ADVERTISEMENT

മൂവാറ്റുപുഴ∙ റമസാൻ മാസം എത്തിയിട്ടും വേനൽ ചൂട് വർധിച്ചിട്ടും പൈനാപ്പിളിനു പ്രതീക്ഷിച്ച പോലെ വില ഉയരാത്തതു കർഷകരിൽ ആശങ്ക സൃഷ്ടിക്കുന്നു. പൈനാപ്പിൾ വില റെക്കോർ‌ഡിൽ എത്തുന്ന സീസണിൽ കഴിഞ്ഞ വർഷത്തെക്കാൾ 25% വരെ കുറവു വിലയാണ് ഈ വർഷം ലഭിക്കുന്നത്. കഴിഞ്ഞ വർഷം മാർച്ചിൽ പൈനാപ്പിൾ സ്പെഷൽ ഗ്രേഡിന് 50 രൂപയാണ് ലഭിച്ചതെങ്കിൽ ഇക്കൊല്ലം ഇതുവരെ 38 രൂപയാണ് വില. കർഷകനു വില ലഭിക്കുന്നില്ലെങ്കിലും വിപണിയിൽ പൈനാപ്പിൾ 60– 65 രൂപയ്ക്കാണു വിൽക്കുന്നത്.

വില ഉയരാത്തതും ചെലവു വർധിക്കുന്നതും മൂലം കർഷകർക്ക് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്. തെങ്ങോലയും ഗ്രീൻ നെറ്റും ഉപയോഗിച്ച് തോട്ടങ്ങൾക്കു മീതെ പൊതയിട്ടാണു കർഷകർ ഉണക്കിനെ നേരിടുന്നത്. നനയും വർധിപ്പിച്ചു. ഇത്തരത്തിൽ ഉണക്ക് ഭീഷണി നേരിടുന്നതിനു തോട്ടങ്ങളിൽ ഏക്കറിനു 20000 രൂപ വരെ കർഷകർക്ക് കൂടുതൽ ചെലവഴിക്കേണ്ടി വരുന്നുണ്ട്. വേനൽ ചൂട് മൂലം ഉൽപാദനം 40% കുറയുകയും ചെയ്തു. അനുകൂല കാലാവസ്ഥയിൽ തോട്ടത്തിൽ നിന്ന് 80 ശതമാനത്തോളം എ ഗ്രേഡ് പൈനാപ്പിൾ ലഭിക്കാറുണ്ട്. എന്നാൽ ഉണക്കു ബാധിച്ചതോടെ എ ഗ്രേഡ് പൈനാപ്പിൾ 50 % പോലും ലഭിക്കുന്നില്ലെന്നും കർഷകർ പറയുന്നു. ചെടികൾ ഉണങ്ങി മഞ്ഞ നിറത്തിലാകുകയും പൈനാപ്പിൾ വലുതാകാതെ നശിക്കുന്നതും തോട്ടങ്ങളിലെ വേനൽ കാഴ്ചയായി മാറിയിട്ടുണ്ട്.

ഇത്തരത്തിലുള്ള നഷ്ടങ്ങൾ തരണം ചെയ്യാൻ പൈനാപ്പിൾ വില വർധിച്ചാൽ സാധിക്കുമായിരുന്നു. എന്നാൽ പൈനാപ്പിൾ കയറ്റുമതിയിൽ വലിയ ഇടിവാണ് ഉണ്ടായിരിക്കുന്നത്. ആഭ്യന്തര വിപണിയിലെ വിൽപനയിലും മുന്നേറ്റം ഉണ്ടായിട്ടില്ല. പൈനാപ്പിൾ ലഭ്യതയിൽ 1000 ടണ്ണിന്റെ കുറവ് പ്രതിദിനം ഉണ്ടായിട്ടും വില ഉയരാത്തതിനു കാരണം ഇതാണെന്നാണു കർഷകർ പറയുന്നത്. വേനൽ ചൂടിനൊപ്പം പാർലമെന്റ് തിരഞ്ഞെടുപ്പു ചൂടും വർധിക്കുന്നതും റമസാൻ നോമ്പുകാലവും എല്ലാം ചേർന്നു പൈനാപ്പിൾ വില ഉയർത്തും എന്ന പ്രതീക്ഷയിൽ‌ തന്നെയാണു ഇപ്പോഴും കർഷകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com