 78 വാട്ടർ മെട്രോ ബോട്ട് സർവീസുകളാണു നടത്തുക.

ഏലൂരിലേക്ക് എളുപ്പയാത്ര
ഹൈക്കോടതി ഭാഗത്തു നിന്ന് ഏലൂരിലേക്കുള്ള യാത്ര എളുപ്പമാക്കാനും യാത്ര സമയം ഗണ്യമായി കുറയ്ക്കാനും വാട്ടർമെട്രോ സർവീസ് സഹായിക്കുമെന്നു വിലയിരുത്തപ്പെടുന്നു. നിലവിൽ ബസിൽ കളമശേരി വഴി ചുറ്റിക്കറങ്ങി വേണം ഏലൂരിലേക്കു പോകാൻ. തിരക്ക് ഏറെയുള്ള റൂട്ടായതിനാൽ ഏറെ സമയമെടുക്കും. ഓഫിസ് സമയം അനുസരിച്ചു വാട്ടർ മെട്രോ സർവീസുകൾ ക്രമീകരിച്ചാൽ ഏറെ പ്രയോജനകരമാകുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com