ADVERTISEMENT

പറവൂർ ∙ വടക്കേക്കര പഞ്ചായത്തിന്റെ പടിഞ്ഞാറൻ വാലറ്റ പ്രദേശങ്ങളായ മാല്യങ്കര, ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട് ഭാഗങ്ങളിൽ 8 എട്ട് ദിവസമായി ശുദ്ധജലമില്ല. ജനപ്രതിനിധികളും പൊതു പ്രവർത്തകരും ചേർന്നു പറവൂർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു.ശുദ്ധജലം കിട്ടാത്തതു ജനജീവതം ദുസ്സഹമാക്കി. കുളിക്കാനും അലക്കാനും പാചകം ചെയ്യാനും കഴിയാത്ത അവസ്ഥയായി.

പലരും മറ്റു സ്ഥലങ്ങളിൽ പോയി കുടങ്ങളിലും മറ്റും വെള്ളം ശേഖരിച്ചു കൊണ്ടുവന്നാണ് ഉപയോഗിക്കുന്നത്. ചൊവ്വര ജലശുദ്ധീകരണ പ്ലാന്റിൽ നിന്നുള്ള പമ്പിങ് മുടങ്ങുന്നതും പറവൂരിലെ പമ്പിങ് സ്റ്റേഷനിൽ വൈദ്യുതി മുടങ്ങുന്നതും പൈപ്പ് ലൈനുകളിൽ അറ്റകുറ്റപ്പണികൾ വരുന്നതുമാണു ജലവിതരണം മുടങ്ങാൻ കാരണമെന്നു ജല അതോറിറ്റി അധികൃതർ ജനപ്രതിനിധികളെ അറിയിച്ചു.

മാല്യങ്കര, ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട് പ്രദേശങ്ങളിലുള്ളവർ പൂർണമായി പൈപ്പ് വെള്ളത്തെ ആശ്രയിക്കുന്നതിനാൽ ജലവിതരണം മുടങ്ങാതിരിക്കാൻ നടപടിയെടുക്കണമെന്നു ജനപ്രതിനിധികൾ ആവശ്യപ്പെട്ടു.മാല്യങ്കര, ചെട്ടിക്കാട്, കൊട്ടുവള്ളിക്കാട് മേഖലകൾ പറവൂരിൽ നിന്നു 10 കിലോമീറ്ററിലേറെ ദൂരമുള്ള സ്ഥലങ്ങളാണ്.

അതിനാൽ, പമ്പിങ്ങിന്റെ മർദം കുറഞ്ഞാലും ഇവിടേക്കു വെള്ളമെത്തില്ല. വൈദ്യുതി മുടങ്ങിയ ശേഷം പമ്പിങ് പുനരാരംഭിക്കുമ്പോൾ ഈ ഭാഗത്തേക്ക് വെള്ളമെത്താൻ കൂടുതൽ സമയമെടുക്കും. ജല അതോറിറ്റിയുടെ പമ്പ് ഹൗസിൽ പതിവായി വൈദ്യുതി മുടങ്ങുന്നതു പരിഹരിക്കുകയും മർദം കൂട്ടി പമ്പ് ചെയ്ത് വടക്കേക്കരയുടെ മേഖലകളിലേക്ക് വെള്ളമെത്തുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണമെന്നു ജനപ്രതിനിധികൾ പറഞ്ഞു.

പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്.സനീഷ് പഞ്ചായത്ത് അംഗങ്ങളായ പി.എം.ആന്റണി, ടി.ബി.ബിനോയ്, പി.ജി.ജിൽജോ, കോൺഗ്രസ് വടക്കേക്കര മണ്ഡലം പ്രസിഡന്റ് എം.ഡി.മധുലാൽ, സിപിഎം ലോക്കൽ സെക്രട്ടറി പി.ഡി.രാജീവ്, കാർഷിക വികസന ബാങ്ക് പ്രസിഡന്റ് എ.ഡി.ദിലീപ്കുമാർ തുടങ്ങിയവർ സമരത്തിനു നേതൃത്വം നൽകി.

ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ മേരി ഷീജ, മുനമ്പം കവല ജല അതോറിറ്റി അസിസ്റ്റന്റ് എൻജിനീയർ പി.പി.ജയ, ഓവർസീയർമാരായ സുനീഷ്കുമാർ, എ.എം.ജെസ്ന എന്നിവരുമായി നടത്തിയ ചർച്ചയിലെ ഉറപ്പുകളുടെ അടിസ്ഥാനത്തിലാണ് ഉപരോധം അവസാനിപ്പിച്ചത്. ‌ഒരു ദിവസത്തിനകം ശുദ്ധജലം എത്തിയില്ലെങ്കിൽ തുടർസമരവുമായി മുന്നോട്ടു പോകുമെന്നു വാർഡ് അംഗം പി.എം.ആന്റണി പറഞ്ഞു.

ഉപരോധിച്ചു
ജനപ്രതിനിധികളും പൊതുപ്രവർത്തകരും പറവൂർ ജല അതോറിറ്റി ഓഫിസ് ഉപരോധിച്ചു 

ആലങ്ങാട് നീറിക്കോട് മേഖലയിൽ വെള്ളം എത്തിക്കേണ്ട അവസ്ഥ
ആലങ്ങാട് ∙ നീറിക്കോട് മേഖലയിൽ ശുദ്ധജലക്ഷാമം അതിരൂക്ഷം. ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിൽ. ആശാരിപ്പള്ളം കോളനി പ്രദേശം, എം.വി. ആന്റണി റോഡ്, ഉണ്ണിമിശിഹാ കപ്പേളയ്ക്കു സമീപം, കോളനിപ്പടി തുടങ്ങിയ പ്രദേശത്തെ ഒട്ടേറെ കുടുംബങ്ങളാണ് ശുദ്ധജലം ലഭിക്കാത്തതിനെ തുടർന്നു ദുരിതത്തിലായിരിക്കുന്നത്.

സമീപപ്രദേശങ്ങളിലെ വീടുകളിലെ കിണറുകളിൽ നിന്നു ദൈനംദിന ആവശ്യങ്ങൾക്കായി വെള്ളമെത്തിച്ച് ഉപയോഗിക്കേണ്ട ഗതികേടിലാണെന്നു പലരും പറയുന്നു. കൂടാതെ പണം നൽകി ടാങ്കറുകളിൽ വെള്ളമെത്തിച്ച് ഉപയോഗിക്കുന്നവരും ഉണ്ട്. ഒട്ടേറെത്തവണ ജലഅതോറിറ്റി അധികൃതരോടു പരാതി പറഞ്ഞെങ്കിലും പ്രശ്നത്തിനു ശാശ്വത പരിഹാരമായിട്ടില്ല.

നീറിക്കോട് ഉണ്ണിമിശിഹാ കപ്പേളയ്ക്കു സമീപത്തെ പൊട്ടിക്കിടക്കുന്ന പൈപ്പ് പോലും കുറെ മാസങ്ങളായി നന്നാക്കിയിട്ടില്ലെന്നു പരാതിയുണ്ട്. ആലങ്ങാട് പഞ്ചായത്ത് പരിധിയിലെ ഉയർന്ന പ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും ഉള്ളവരും ശുദ്ധജലക്ഷാമം മൂലം ദുരിതത്തിലാണ്. നേരം പുലരും മുൻപേ പൈപ്പിൻ ചുവട്ടിലെത്തി കാത്തു നിന്നാലാണു കുറച്ചെങ്കിലും വെള്ളം കിട്ടുക.മുപ്പത്തടം പമ്പ് ഹൗസിൽ നിന്നാണ് ഇവിടേക്കു ജലവിതരണം നടക്കുന്നത്.

കഴിഞ്ഞ കുറെ മാസങ്ങളായി പലയിടത്തും കൃത്യമായി ശുദ്ധജലം ലഭിച്ചിട്ട്. മാസത്തിൽ ഭൂരിഭാഗം ദിവസവും ഇവിടത്തുകാർക്കു ജലം കിട്ടാക്കനിയാണ്.ഇനിയും ഈ അവസ്ഥ തുടർന്നാൽ ജനങ്ങളുടെ അവസ്ഥ കൂടുതൽ പരിതാപകരമാകുമെന്നും എത്രയും വേഗം ജനങ്ങളുടെ പ്രശ്നത്തിനു പരിഹാരം കാണണമെന്നും നീറിക്കോട് മഹാത്മാ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com