ADVERTISEMENT

വൈപ്പിൻ∙ പുഴയിൽ മീൻ തീരെയില്ല. കടലിൽനിന്ന് ആകെ ലഭിക്കുന്നത് അയില. ആകെ വിപണിയിലെത്തുന്നത് ചെമ്മീൻ കെട്ടുകളിൽ നിന്നും വളർത്തു കേന്ദ്ര കേന്ദ്രങ്ങളിൽ നിന്നുമുള്ള മീൻ മാത്രം. നോമ്പു കാലമായിട്ടും പ്രാദേശിക വിപണിയിൽ മീൻ വില ഉയർന്നു തന്നെ. ചെമ്മീൻ ഇനങ്ങൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതു മാത്രമാണ് ഏക ആശ്വാസം. എന്നാൽ അത് മീനിന് പകരമാവില്ലെന്ന്  തീരദേശ വാസികൾ ചൂണ്ടിക്കാട്ടുന്നു.

അവസരം മുതലെടുക്കാൻ ഇതര സംസ്ഥാനങ്ങളിൽ നിന്ന് പഴക്കം ചെന്ന കടൽമീനുകൾ വിപണിയിലേക്ക് എത്തുന്നുമുണ്ട്.  ഇടക്കാലത്ത് ചാള കിട്ടിയിരുന്നെങ്കിലും ഇപ്പോൾ കടലിൽ നിന്ന് ആകെ എത്തുന്നത് അയില മാത്രമാണ്. കിലോഗ്രാമിന് 120 രൂപയ്ക്കാണ് വിൽപന. അതുതന്നെ ഏറെ ഉണ്ടാവുകയുമില്ല. ചെമ്മീൻ കെട്ടുകളിൽ നിന്നും വളർത്തു കേന്ദ്രങ്ങളിൽ നിന്നും പ്രധാനമായും എത്തുന്നത് തിലാപ്പിയ, പൂമീൻ, കരിമീൻ എന്നിവയാണ്. തിലാപ്പിയക്ക് 220 രൂപ മുതൽ 250 രൂപ വരെയാണ് കിലോഗ്രാമിന്  വില. പൂമീന്  250 രൂപയും. 

വലുപ്പം കൂടിയവയാണെങ്കിൽ  ഇത് 300 നു മുകളിലേക്ക് നീങ്ങും. കരിമീൻ വില 500 രൂപയിൽ  മാറ്റമില്ലാതെ നിൽക്കുന്നു. എന്നാൽ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഇത്തരം മീനുകൾ ദിനംപ്രതി വാങ്ങി ഉപയോഗിക്കാൻ കഴിയില്ലെന്നതാണ് പ്രശ്നം. നോമ്പുകാലത്ത്  മീൻ വില കുറയാറാണ് പതിവെങ്കിൽ ഇക്കുറി അത് ഉണ്ടായിട്ടില്ല. വിഷു– ഈസ്റ്റർ വേളയിൽ മാറ്റം ഉണ്ടായില്ലെങ്കിൽ വില കുതിച്ചുയരാനുള്ള സാധ്യതയും നിലനിൽക്കുന്നു.

കടലിൽ ചാള ലഭ്യത വർധിച്ചാൽ മറ്റു  മീനുകളുടെ വില താനേ കുറയുമെന്ന് കച്ചവടക്കാർ പറയുന്നു. കേര തുടങ്ങിയ കടൽ മീനുകൾ പല മീൻതട്ടുകളിലും എത്തുന്നുണ്ടെങ്കിലും വരവ് ഇതര സംസ്ഥാനങ്ങളിൽ നിന്നാണ്. വിശ്വസിച്ച് വാങ്ങി  ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് കച്ചവടക്കാർ തന്നെ പറയുന്നു. പൊതുവേ വില കൂടി നിൽക്കുന്നതിനാൽ  തങ്ങൾക്ക് കിട്ടുന്ന ലാഭം കാര്യമായി കുറഞ്ഞിട്ടുണ്ടെന്നും അവർ പറഞ്ഞു.

നിലവിൽ  കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന ചെമ്മീനാണ് ഭക്ഷണത്തിൽ നിന്ന് മീൻ ഒഴിച്ച് നിർത്താൻ കഴിയാത്ത തീരദേശവാസികളുടെ ഏക ആശ്രയം. പുഴയിൽ നിന്ന് കൂടിയ അളവിൽ ലഭിക്കുന്നതിനാൽ നാരൻ ചെമ്മീനു വരെ വില ഇടിഞ്ഞ അവസ്ഥയാണ്. കയറ്റുമതി വിപണിയിലെ പ്രതിസന്ധി കൂടി ആയതോടെ വലിയ നാരനും കിലോഗ്രാമിന് 250 രൂപയ്ക്ക് കിട്ടും. നേരത്തെ വില 400 രൂപയായിരുന്നു. ചൂടൻ, തെള്ളി ഇനങ്ങളുടെ ലഭ്യത കുറവാണ്. വലുപ്പം തീരെ കുറവായതിനാൽ തെള്ളി ഉണക്കാനും പൊടിക്കാനുമായി കയറ്റി പോകുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com