ADVERTISEMENT

കൊച്ചി∙ സമഗ്രവും സര്‍വ്വതല സ്പര്‍ശിയുമായ വികസന കാഴ്ചപ്പാടിന് ഉത്തമ ഉദാഹരണമാണ് കൊച്ചി വാട്ടര്‍ മെട്രോയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വാട്ടര്‍ മെട്രോയുടെ മുളവുകാട് നോര്‍ത്ത്, സൗത്ത് ചിറ്റൂര്‍, ഏലൂര്‍, ചേരാനെല്ലൂര്‍ ടെര്‍മിനലുകളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.  ‘‘ആഗോള നിലവാരമുള്ള ജലഗതാഗത സംവിധാനമാണ് വാട്ടര്‍ മെട്രോ ഒരുക്കിയിരിക്കുന്നത്. നഗരത്തിലെ ജനങ്ങള്‍ക്കും നഗരത്തിനു ചുറ്റുമുള്ള ദ്വീപ് നിവാസികള്‍ക്കും ഈ പ്രദേശത്തേക്ക് വരുന്ന വിനോദ സഞ്ചാരികള്‍ക്കും പ്രയോജനകരമായ സംവിധാനമാണിത്. ഇവിടുത്തെ ജനങ്ങളുടെയും ഈ നഗരത്തിന്റെയും ജീവിത നിലവാരം ഉയര്‍ത്താന്‍ വാട്ടര്‍ മെട്രോയ്ക്ക് കഴിയും.

ലോകത്തിന്റെ പലയിടങ്ങളിലും വന്‍കിട വികസന പ്രവര്‍ത്തനങ്ങള്‍ നടത്തപ്പെടുന്നത് വലിയ നഗരങ്ങളെയോ വലിയ സാമ്പത്തിക ശേഷിയുള്ള പ്രദേശങ്ങളെയോ ഉള്‍പ്പെടുത്തിയാണ്. രാജ്യത്തു തന്നെ ഇതിന് നിരവധി ഉദാഹരണങ്ങള്‍ കാണാനാകും. എന്നാല്‍ അടിസ്ഥാന സൗകര്യ വികസനപ്രവര്‍ത്തനങ്ങള്‍ നാടിനാകെയും ജനങ്ങള്‍ക്കാകെയും പ്രയോജനപ്പെടണമെന്ന വിശാലമായ കാഴ്ചപ്പാടാണ് സംസ്ഥാന സര്‍ക്കാരിനുള്ളത്.

‘‘ഇന്ന് കേരളം ചിന്തിക്കുന്നത് നാളെ ഇന്ത്യ ചിന്തിക്കുമെന്ന് പറയാറുണ്ട്. വികസന കാര്യത്തിലും ഇത് സത്യമായിരിക്കുന്നു. അതിന്റെ ഉത്തമ ദൃഷ്ടാന്തമാണ് കൊച്ചി വാട്ടര്‍ മെട്രോയ്ക്കായി നിര്‍മ്മിച്ച അത്യാധുനിക ബോട്ടുകളെ തേടി രാജ്യത്തിന്റെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യക്കാര്‍ എത്തുന്നത്. പങ്കാളിത്ത ജനാധിപത്യത്തില്‍ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന സമീപനത്തിലാണ് റെക്കോഡ് വേഗത്തില്‍ കൊച്ചി വാട്ടര്‍ മെട്രോ സര്‍വീസ് വ്യാപിപ്പിച്ചിരിക്കുന്നത്.’’ അത് കൊച്ചിയുടെ വികസനത്തിനും ജനങ്ങളുടെ അഭിവൃദ്ധിക്കും അതുവഴി കേരളത്തിന്റെയാകെ പുരോഗതിക്കും വഴിവെക്കട്ടെ എന്നും മുഖ്യമന്ത്രി ആശംസിച്ചു. 

kochi-water-metro-2

കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളായി മാറും: മന്ത്രി പി രാജീവ്
ജലഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റമാണ് കൊച്ചി വാട്ടര്‍ മെട്രോ സഷ്ടിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പുതിയ ടെര്‍മിനലുകളുടെ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളായി മാറുകയാണ്. ദേശീയ ജലപാത ഈ വര്‍ഷം ആദ്യഘട്ടം ഉദ്ഘാടനം ചെയ്യും. ഏലൂര്‍ ഫെറിയുമായി ബന്ധപ്പെട്ട വികസനപ്രവര്‍ത്തനങ്ങള്‍ക്കായി 94.5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഓപ്പണ്‍ ജിം, കഫത്തീരിയ, കംഫര്‍ട്ട് സ്റ്റേഷന്‍, തുടങ്ങിയ സൗകര്യങ്ങളുമുണ്ടാകും. വിനോദ സഞ്ചാരികള്‍ക്കായി ഡിടിപിസിയുടെ നേതൃത്വത്തില്‍ ബോട്ട് സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍, നഗരസഭ എന്നിവര്‍ ചേര്‍ന്ന്  നടപ്പാക്കുന്ന 55 ലക്ഷം രൂപയുടെ അമൃത് പദ്ധതിയും നടപ്പാക്കുന്നുണ്ട്. ദൈനംദിന യാത്രക്കാരോടൊപ്പമോ അധികലധികമോ ടൂറിസ്റ്റുകളും വാട്ടര്‍ മെട്രോ ഉപയോഗിച്ചിട്ടുണ്ട്. വാട്ടര്‍ മെട്രോ പൂര്‍ണ്ണസജ്ജമാകുന്നതോടെ കൊച്ചിയുടെ എല്ലാ ദ്വീപുകളും ടൂറിസം കേന്ദ്രങ്ങളാകും. കേരളമാകെ ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറും. എല്ലാ സൗകര്യങ്ങളുമുള്ള നഗരമായി കൊച്ചി മാറുകയാണ്. കൊച്ചിയുടെ ലോകത്തിന്റെ മുഖമായി വാട്ടര്‍ മെട്രോ മാറിയിരിക്കുകയാണ്. പ്രതിദിനം ഒന്നര ലക്ഷത്തോളം പേര്‍ യാത്ര ചെയ്യും വിധമാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. 

കൊച്ചി വാട്ടര്‍ മെട്രോയുടെ നാല് ടെര്‍മിനലുകളുടെ ഉദ്ഘാടനത്തിനു ശേഷം ആദ്യ ബോട്ട് സര്‍വീസില്‍ മന്ത്രി പി. രാജീവും മറ്റ് വിശിഷ്ടാതിഥികളും യാത്ര ചെയ്യുന്നു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കെ.ജെ. മാക്‌സി എം.എല്‍.എ, ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി. സുജില്‍, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് തുടങ്ങിയവര്‍ ഒപ്പം.
കൊച്ചി വാട്ടര്‍ മെട്രോയുടെ നാല് ടെര്‍മിനലുകളുടെ ഉദ്ഘാടനത്തിനു ശേഷം ആദ്യ ബോട്ട് സര്‍വീസില്‍ മന്ത്രി പി. രാജീവും മറ്റ് വിശിഷ്ടാതിഥികളും യാത്ര ചെയ്യുന്നു. കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, കെ.ജെ. മാക്‌സി എം.എല്‍.എ, ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി. സുജില്‍, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ് തുടങ്ങിയവര്‍ ഒപ്പം.

പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് 
നാല് ടെര്‍മിനലുകള്‍ കൂടി ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ രണ്ട് പുതിയ റൂട്ടുകളിലാണ് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുക. ഹൈക്കോര്‍ട്ട് ജംഗ്ഷന്‍ ടെര്‍മിനലില്‍ നിന്ന് ബോൾഗാട്ടി, മുളവുകാട് നോര്‍ത്ത് ടെര്‍മിനലുകള്‍ വഴി സൗത്ത് ചിറ്റൂര്‍ ടെര്‍മിനല്‍ വരെയാണ് ഒരു റൂട്ട്. സൗത്ത് ചിറ്റൂര്‍ ടെര്‍മിനലില്‍ നിന്ന് ഏലൂര്‍ ടെര്‍മിനല്‍ വഴി ചേരാനെല്ലൂര്‍ ടെര്‍മിനല്‍ വരെയുള്ളതാണ് മറ്റൊരു റൂട്ട്. 

മാര്‍ച്ച് 17ന് രാവിലെ മുതല്‍ കൊച്ചി വാട്ടര്‍ മെട്രോ പുതിയ റൂട്ടുകളില്‍ സര്‍വ്വീസ് ആരംഭിക്കും. ഇതോടെ 9 ടെര്‍മിനലുകളിലായി 5 റൂട്ടുകളിലേക്ക് കൊച്ചി വാട്ടര്‍ മെട്രോ സര്‍വ്വീസ് വ്യാപിക്കും. 

ടിക്കറ്റ് നിരക്ക് പരമാവധി 40 രൂപയാണ്. 
കൊച്ചി വാട്ടര്‍ മെട്രോയുടെ നാല് ടെര്‍മിനലുകളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ഏലൂര്‍ വാട്ടര്‍ മെട്രോ ടെര്‍മിനലില്‍ നടന്ന ചടങ്ങില്‍ മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമയിലെ യഥാര്‍ഥ വ്യക്തികളെ മന്ത്രി പി. രാജീവിന്റെ നേതൃത്വത്തില്‍ ആദരിച്ചു. ഉദ്ഘാടനത്തിനു ശേഷം ആദ്യ ബോട്ട് സര്‍വീസില്‍ മന്ത്രി പി.രാജീവും മറ്റ് വിശിഷ്ടാതിഥികളും യാത്ര ചെയ്തു. കൊച്ചി വാട്ടര്‍ മെട്രോ ബോട്ടുകളുടെയും ടെര്‍മിനലുകളുടെയും നിര്‍മ്മാണത്തില്‍ പങ്കാളികളായവരെയും ചടങ്ങില്‍ ആദരിച്ചു. 

കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എം.എല്‍.എമാരായ കെ.ജെ.മാക്‌സി, കെ.എന്‍. ഉണ്ണികൃഷ്ണന്‍, കൊച്ചി മെട്രോ എം.ഡി.ലോക്‌നാഥ് ബെഹ്‌റ, ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, ജിസിഡിഎ ചെയർമാൻ കെ ചന്ദ്രൻപിള്ള, ഏലൂര്‍ നഗരസഭാ ചെയര്‍മാന്‍ എ.ഡി. സുജില്‍, ചേരാനെല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേഷ്, മുളവുകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍,  കൊച്ചി വാട്ടര്‍ മെട്രോ ചീഫ് ജനറല്‍ മാനേജര്‍ ഷാജി ജനാര്‍ദനന്‍  തുടങ്ങിയവര്‍ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com