ADVERTISEMENT

വൈപ്പിൻ∙ ശുദ്ധജല ക്ഷാമം രൂക്ഷമായി തുടങ്ങിയതോടെ വിവിധ പഞ്ചായത്തുകളിൽ   കിണറുകളും കുളങ്ങളും ഉപയോഗയോഗ്യമാക്കണമെന്ന് ആവശ്യമുയരുന്നു. കടുത്ത വേനലിലും വറ്റാത്ത ഒട്ടേറെ കിണറുകളും കുളങ്ങളുമാണ് വൈപ്പിനിലെ പലയിടങ്ങളിലും ഉപയോഗശൂന്യമായി  കിടക്കുന്നത്. അടുത്തിടെ  എടവനക്കാട് പഞ്ചായത്തിൽ ഏതാനും പൊതുകിണറുകൾ  മികച്ച രീതിയിൽ  നവീകരിച്ചിരുന്നു. എന്നാൽ ഇവ ഉപയോഗപ്പെടുത്താൻ  പൊതുജനങ്ങളുടെ ഭാഗത്തു നിന്ന് കാര്യമായ ശ്രമം ഉണ്ടാകുന്നില്ല. ബക്കറ്റ് ഉപയോഗിച്ച് വെള്ളം  കോരി എടുക്കണമെന്നതടക്കമുള്ള  ഘടകങ്ങളാണ്  ഇതിനുള്ള കാരണം. അതേസമയം മറ്റു പല പഞ്ചായത്തുകളിലും പൊതു ജലസ്രോതസുകൾ ശോച്യാവസ്ഥയിൽ തുടരുകയാണ്.

പൊതുടാപ്പുകൾ വ്യാപകമായതോടെയാണ് വൈപ്പിനിൽ കിണറുകളും കുളങ്ങളും  ഉപേക്ഷിക്കപ്പെട്ട  അവസ്ഥയിലായത്. വലിയൊരു പങ്കും  മൂടപ്പെട്ടു പോകുകയും ചെയ്തു. .ഇതിനൊക്കെ ശേഷവും പൊതുസ്‌ഥലങ്ങളിലും സ്വകാര്യ വ്യക്‌തികളുടെ ഉടമസ്‌ഥതയിലും  കിണറുകളും  കുളങ്ങളും  അവശേഷിക്കുന്നുണ്ട്. വേണ്ട രീതിയിൽ സംരക്ഷിക്കപ്പെടാത്തതിനാൽ  ഇവയിൽ ഏറിയ പങ്കും ഉപയോഗശൂന്യമായ അവസ്‌ഥയിലാണെന്നു മാത്രം. പലയിടങ്ങളിലും  സ്കൂളുകളോടു ചേർന്നും ശുദ്ധജലം ലഭിക്കുന്ന കിണറുകളുണ്ട്. പുല്ലും പായലും പിടിച്ചുകിടക്കുന്ന കുളങ്ങളും പല പഞ്ചായത്തുകളിലുമുണ്ട് .ഇവ ശുചിയാക്കി ചുറ്റും കരിങ്കൽഭിത്തി കെട്ടി സംരക്ഷിച്ചാൽ  പരിസരപ്രദേശത്തുള്ളവർക്ക് വെള്ളം ലഭ്യമാക്കാൻ കഴിയുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.. 

പള്ളത്താംകുളങ്ങരയിൽ  സംസ്ഥാനപാതയോരത്ത്  ദശകങ്ങളായി കാടു പിടിച്ചു  കിടന്നിരുന്ന പൊതുകുളം ജില്ലാ പഞ്ചായത്ത് അംഗം മുൻകയ്യെടുത്ത്  നവീകരിച്ചത് അടുത്തിടെയാണ്. എന്നാൽ ഇവിടെ നിന്നുള്ള  ജലം  ഉപയോഗപ്പെടുത്തുന്നതിനുള്ള  സംവിധാനങ്ങൾ ഇല്ല. മോട്ടർ , ടാങ്ക്  തുടങ്ങിയ സൗകര്യങ്ങൾ കൂടി ഉണ്ടെങ്കിൽ മാത്രമേ ഇത്തരം സ്രോതസുകളിൽ നിന്നുള്ള വെള്ളം  ഉപയോഗപ്പെടുത്താൻ ജനങ്ങൾ മുന്നോട്ടുവരികയുള്ളുവെന്ന്  ചൂണ്ടിക്കാണിക്കപ്പെടുന്നു. 

ഈ വെള്ളം കുടിക്കാൻ ഉപയോഗിച്ചില്ലെങ്കിലും മറ്റു കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തുന്നതിലൂടെ  പൈപ്പുവെള്ളത്തിന്റെ  ഉപയോഗം കുറയ്‌ക്കാൻ കഴിയും. ഇപ്പോൾ കുടിക്കാൻ മാത്രമല്ല, കുളിക്കാനും പാത്രങ്ങൾ കഴുകാനും ചെടികൾ നനയ്‌ക്കാനും വരെ പൈപ്പുവെള്ളം  തന്നെയാണ് വൈപ്പിനിൽ  പലഭാഗത്തും  ഉപയോഗിക്കുന്നത്. എല്ലാവർഷവും  വേനൽ ശക്തമാവുമ്പോൾ പരമ്പരാഗത ജലസ്രോതസുകൾ പുനരുജ്‌ജീവിപ്പിക്കുന്ന കാര്യം സജീവ  ചർച്ചാവിഷയമാകുമെങ്കിലും പിന്നീട് വിസ്മരിക്കപ്പെടുന്നതാണ് പതിവ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com