ചട്ടം കാറ്റിൽ പറത്തി പാച്ചിൽ; ലോറിയിൽ നിന്ന് മണ്ണും കല്ലും മെറ്റലും റോഡിൽ

Mail This Article
കോലഞ്ചേരി ∙ നിർമാണ സാമഗ്രികളുമായി പോകുന്ന ലോറിയിൽ നിന്ന് ഉൽപന്നങ്ങൾ റോഡിൽ വീഴുന്നത് യാത്രക്കാർക്കും വ്യാപാരികൾക്കും ശല്യമായി. സ്കൂൾ ജംക്‌ഷനിൽ ഇന്നലെ കോൺക്രീറ്റ് വീണത് സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തിൽ നീക്കം ചെയ്തു. ഉൽപന്നം കൊണ്ടുപോകുന്നവർ പരിഹാര ക്രിയകൾ ഒന്നും ചെയ്യാത്തതിൽ ശക്തമായ പ്രതിഷേധമുണ്ട്.കഴിഞ്ഞ ആഴ്ച ഇതേ സ്ഥലത്ത് ലോറിയിൽ നിന്ന് മണ്ണു വീണും ഗതാഗതത്തിനു ബുദ്ധിമുട്ടുണ്ടായി. അന്നു മണിക്കൂറുകളോളം പൊടി ശല്യമുണ്ടായി.
മണ്ണ്, കല്ല്, മെറ്റൽ, കോൺക്രീറ്റ് തുടങ്ങിയവയുമായി അലക്ഷ്യമായാണ് ലോറികൾ പോകുന്നത്. കിഴക്കൻ പ്രദേശത്തു നിന്ന് കൊച്ചി മേഖലയിലേക്ക് നൂറുകണക്കിനു ലോറികളാണ് നിർമാണ സാമഗ്രികളുമായി അമിത വേഗത്തിൽ പോകുന്നത്. രാവിലെ സ്കൂളിലേക്ക് കുട്ടികൾ വരുന്ന സമയത്തും വൈകിട്ട് വീട്ടിലേക്കു പോകുന്ന സമയത്തും ഭാരവണ്ടികൾ പോകുന്നതിനു നിയന്ത്രണമുണ്ടെങ്കിലും ചട്ടം കാറ്റിൽ പറത്തിയാണ് വണ്ടികളുടെ ഓട്ടം. മണ്ണും കോൺക്രീറ്റും റോഡിൽ വീണാൽ അൽപ സമയത്തിനകം പൊടിയായി മാറും. പൊടി ശല്യം വ്യാപാരത്തെ ബാധിക്കുന്നതായി കച്ചവടക്കാർ പറയുന്നു.