ADVERTISEMENT

കൊച്ചി ∙ കൊല്ലത്തു കേബിൾ ഇരുചക്രവാഹനത്തിൽ കുരുങ്ങി വീട്ടമ്മയ്ക്കു പരുക്കേറ്റ ദൃശ്യങ്ങൾ  ഞെട്ടലോടെയാണു കൊച്ചി നഗരവാസികൾ കണ്ടത്. കേബിൾ കുരുക്കിനും അതു വഴിയുള്ള അപകടങ്ങൾക്കും  കുപ്രസിദ്ധിയുള്ള കൊച്ചി നഗരത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും ഇനിയും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. നഗരത്തിൽ മുൻകാലങ്ങളിൽ കേബിൾ അപകടങ്ങളിൽപെട്ടവർക്കു ജീവൻ തിരിച്ചുകിട്ടിയതു ഭാഗ്യം കൊണ്ടു മാത്രമാണ്. കെഎസ്ഇബി തൂണുകളിലൂടെയുള്ള കേബിളുകൾ തിരിച്ചറിഞ്ഞ് 10 ദിവസത്തിനുള്ളിൽ കൃത്യമായി ടാഗ് ചെയ്യണമെന്നായിരുന്നു ഇക്കാര്യത്തിൽ ഹൈക്കോടതി ഉത്തരവ്.

ഇങ്ങനെ ടാഗ് ചെയ്യാത്ത കേബിളുകൾ നീക്കം ചെയ്യാൻ നടപടിയെടുക്കണം. ഇതിന്റെ അവശേഷിപ്പുകൾ തൂണുകളിൽ  ഉണ്ടാകരുതെന്നും കോടതി നിർദേശിച്ചിരുന്നു. കോർപറേഷൻ അംഗീകരിച്ച തൂണുകളിലൂടെയുള്ള കേബിളുകൾ ടാഗ് ചെയ്യണമെന്നും കെഎസ്ഇബിയുടെ ഉൾപ്പെടെ തൂണുകളിൽ സ്ഥാപിച്ചിട്ടുള്ള കേബിളുകൾ നിർദിഷ്ട സമയപരിധിക്കുശേഷം നീക്കം ചെയ്യാൻ നഗരസഭാ സെക്രട്ടറിക്ക് അധികാരമുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. 5 മീറ്ററിൽ താഴെയുള്ള കേബിളുകൾ നീക്കം ചെയ്യുമെന്നാണു കോർപറേഷൻ നിലപാട്. ടാഗിങ് ഫലപ്രദമാക്കാനുള്ള നിർദേശം കോർപറേഷൻ നൽകിയിട്ടുണ്ടെങ്കിലും പ്രധാനപ്പെട്ട കമ്പനികൾ മാത്രമേ അതു ചെയ്തിട്ടുള്ളൂ.

കെഎസ്ഇബിയുടെ പോസ്റ്റ് വഴി അനുമതിയില്ലാതെ വലിച്ചിട്ടുള്ള കേബിളുകളാണു കെഎസ്ഇബി നീക്കം ചെയ്യുന്നത്.  എന്നാൽ അനധികൃത കേബിളുകൾ നീക്കം ചെയ്യാൻ രംഗത്തിറങ്ങിയ കെഎസ്ഇബിക്കാകട്ടെ നിശ്ചിത സമയത്ത് അതു ചെയ്തു തീർക്കാനാകാത്ത വിധം കുരുക്കുകളാണു പലയിടത്തും .പാലാരിവട്ടം സെക്‌ഷനിൽ 3 ദിവസം കൊണ്ട് കേവലം ഒരു കിലോമീറ്ററിലേറെ കേബിൾ കുരുക്കുകൾ നീക്കാൻ ലക്ഷ്യമിട്ടു രംഗത്തിറങ്ങിയെങ്കിലും രണ്ടാഴ്ചയോളം വേണ്ടി വന്നു ഈ ജോലി പൂർത്തിയാക്കാൻ.  മാസങ്ങളെടുത്താലേ നഗരത്തിലെ കേബിൾ കുരുക്കിനു പരിഹാരം കാണാനാകൂ എന്നതാണു സ്ഥിതി. രാത്രിയിൽ നഗരത്തിലെ ഗോഡൗണുകളിലേക്കെത്തുന്ന ഭാരവാഹനങ്ങളിൽ കുടുങ്ങി, താണു കിടക്കുന്ന കേബിളുകൾ പൊട്ടിവീഴുന്നതും നഗരത്തിലെ ചെറുറോഡുകളിൽ പതിവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com